പാകിസ്താനും ബംഗ്ലാദേശും പുറത്ത്; കിവീസിന് അഞ്ച് വിക്കറ്റ് ജയം, രചിൻ രവീന്ദ്രക്ക് സെഞ്ച്വറി
text_fieldsറാവൽപിണ്ടി: ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എയിലെ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ന്യൂസിലൻഡിന് അഞ്ച് വിക്കറ്റ് വിജയം. ബംഗ്ലാദേശ് ഉയർത്തിയ 137 റൺസിന്‍റെ വിജയലക്ഷ്യം കിവീസ് 46.1 ഓവറിൽ മറികടന്നു. സെഞ്ച്വറി നേടിയ രചിൻ രവീന്ദ്രയുടെ (112) ഇന്നിങ്സാണ് ന്യൂസിലൻഡിന്‍റെ വിജയത്തിൽ നിർണായകമായത്. വിക്കറ്റ് കീപ്പർ ബാറ്റർ ടോം ലാഥം (55) അർധ സെഞ്ച്വറി നേടി. നിർണായകമായ നാല് ബംഗ്ലാ വിക്കറ്റുകൾ പിഴുത കിവീസ് ബൗളർ മൈക്കൽ ബ്രേസ്‌വെലാണ് കളിയിലെ താരം. സ്കോർ: ബംഗ്ലാദേശ് - 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 236, ന്യൂസിലൻഡ് - 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 240.
ന്യൂസിലൻഡിന്‍റെ ജയത്തോടെ ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എയിൽനിന്ന് ആതിഥേയരായ പാകിസ്താനും ബംഗ്ലാദേശും പുറത്തായി. ന്യൂസിലൻഡിനൊപ്പം രണ്ട് മത്സരങ്ങളിൽ ജയിച്ച ഇന്ത്യയും സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചു. പാകിസ്താനും ബംഗ്ലാദേശും നേർക്കുനേർ ഏറ്റുമുട്ടുന്ന മത്സരത്തിൽ ഏത് ടീം ജയിച്ചാലും രണ്ട് പോയിന്‍റ് മാത്രമാണ് നേടാനാകുക. ഇതോടെ ഈ മത്സരം അപ്രസക്തമായി. പാകിസ്താനെയും ബംഗ്ലാദേശിനെയും ഇന്ത്യക്കും കിവീസിനും നിലവിൽ നാല് വീതം പോയിന്റുണ്ട്. റൺറേറ്റിൽ മുന്നിലുള്ള ന്യൂസിലൻഡാണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാമത്. ഇരു ടീമുകളും ഏറ്റുമുട്ടുന്ന മത്സരത്തിൽ ജയിക്കുന്നവർ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിൽ പ്രവേശിക്കും.
അതേസമയം ബംഗ്ലാദേശിനെതിരെ മറുപടി ബാറ്റിങ്ങിൽ കിവീസിന് സ്കോർ ബോർഡിൽ 15 റൺസ് ചേർക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. വിൽ യങ് റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോൾ, കെയ്ൻ വില്യംസന് അഞ്ച് റൺസ് മാത്രമാണ് സംഭാവന ചെയ്യാനായത്. ഡെവോൺ കോൺവെ 30 റൺസ് നേടി. ക്ഷമയോടെ കളിച്ച രചിൻ രവീന്ദ്ര, ടോം ലാഥത്തെ കൂട്ടുപിടിച്ച് ഇന്നിങ്സ് പടുത്തുയർത്തി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 129 റൺസ് കൂട്ടിച്ചേർത്തു.
സെഞ്ച്വറി നേടിയ രചിൻ രവീന്ദ്ര
39-ാം ഓവറിൽ സബ്സ്റ്റിറ്റ്യൂട്ടായെത്തിയ പർവേസ് ഹൊസൈന് ക്യാച്ച് സമ്മാനിച്ച് രചിൻ പുറത്തായി. 105 പന്തിൽ 12 ഫോറും ഒരു സിക്സും സഹിതം 112 റൺസാണ് താരം അടിച്ചെടുത്തത്. രാണ്ടോവർ പിന്നിടുന്നതിനിടെ 55 റൺസെടുത്ത ലാഥം റണ്ണൗട്ടായി. പിന്നീടൊന്നിച്ച ഗ്ലെൻ ഫിലിപ്സ് (21*), മൈക്കൽ ബ്രേസ്‌വെൽ (11*) എന്നിവർ ചേർന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
ബംഗ്ലാ ബാറ്റിങ് നിരയെ ചുരുട്ടിക്കെട്ടി മൈക്കൽ ബ്രേസ്‌വെൽ
മത്സരത്തിൽ ടോസ് നഷ്ടമായി ഇറങ്ങിയ ബംഗ്ലാദേശിന്‍റെ ബാറ്റിങ് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 236 റൺസിൽ അവസാനിച്ചു.അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ ഷാന്‍റോയാണ് (77) അവരുടെ ടോപ് സ്കോറർ. നാല് വിക്കറ്റ് പിഴുത കിവീസ് ബൗളർ മൈക്കൽ ബ്രേസ്‌വെലാണ് ബംഗ്ലാ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്.
വിക്കറ്റ് നേടിയ ബ്രേസ്‌വെലിനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു
ഭേദപ്പെട്ട തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചത്. ഓപണിങ് വിക്കറ്റിൽ 8.2 ഓവറിൽ 45 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് തൻസിദ് ഹസൻ (24) മടങ്ങിയത്. എന്നാൽ പിന്നാലെയെത്തിയവർ നിരാശപ്പെടുത്തി. മെഹ്ദി ഹസൻ (13), തൗഹിദ് ഹൃദോയ് (ഏഴ്), മുഷ്ഫിഖർ റഹീം (രണ്ട്), മഹ്മദുല്ല (നാല്) എന്നിവർ ചെറിയ സ്കോർ നേടി പുറത്തായി. എന്നാൽ ഒരറ്റത്ത് പിടിച്ചുനിന്ന നായകൻ ഷാന്‍റോ ബംഗ്ലാ ഇന്നിങ്സ് മുന്നോട്ടു നയിച്ചു. 110 പന്തിൽ 77 റൺസ് നേടിയ താരം 38-ാം ഓവറിലാണ് പുറത്തായത്.
റിഷാദ് ഹൊസൈൻ 26 റൺസ് നേടി. അർധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ജേക്കർ അലി 49-ാം ഓവറിൽ റണ്ണൗട്ടായി. 55 പന്ത് നേരിട്ട താരം മൂന്ന് ഫോറും ഒരു സിക്സും സഹിതം 45 റൺസാണ് നേടിയത്. പത്ത് റൺസ് നേടിയ ടസ്കിൻ അഹ്മദിന്‍റെ വിക്കറ്റും അവസാന ഓവറിൽ വീണു. മുസ്തഫിസുർ റഹ്മാൻ (മൂന്ന്*), നഹിദ് റാണ (പൂജ്യം*) എന്നിവർ പുറത്താകാതെ നിന്നു. ന്യൂസിലൻഡിനായി ബ്രേസ്‌വെൽ നാല് വിക്കറ്റ് നേടിയപ്പോൾ വിൽ ഒറൂക്ക് രണ്ടും മാറ്റ് ഹെന്റി, കെയ്‍ൽ ജാമിസൻ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.