ഇൻസി വീണ്ടും പാക് ക്രിക്കറ്റ് ബോർഡ് ചീഫ് സെലക്ടർ
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചീഫ് സെലക്ടറായി മുൻക്യാപ്റ്റൻ ഇൻസമാമുൽ ഹഖിനെ നിയമിച്ചു. രണ്ടാം തവണയാണ് ചീഫ് സെലക്ടർ സ്ഥാനത്തേക്ക് ഇതിഹാസ ബാറ്ററെ പരിഗണിക്കുന്നത്.
53 കാരനായ ഇൻസമാം 2016 നും 2019 നും ഇടയിലാണ് ആദ്യമായി ചീഫ് സെലക്ടർ സ്ഥാനം വഹിച്ചത്. അക്കാലത്താണ് പാക് ടീം 2017 ലെ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയതും പുറമെ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്നതും. 2019 ലെ ലോകകപ്പിനുള്ള പാകിസ്താൻ ടീമിനെയും ഇൻസമാം തന്നെയായിരുന്നു പ്രഖ്യാപിച്ചത്. ടീം സെമി കാണാതെ പുറത്തായെങ്കിലും ഒൻപത് മത്സരങ്ങളിൽ അഞ്ചും ജയിച്ച് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ഈ വർഷത്തെ ഏകദിന ലോകകപ്പിന് മുൻപ് 1992 ലോകകപ്പ് ജേതാവ് കൂടിയായ ഇൻസമാം ചീഫ് സെലക്ടറായി വരുന്നത് വരുന്നത് വലിയ പ്രതീക്ഷയോടെയാണ് വിലയിരുത്തുന്നത്. ലോകകപ്പിന് മുൻപ് ഏഷ്യാ കപ്പിനും അഫ്ഗാനിസ്താൻ ഏകദിന പരമ്പരക്കുള്ള ടീമിനെയും തെരഞ്ഞെടുക്കേണ്ടതുണ്ട്.
കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ ഹാറൂൺ റഷീദിന്റെ പിൻഗാമിയായാണ് ഇൻസമാം ചീഫ് സെലക്ടറായി എത്തുന്നത്. കഴിഞ്ഞയാഴ്ച നിയമിച്ച പി.സി.ബിയുടെ ക്രിക്കറ്റ് ടെക്‌നിക്കൽ കമ്മിറ്റിയിൽ ഇൻസമാം ഇനിയുണ്ടാകില്ല.
പാകിസ്താന് വേണ്ടി 378 ഏകദിനങ്ങളിൽ നിന്ന് 10 സെഞ്ച്വറികളും 83 അർധസെഞ്ച്വറികളും സഹിതം 39.52 ശരാശരിയിൽ 11739 റൺസാണ് ഇൻസമാം നേടിയത്. 120 ടെസ്റ്റുകളിൽ നിന്ന് 49.60 ശരാശരിയിൽ 25 സെഞ്ച്വറികളും 46 അർധ സെഞ്ച്വറികളും സഹിതം 8830 റൺസും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.