കോഹ്‍ലിയെ മറികടന്ന് നാലാമനായി എത്തി; തീരുമാനത്തിന് പിന്നിൽ ഈ സൂപ്പർ താരമെന്ന് ഇഷാൻ കിഷൻ
text_fieldsവെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ വിരാട് കോഹ്‍ലിയെ മറികടന്ന് നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ എത്തിയത് വിക്കറ്റ് കീപ്പര്‍ ബാറ്റർ ഇഷാന്‍ കിഷനായിരുന്നു. ആദ്യ ഇന്നിങ്സിൽ ഏഴാമനായി എത്തിയ താരത്തിന്റെ നാലാമനായുള്ള വരവ് അപ്രതീക്ഷിതമായിരുന്നു. അവസരം മുതലാക്കിയ യുവതാരം അതിവേഗം അർധ സെഞ്ച്വറി നേടുകയും ചെയ്തു. നാലാമനായി എത്തിയതിന് പിന്നിൽ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ആദ്യ ഇന്നിങ്സിൽ 183 റൺസ് ലീഡ് നേടിയതിനാൽ രണ്ടാം ഇന്നിങ്സിൽ അതിവേഗം റൺസടിക്കുകയും വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിനയച്ച് വിജയം പിടിക്കുകയുമാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഓപണർമാരുടെ പ്രകടനം. ക്യാപ്റ്റൻ രോഹിത് ശർമ 44 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 57 റൺസും യശസ്വി ജയ്സ്വാൾ 30 പന്തിൽ ഒരു സിക്സും നാല് ഫോറുമടക്കം 38 റൺസും നേടി പുറത്തായപ്പോൾ ശുഭ്മാൻ ഗിൽ 37 പന്തിൽ 29 റൺസുമായി പുറത്താകാതെ നിന്നു.
എന്നാൽ, ധ്രുതഗതിയിൽ റണ്ണടിച്ചുകൂട്ടുന്നതിൽ കൂടുതൽ മിടുക്ക് കാട്ടിയത് ഇഷാൻ കിഷൻ ആയിരുന്നു. 34 പന്തിൽ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 52 റൺസുമായി താരം പുറത്താകാതെ നിന്നു. രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന താരത്തിന്റെ ആദ്യ അര്‍ധ സെഞ്ച്വറിയാണിത്. സിക്‌സോടെ കിഷന്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നിങ്സ് ഡിക്ലര്‍ ചെയ്യുകയും ചെയ്തു. ആദ്യ ഇന്നിങ്സിൽ 37 പന്തിൽ 27 റൺസാണ് താരം നേടിയിരുന്നത്. കോഹ്‍ലിക്ക് മുമ്പ് ക്രീസിലെത്തിയതോടെ ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന ആറാമത്തെ വിക്കറ്റ് കീപ്പർ ബാറ്ററായി കിഷന്‍. നയന്‍ മോംഗിയ, സയ്യിദ് കിര്‍മാനി, ഫാറൂഖ് എൻജിനീയര്‍, ബുദി കുന്ദേരന്‍, നരേന്‍ തമാനെ എന്നിവരാണ് മറ്റുതാരങ്ങള്‍.
തന്നെ നാലാം നമ്പറില്‍ കളിപ്പിക്കാൻ വിരാട് കോഹ്‍ലി തന്റെ സ്ഥാനം ഒഴിഞ്ഞുതരികയായിരുന്നെന്ന് കിഷന്‍ വെളിപ്പെടുത്തി. ‘എന്നെ സംബന്ധിച്ചിടത്തോളം സ്‌പെഷല്‍ ഇന്നിങ്സാണിത്. എന്നില്‍നിന്ന് എന്താണ് വേണ്ടതെന്ന് ടീമിന് നന്നായി അറിയാമായിരുന്നു. എല്ലാവരുടെയും പിന്തുണ എനിക്കുണ്ടായിരുന്നു. എന്നെ നാലാം നമ്പറില്‍ കളിപ്പിക്കാന്‍ തീരുമാനിച്ചത് വിരാട് കോഹ്‍ലിയാണ്. സ്വന്തം ശൈലിയില്‍ കളിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. അത് നല്ല തീരുമാനമായിരുന്നു. ചില സമയങ്ങളില്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. മഴയുടെ ഇടവേളക്ക് ശേഷമുള്ള 10-12 ഓവറുകളിൽ 70-80 റൺസ് നേടുകയും വെസ്റ്റിൻഡീസിന് 370-380 റൺസ് വിജയലക്ഷ്യം നൽകുകയുമായിരുന്നു ലക്ഷ്യം’, കിഷന്‍ പറഞ്ഞു. ഇതിന് പിന്നാലെ കോഹ്‍ലിയെ പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തി.
നേരത്തെ, ഋഷഭ് പന്ത് പരമ്പരക്ക് നല്‍കിയ പിന്തുണയെ കുറിച്ചും കിഷന്‍ വെളിപ്പെടുത്തി. ‘വെസ്റ്റിന്‍ഡീസിലേക്ക് വരുന്നതിന് മുമ്പ് ഞാന്‍ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു. ഋഷഭ് പന്തും അവിടെയുണ്ടായിരുന്നു. ഞാന്‍ എങ്ങനെയാണ് കളിക്കുന്നതെന്ന് അവന് നന്നായി അറിയാം. അണ്ടര്‍ 19 കളിക്കുന്നത് മുതലുള്ള പരിചയമാണത്. എൻ.സി.എയില്‍ ആരെങ്കിലും എനിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ തന്നിരുന്നെങ്കില്‍ എന്നുണ്ടായിരുന്നു. ഭാഗ്യവശാല്‍ പന്ത് അവിടെയുണ്ടായിരുന്നു. ഞാന്‍ ബാറ്റ് പിടിക്കുന്ന രീതിയെ കുറിച്ച് പന്ത് സംസാരിച്ചു’, കിഷന്‍ പറഞ്ഞു.
വെസ്റ്റിൻഡീസിന് 365 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. നാലാം ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 76 റൺസെന്ന നിലയിലാണ് ആതിഥേയർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.