ട്വന്‍റി20 ക്രിക്കറ്റിൽ ചരിത്രം കുറിച്ച് പാകിസ്താൻ; നേട്ടം കൈവരിക്കുന്ന ആദ്യ ടീം...
text_fieldsട്വന്‍റി20 ക്രിക്കറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി പാകിസ്താൻ. സിംബാബ്‍വെക്കെതിരെ ബുലവായോയിലെ ക്യൂൻസ് സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ട്വന്‍റി20യിലാണ് പാകിസ്താൻ റെക്കോഡ് കുറിച്ചത്.
മത്സരം 10 വിക്കറ്റിന് പാകിസ്താൻ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 12.4 ഓവറിൽ 57 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ 5.3 ഓവറിൽ വിക്കറ്റൊന്നും നഷ്ടമില്ലാതെ പാകിസ്താൻ ലക്ഷ്യത്തിലെത്തി. 18 പന്തിൽ 36 റൺസുമായി സായിം അയൂബും 15 പന്തിൽ 22 റൺസുമായി ഒമർ യൂസുഫുമാണ് ടീമിന് അനായാസ ജയം സമ്മാനിച്ചത്.
നേരത്തെ, സുഫിയാൻ മുഖീമിന്‍റെ തകർപ്പൻ സ്പിൻ ബൗളിങ്ങാണ് ആതിഥേയ ബാറ്റിങ്ങിനെ തകർത്തത്. 2.4 ഓവർ മാത്രം പന്തെറിഞ്ഞ താരം മൂന്നു റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. സിംബാബ്‍വെ നിരയിൽ ഓപ്പണർമാർ മാത്രമാണ് രണ്ടക്കം കടന്നത്. ബ്രെയിൻ ബെന്നറ്റ് 14 പന്തിൽ 21 റൺസും മരുമണി 14 പന്തിൽ 16 റൺസെടുത്തും പുറത്തായി. പിന്നീട് ക്രീസിലെത്തിയവർക്കൊന്നും നിലയുറപ്പിക്കാനായില്ല.
ഐ.സി.സിയുടെ മുഴുവൻ സമയ അംഗങ്ങളായ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ട്വന്‍റി20 മത്സരത്തിൽ പവർ പ്ലേയിൽ എതിരാളികളുടെ ലക്ഷ്യം മറികടക്കുന്ന ആദ്യ ടീമായി പാകിസ്താൻ. 2021ലെ ആസ്ട്രേലിയയുടെ റെക്കോഡാണ് പാകിസ്താൻ മറികടന്നത്. ബംഗ്ലാദേശിനെതിരെ 6.2 ഓവറിൽ ഓസീസ് ലക്ഷ്യത്തിലെത്തിയിരുന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ റൺ ചേസ് ഇംഗ്ലണ്ടിന്‍റെ പേരിലാണ്. 2024 ട്വന്‍റി20 ലോകകപ്പിൽ ഒമാൻ കുറിച്ച ലക്ഷ്യം 101 പന്തുകൾ ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ട് മറികടന്നത്. എന്നാൽ, ഒമാൻ ഐ.സി.സിയുടെ അസോസിയേറ്റ് അംഗമാണ്.
ട്വന്‍റി20 ക്രിക്കറ്റിൽ സിംബാബ്‍വെയുടെ ഏറ്റവും കുറഞ്ഞ സ്കോറാണ് 57. ഐ.സി.സി മുഴുവൻ സമയ അംഗ ടീമിന്‍റെ ഏറ്റവും കുറഞ്ഞ നാലാമത്തെ സ്കോറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.