വൺ, ടു, ത്രീ, ഫോർ... നാല് ലോകകപ്പുകളുടെ പകിട്ടിൽ ടീം ഇന്ത്യ
text_fieldsരണ്ട് ഏകദിന ലോക കപ്പുകൾ, രണ്ട് ട്വന്റി20 ലോക കപ്പുകൾ... ഇന്ത്യൻ ക്രിക്കറ്റ് ടീം അജയ്യരായി മുന്നേറുകയാണ്. മുമ്പ് ഇന്ത്യൻ ടീമിൽ പലപ്പോഴും ഒരു കളിക്കാരനെ ആശ്രയിച്ചായിരുന്നു കാര്യങ്ങൾ. അതിൽനിന്ന് കളിയും ടീമും മാറിയെന്നതാണ് ഇന്ത്യൻ ടീമിന്റെ വർത്തമാനകാല ചിത്രം
ഒരു തലത്തിലും താഴോട്ടുപോകാതെ സ്ഥിരതയും മികവും തുടർന്ന് കിരീടനേട്ടത്തിലേക്ക് ബാറ്റുവീശി കയറിയ ടീം എന്നതാണ് രോഹിത് നയിച്ച ഇന്ത്യൻ സംഘം രാജ്യാന്തര ക്രിക്കറ്റിൽ ഇത്തവണ അടയാളപ്പെടുത്തുന്നത്. ടൂർണമെന്റിലുടനീളം ഒരാൾ തളരുമ്പോൾ സുരക്ഷയും പരിരക്ഷയും ഒരുക്കി മറ്റുള്ളവർ നിലയുറപ്പിച്ചായിരുന്നു ഇന്ത്യൻ കുതിപ്പ്. അവരിൽ എല്ലാ അർഥത്തിലും ഒന്നാമൻ ജസ്പ്രീത് ബുംറ തന്നെ. ഏത് പ്രതിസന്ധിയിലും വിശ്വസിച്ച് പന്ത് ഏൽപിക്കാവുന്ന, ഏത് സാഹചര്യത്തിലും ടീമിന് കാവലും കരുതലുമാകാവുന്ന താരം. പ്രതീക്ഷകൾക്കപ്പുറത്തെ പ്രകടനമികവുമായി നിറഞ്ഞുനിന്ന അക്സർ പട്ടേൽ ആയിരുന്നു മറ്റൊരാൾ. ബാറ്ററായും ബൗളറായും ഒരേ മികവിൽ താരം ടീമിനെ കൈപിടിച്ചു. ഫൈനലിൽ അക്സറിന്റെ പ്രകടനം പ്രത്യേകം പറയണം. തുടക്കത്തിലെ ചെറിയ തകർച്ചയിൽ രക്ഷകവേഷം നൽകിയായിരുന്നു ക്യാപ്റ്റൻ അക്സറിനെ ബാറ്റിങ് ഓർഡറിൽ പ്രമോട്ട് ചെയ്ത് അയക്കുന്നത്. ഭംഗിയായി ആ ദൗത്യം താരം നിർവഹിച്ചു. ക്ലാസൻ വെടിക്കെട്ട് കണ്ട മൈതാനത്ത് സമാനമായി ക്യാപ്റ്റൻ ഹാർദികിനെ വിളിക്കുന്നതും അയാളെ മടക്കി താരം കളി വരുതിയിലാക്കിയതും മറ്റൊരു ഉദാഹരണം. എക്കാലത്തും വിജയികളുടെ അവസാനചിരിയുമായി മടങ്ങാറുള്ള ടീമുകളിൽ നാം കാണുന്നതാണ് ഈ അനുഭവം. ക്രിക്കറ്റിലാകുമ്പോൾ ആസ്ട്രേലിയയാണ് പൊതുവെ പറയാറുള്ള ഉദാഹരണം. ഏത് ദിവസത്തിലും ഒരു ‘മാൻ ഫോർ ദി ഒക്കേഷൻ’ അവർക്ക് ഉണ്ടാകാറുള്ള കാലം. ആ വലിയ പരിവർത്തനത്തിലേക്ക് ഇന്ത്യൻ ടീം എത്തിയെന്നതു തന്നെ വിജയത്തിനു നിദാനം.
മുമ്പ് ഇന്ത്യൻ ടീമിൽ പലപ്പോഴും ഒരു കളിക്കാരനെ ആശ്രയിച്ചായിരുന്നു കാര്യങ്ങൾ. ഒരു കാലത്ത് ടെണ്ടുൽകറായെങ്കിൽ അതിനുമുമ്പ് കപിൽ ദേവ് ആയിരുന്നു. അതിൽനിന്ന് കളിയും ടീമും മാറിയെന്നതാണ് ഇന്ത്യൻ ടീമിന്റെ വർത്തമാന കാല ചിത്രം. ഇത്തവണ തുടക്കത്തിൽ എല്ലാ കണ്ണുകളും ഉടക്കിനിന്ന സീനിയർ താരം വിരാട് കോഹ്ലി ശരിക്കും പരാജയമായിപ്പോയി. പക്ഷേ, ആ ക്ഷീണം അറിയാതെയും അറിയിക്കാതെയും കൂടുതൽ കരുത്തോടെ നിറഞ്ഞാടാൻ മറ്റുള്ളവർക്കായെന്നതാണ് ഇന്ത്യൻ ടീമിന്റെ പുതുകാല വിശേഷം. വ്യക്തികേന്ദ്രീകൃതമാകുകയെന്ന വലിയ ഭീഷണി മാറി ഓരോരുത്തരും തങ്ങളുടെ നാളിലും സമയത്തും തിളങ്ങുമെന്ന് വന്നപ്പോൾ രോഹിത് ശർമക്ക് ക്യാപ്റ്റൻസി ശരിക്കും എളുപ്പമായി.
ക്യാപ്റ്റൻ രോഹിത്
കളിക്കാരനെന്ന നിലക്ക് രാജ്യം ഏറെയായി ബാറ്റിലേക്ക് കൺപാർത്തുനിൽക്കുന്ന താരമാണ് രോഹിത് ശർമ. ബാറ്റിങ് മികവ് നിലനിർത്തിയതിനൊപ്പം വിജയത്തിലേക്ക് തുറന്നുവെച്ച ക്യാപ്റ്റൻസികൂടിയായി അദ്ദേഹത്തിന് ഈ ലോകകപ്പ്. മുന്നിൽ തുറന്നുകിടക്കുന്ന സാധ്യതകൾ അറിഞ്ഞ് ചിരിച്ചുകൊണ്ട് മൈതാനത്ത് നിലയുറപ്പിച്ചു രോഹിത്. ഫീൽഡിങ് പൊസിഷനുകളിൽ ആളെ വെക്കുന്നതിൽ കാണിച്ച അസാമാന്യ മിടുക്കും എടുത്തുപറയണം. ഡീകോക്കിനെ പുറത്താക്കാൻ സ്ക്വയർ ലെഗിനും ഫൈൻ ലെഗിനുമിടയിൽ പ്രത്യേക സ്ഥാനത്ത് കുൽദീപ് യാദവിനെ നിർത്തുകയും താരം മനോഹരമായി ക്യാച്ചെടുത്ത് അയാളെ പുറത്താക്കുകയും ചെയ്യുന്നത് നാം കണ്ടു. ശരിയായി ഗൃഹപാഠം ചെയ്തെടുത്ത് മൈതാനത്ത് നടപ്പാക്കിയതാണ് ഇവയത്രയുമെന്ന് കളി കാണുമ്പോൾ നമുക്ക് മനസ്സിലാകും.
ദ്രാവിഡ് എന്ന വൻമതിൽ
ഇറങ്ങി ഇടപെടുന്നതിനു പകരം പാസിവ് റോളിലെന്ന് തോന്നിച്ച്, എന്നാൽ താരങ്ങൾക്കും ക്യാപ്റ്റനും അവരുടേതായ സ്വാതന്ത്ര്യം അനുവദിച്ച പരിശീലകൻ രാഹുലിന് കൂടിയുള്ളതാണ് ഈ കിരീട നേട്ടത്തിന്റെ ക്രെഡിറ്റ്. ട്വന്റി20യിൽ ഒരുകാലത്തും ഒരു നല്ല ബാറ്ററായിട്ടില്ല ദ്രാവിഡ്. ഡിഫെൻസിവ് രീതിയാണ് എക്കാലത്തും ബാറ്റിങ്ങിൽ താരം പിന്തുടർന്നുപോന്നിരുന്നത്. അങ്ങനെയൊരു ശൈലിക്ക് ഉടമയായിട്ടും വെടിക്കെട്ടിന്റെ പറുദീസയായ ട്വന്റി20യിലായപ്പോൾ കളിക്കാരെ അവരുടെ രീതിയിൽ ബാറ്റുവീശാൻ സ്വാതന്ത്ര്യം നൽകുന്നതായിരുന്നു ദ്രാവിഡിന്റെ ശൈലി. അതുൾപ്പെടെ തീരുമാനങ്ങളാണ് യഥാർഥത്തിൽ ഈ കിരീടസ്വപ്നം സഫലമാക്കിയത്.
സ്വരം നന്നാകുമ്പോൾ പാട്ടുനിർത്തുകയെന്നപോലെ ഏറ്റവും മികച്ച സമയത്ത് പരിശീലക കുപ്പായം അഴിച്ചുവെക്കുന്നുവെന്നതും ദ്രാവിഡിന്റെ സവിശേഷത. മുമ്പ് താരമായിട്ടും അനാവശ്യ വാക്കുകൾക്ക് അവസരം നൽകാതെയായിരുന്നു പടിയിറക്കം. ഒടുവിലിപ്പോൾ കോച്ചായും അങ്ങനെയൊരു വിശേഷ മുഹൂർത്തത്തിലാണ് മടക്കം. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തുടങ്ങി ഏകദിന ലോകകപ്പിലും ഫൈനൽ കളിച്ച ടീം ഒടുവിൽ ട്വന്റി20യിൽ കിരീടനേട്ടവുമായാണ് കരിയറിന് തിരശ്ശീലയിടുന്നത്.
അമേരിക്കയും പിച്ചുകളും
അമേരിക്കയെ ക്രിക്കറ്റിന്റെ മുഖ്യധാരയിലെത്തിക്കുന്നതിൽ വലിയ വിജയമായിരുന്നു ഈ ലോകകപ്പ്. 20 ടീമുകൾ പങ്കെടുക്കുക വഴി ശരിക്കും ഒരു ആഗോള സ്വഭാവം വന്ന വിശ്വപോരായിരുന്നു ഇത്. അതും 40ലേറെ അസോസിയേറ്റ് രാജ്യങ്ങൾ പങ്കെടുത്ത് അതിൽനിന്ന് ജയിച്ചുവന്ന ടീമുകളായിരുന്നു ഇത്തവണ കളിക്കാനെത്തിയത്. എന്നുവെച്ചാൽ ഏകദേശം 60 രാജ്യങ്ങളുടെ പങ്കാളിത്തം ഉണ്ടായെന്നത് തീർച്ചയായും വലിയ കാര്യമാണ്.
യു.എസിൽ കാര്യമായ പ്രചാരം കണ്ടെത്താൻ ഈ ലോകകപ്പിനായി എന്നതും വലിയ കാര്യം. അവിടെയുള്ള എന്റെ സുഹൃത്തുക്കളിൽനിന്ന് മനസ്സിലാക്കാനായത്, ബേസ്ബാളുമായി ഇതിനെ ബന്ധപ്പെടുത്താനാകുന്നുവെന്നതിനാൽ അമേരിക്കക്കാർ ക്രിക്കറ്റിനെ അതിവേഗം നെഞ്ചേറ്റിത്തുടങ്ങിയെന്നാണ്. ഓപൺ പാർക്കുകളിൽ ഇത് കാണിച്ചും സ്കോറുകൾ പ്രദർശിപ്പിച്ചും ജനകീയത അടയാളപ്പെടുത്തിയ കളികൾ. ക്രിക്കറ്റ് മറ്റു കളികളിൽനിന്ന് വ്യത്യസ്തമായി അതിനെക്കുറിച്ച് അറിയാത്തവർക്ക് ഒട്ടും ബോധിക്കാത്ത ബോറടിപ്പിക്കുന്ന കളിയാകും. എന്നാൽ, അറിയുന്നവർക്ക് ഓരോ ചെറു നിമിഷവും ആവേശം പകരുകയും ചെയ്യും. അമേരിക്കയിൽ ലോകകപ്പ് എത്തിയതോടെ പ്രാദേശികതലങ്ങളിൽ വരെ കളി സ്വീകരിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
അങ്ങനെയൊക്കെ ആകുമ്പോഴും ട്വന്റി20യിൽ നാം കാണാനാഗ്രഹിച്ചതൊന്നും ഇവിടെ ഉണ്ടായില്ലെന്ന വലിയ സത്യം തുറിച്ചുനോക്കുന്നുണ്ട്. 115 റൺസ് അടിച്ചാൽ ഒരു ടീമിന് ജയിക്കാം എന്ന അവസ്ഥ വന്നു. ട്വന്റി20യിൽ അത് ഒരിക്കലും ആശാസ്യമല്ല. ട്വന്റി20യെന്നാൽ കാണികൾക്ക് ആവേശം പകരാൻ സൃഷ്ടിക്കപ്പെട്ട ഒരു രൂപഘടനയാണ്. എന്റർടെയ്ൻമെന്റ് ആണ് അടിസ്ഥാന ലക്ഷ്യം. ഫൈനലൊഴികെ മിക്കവാറും മത്സരങ്ങൾ അത് സാക്ഷാത്കരിക്കുന്നതിൽ പരാജയമായി. സെമിയിൽ കുൽദീപ് യാദവ് ബൗൾ ചെയ്യുമ്പോൾ ബാറ്റ്സ്മാൻ വെറുതെ നോക്കിനിൽക്കുന്നത് നാം കണ്ടു. ബൗളർമാരെയും ബാറ്റർമാരെയും തുണക്കുന്നതാകാം പിച്ച്. എന്നാൽ, ഇവിടെ പ്രവചനാതീതമായ ബൗൺസും വേഗതയും വന്നാൽ ആ പിച്ച് ഒട്ടും നല്ലതല്ലെന്നാണ് അതിനർഥം. ചില പന്ത് താഴ്ന്നുപോകുകയും ചിലത് ചാടിപ്പോകുകയും ചെയ്തു. ഒരു ഐ.സി.സി മുൻനിര ടൂർണമെന്റിന്റെ വേദിയാകാൻ പോകുന്നുവെന്നത് രണ്ടുവർഷം മുമ്പ് അറിയുന്ന കാര്യമാണ്. ഫൈനൽ ഇത്രയും ആവേശകരമായത് ബാർബഡോസിൽ ഇത്രയും നല്ല ഒരു പിച്ച് ലഭിച്ചതുകൊണ്ട് മാത്രമാണ്.
മറുവശത്ത്, വേറെയും കൗതുകങ്ങൾ ഈ ലോകകപ്പ് നമുക്ക് നൽകി. ക്രിക്കറ്റ് ഭൂപടത്തിൽ എവിടെയുമില്ലാത്ത നേപ്പാൾ ദക്ഷിണാഫ്രിക്കയെ തോൽപിച്ചെന്ന് തോന്നിച്ചു. ഒറ്റ റണ്ണിനായിരുന്നു പ്രോട്ടീസ് കഷ്ടിച്ച് കടന്നുകൂടിയത്. നേപ്പാൾ മാത്രമല്ല, യു.എസും മികച്ച പ്രകടനവുമായി ശരിക്കും ഞെട്ടിച്ചു. കൂടുതൽ ടീമുകൾ ഒരേ മികവിൽ കളിക്കുകയും ഫൈനൽ അവസാന പന്തുവരെ ആവേശം നിലനിർത്തുകയും ചെയ്തതടക്കം പരിഗണിച്ചാൽ എന്തുകൊണ്ടും വൻ വിജയമാണ് ഈ ലോകകപ്പ്.
ഇതിഹാസങ്ങളുടെ പടിയിറക്കം
കുട്ടിക്രിക്കറ്റിന്റെ കളി മൈതാനങ്ങളിൽനിന്ന് വിരാട് കോഹ്ലി, രോഹിത് ശർമ, ജഡേജയടക്കം പ്രമുഖർ മടങ്ങിയതായിരുന്നു ലോകകപ്പിലെ മറ്റൊരു വിശേഷം. ടെസ്റ്റ് പോലെ ദീർഘമായ ഫോർമാറ്റല്ലാത്തതിനാൽ ഇവരുടെ പടിയിറക്കം ഇന്ത്യൻ ടീമിന് കാര്യമായ ആഘാതമേൽപിക്കില്ലെന്നു തന്നെയാണ് എന്റെ പക്ഷം. കപിൽദേവും സുനിൽ ഗവാസ്കറും കാലങ്ങളായി ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖങ്ങളാണ്. അത്രയും പ്രതിഭയും സ്ഥിരതയുമുള്ളവർക്കേ ടെസ്റ്റ് ഫോർമാറ്റിൽ നിലനിൽക്കാനാകൂ. എന്നാൽ, രോഹിതും വിരാടും പോലെ സ്ഥിരമായ 100ഉം 150ഉം കളികളിൽ നിലനിൽക്കുന്ന താരങ്ങൾ ട്വൻറി20യിൽ ഉണ്ടാകണമെന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. കൂടുതൽ പേർക്ക് അവസരം നൽകി ‘റൊട്ടേഷൻ’ ആയിരിക്കും ന്യൂനോർമൽ. അതത് സമയത്ത് ഫോമിലുള്ളവർ ടീമിലുണ്ടാകും. അല്ലാത്തവർ പുറത്താകും. അത് ടീമിനും കളിക്കും ദോഷം ചെയ്യില്ല.
ആഭ്യന്തര ക്രിക്കറ്റ് ഇന്ത്യയിൽ അത്ര ശക്തമാണ്. ഐ.പി.എൽ നടക്കുന്ന രാജ്യത്ത് പകരക്കാരെ തേടി ഏറെയൊന്നും അലയേണ്ടതില്ല. അത്രക്ക് സുഭദ്രമാണ് ഓരോ തലത്തിലും പിന്മുറക്കാർ. റിങ്കു സിങ്, റിയൻ പരാഗ് തുടങ്ങി എണ്ണമറ്റയാളുകൾ.
സഞ്ജുവെന്ന ഇന്ത്യൻ താരം
ഇന്ത്യൻ ടീമിൽ ഏറ്റവും മികച്ച താരങ്ങളിലൊരാളാകേണ്ട സഞ്ജുവും ലോകകപ്പ് ടീമിലുണ്ടായത് ഏറെ സന്തോഷകരമാണ്. ഏതൊരു താരത്തെയും വളർത്തിയെടുക്കേണ്ടത് അവരെ ടീമിൽ നിലനിർത്തിയാണ്. ഋഷഭ് പന്ത് തന്നെ മികച്ച ഉദാഹരണം. വൺ ഡൗണായി എത്തി പലപ്പോഴും മോശം പ്രകടനമായിട്ടും താരം നിലനിർത്തപ്പെടുന്നു. ആവശ്യമായ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നു. സഞ്ജുവിന് പക്ഷേ, നേരെ മറിച്ചാണ് കാര്യങ്ങൾ. പരമ്പരയിൽ വല്ലപ്പോഴും ഒരു കളിയിൽ അവസരമുണ്ടാകും. അതിൽ അടിച്ചില്ലെങ്കിൽ മാറ്റിനിർത്തപ്പെടും. പ്രായം 29 മാത്രമുള്ള ഈ അസാമാന്യ പ്രതിഭയെ നിലനിർത്താനാകണം. ലോകക്രിക്കറ്റിൽ മിക്ക താരങ്ങളും അവരുടെ 30കളുടെ തുടക്കത്തിൽ ഏറ്റവും നല്ല കളി കാഴ്ചവെച്ചവരാണ്. അങ്ങനെയൊരു പ്രായം സഞ്ജുവിലും കാത്തിരിക്കുന്നു.
സഞ്ജുവിന്റെ സാന്നിധ്യം മലയാളക്കരയിലും ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കാൻ പോന്നതാണ്. സചിൻ ബേബി പോലുള്ള നിരവധി പേർ നിലവിൽ കേരളത്തിൽ പ്രതിഭയും പ്രകടനവും ഒരേ മികവിലുള്ളവരാണ്. പുതുതലമുറയെ കൂടുതൽ ക്രിക്കറ്റ് ആവേശത്തിലേക്ക് ഉണർത്താൻ ഈ വിജയത്തിനൊപ്പം സഞ്ജുവിനുമാകും.
ഇന്ത്യക്കിനി വിജയം ഒരു ശീലം
ഈ ടീമിപ്പോൾ ലോക റാങ്കിങ്ങിൽ തുടർച്ചയായി ഒന്നാം സ്ഥാനത്ത് നിലനിൽക്കാവുന്ന ഒരു സംഘമാണ്. വിജയം ഒരു ശീലമാണെന്ന് പറയാറുണ്ട്. മുമ്പ് ആസ്ട്രേലിയ അങ്ങനെയായിരുന്നു. തോൽവിമുഖത്താകുമ്പോൾ ആരെങ്കിലും എത്തി ടീമിനെ വിജയിപ്പിക്കും. നേരെ മറിച്ചാണ് ദക്ഷിണാഫ്രിക്കയുടെ കാര്യം. വിജയത്തോളം എത്തിയാലും അവർ അന്തിമമായി തോൽവി ഏറ്റുവാങ്ങും. മാനസികനിലയാണ് അതിൽ പ്രധാനം. ജയിക്കാൻ തങ്ങൾക്കാകുമെന്ന ഉറപ്പ്. അത് നൽകുന്നതാണ് ഈ കിരീടം. മുമ്പ് 1983ൽ ഇന്ത്യ ലോകകപ്പ് നേടിയ കാലം. അതിന്റെ ആവേശവും അതു നൽകിയ മാനസികബലവും വെച്ച് 1985ൽ ലോക സീരിസ് കപ്പിലും ഇന്ത്യ ചാമ്പ്യന്മാരായി. ആ ടൂർണമെന്റിൽ അന്ന് രവിശാസ്ത്രി മാൻ ഓഫ് ദ സീരീസായി. സമാനമായി ഈ ജയം ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും. കൂടുതൽ കുട്ടികൾ ഈ മേഖലയിലേക്ക് ആകർഷിക്കപ്പെടും.
തയാറാക്കിയത്: കെ.പി. മൻസൂർ അലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.