സചിനോ ക്ലോഹിയോ അല്ല! പാക് താരത്തിന്‍റെ മഹാനായ ഇന്ത്യൻ ബാറ്ററെ അറിയണോ?
text_fieldsക്രിക്കറ്റ് ലോകം കണ്ട ഏക്കാലത്തെയും മികച്ച രണ്ടു ബാറ്റർമാരാണ് ഇതിഹാസം സചിൻ ടെണ്ടുൽക്കറും വിരാട് കോഹ്ലിയും. ടോപ് ബാറ്റിങ് റെക്കോഡുകളെല്ലാം ഈ രണ്ടു താരങ്ങളുടെ പേരിലാണെന്ന് നിസ്സംശയം പറയാം. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി (51) നേടിയ താരമാണ് സചിൻ. കഴിഞ്ഞ ലോകകപ്പിലാണ് സചിനെ മറികടന്ന് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡ് കോഹ്ലി (50) സ്വന്തമാക്കിയത്.
ഏകദിനത്തിലും ടെസ്റ്റിലും ലീഡിങ് റൺ സ്കോറർ സചിനാണെങ്കിൽ, ട്വന്‍റി20 ക്രിക്കറ്റിലെ റൺ സ്കോറർ കോഹ്ലിയും. എന്നാൽ, പാകിസ്താൻ പേസർ ജുനൈദ് ഖാന്‍റെ മഹാനായ ഇന്ത്യൻ ബാറ്റർ ഇവർ രണ്ടുപേരുമല്ല. നായകൻ രോഹിത് ശർമയാണ് ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ബാറ്ററെന്ന് ജുനൈദ് പറയുന്നു. കോഹ്ലിയാണോ, സചിനാണോ ഏറ്റവും മികച്ച ബാറ്ററെന്ന ചോദ്യത്തിന് ഇരുവർക്കും പകരമായി രോഹിത് ശർമയുടെ പേരാണ് ജുനൈദ് തെരഞ്ഞെടുത്തത്.
‘ഞാൻ രോഹിത് ശർമയാണെന്ന് പറയും. അവന്‍റെ ആവനാഴിയിൽ എല്ലാത്തരം ഷോട്ടുകളും ഉണ്ട്. ക്ലോഹി മികച്ച കളിക്കാരനാണ്. എന്നാൽ, വ്യത്യസ്തമായ ഒരു കാലഘട്ടത്തിൽ സചിൻ ബാറ്റ് ചെയ്ത രീതി നോക്കുമ്പോൾ, ഇന്നത്തെ സമയത്ത് അദ്ദേഹം നൂറിലധികം സെഞ്ച്വറികൾ നേടുമായിരുന്നു. രോഹിതിന്‍റെ അവിശ്വസനീയമായ 264 റൺസ് കാരണം എല്ലാവരും അദ്ദേഹത്തെ 'ഹിറ്റ്മാൻ' എന്നാണ് വിളിക്കുന്നത്. ഒന്നിലധികം ഇരട്ട സെഞ്ച്വറികളും (ഏകദിനത്തിൽ) താരം നേടിയിട്ടുണ്ട്. ഇത് അപൂർവമാണ്, കാരണം അവൻ ഒന്നിലധികം തവണ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ സിക്‌സറുകൾ അടിച്ചതും അദ്ദേഹമാണ്’ -ജുനൈദ് പറഞ്ഞു.
2022 ട്വന്‍റി20 ലോകകപ്പിനുശേഷം രോഹിത് കുട്ടിക്രിക്കറ്റിൽ വലിയ താൽപര്യം കാണിക്കുന്നില്ല. ഏകദിനത്തിലാണ് താരം കൂടുതൽ ശ്രദ്ധിക്കുന്നത്. താരത്തിന്‍റെ അഭ്യർഥനയെ തുടർന്ന് ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്‍റെ ഭാഗമായുള്ള ട്വന്‍റി20, ഏകദിന ടീമുകളിൽനിന്ന് രോഹിത്തിനെ ഒഴിവാക്കിയിരുന്നു. എന്നാൽ, രണ്ടു ടെസ്റ്റ് മത്സരങ്ങളിൽ താരം കളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.