ഏകദിന റാങ്കിങ്ങ്: പാക്കിസ്ഥാൻ ഒന്നാമത്, ചരിത്രത്തിലാദ്യം
text_fieldsകറാച്ചി: ന്യൂസിലാൻറിനെതിരായി കറാച്ചിയിൽ നടന്ന നാലാം ഏകദിന മത്സരത്തിൽ 102 റൺസിന്റെ വിജയം നേടിയ പാക് ടീം ഏകദിന റാങ്കിങ്ങിൽ ഒന്നാമെതെത്തി. 2005 ജനുവരി മുതൽ ഐ.സി.സി ഔദ്യോഗികമായി റാങ്കിങ്ങ് നൽകാൻ തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് പാക് ടീം ലോക ഒന്നാം നമ്പർ ഏകദിന സ്ഥാനം ഉറപ്പിക്കുന്നത്.
ഏപ്രിൽ 27 ന് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ബാബർ അസമും കൂട്ടരും ഏകദിന റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തായിരുന്നു, ന്യൂസിലൻഡ് രണ്ടാം സ്ഥാനത്തായിരുന്നു.
ന്യൂസിലൻഡിനെതിരായ പരമ്പരയിലെ നാലാം മത്സരം പൂർത്തിയായതോടെ, ഓസ്‌ട്രേലിയ (113.286), ഇന്ത്യ (112.638) എന്നിവരെ മറികടന്ന് 113.483 റേറ്റിംഗ് പോയിന്റുമായി അവർ പട്ടികയിൽ ഒന്നാമതെത്തി. എന്നാൽ ഒന്നാം സ്ഥാനം നിലനിർത്താൻ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനം ജയിച്ചേ തീരൂ. തോറ്റാൽ അവർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം വീണ്ടെടുക്കുകയും ചെയ്യും.
വെള്ളിയാഴ്ച നടന്ന മത്സരത്തിൽ നായകൻ ബാബർ അസമിന്റെ സെഞ്ച്വറിയുടെ മികവിൽ (117 പന്തിൽ 107 റൺസ്) 50 ഓവറിൽ പാകിസ്ഥാൻ 334-6 റൺസെടുത്തു. മറുപടി ബാറ്റിംഗിനിങ്ങിയ കിവീസ് 43.4 ഓവറിൽ 232 റൺസിന് പുറത്താവുകയായിരുന്നു. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 5,000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡും ബാബർ അസം സ്വന്തമാക്കി.
അഞ്ചാമത്തെയും അവസാനത്തെയും ഏകദിനം ഞായറാഴ്ച കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ഈ മത്സരം ജയിക്കാനായാൽ പാക് ടീമിന് പരമ്പര തൂത്തുവാരുന്നതോടൊപ്പം റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.