'അതുപോലൊരു കളിക്കാരൻ ഇല്ലാത്തതാണ് പാകിസ്താന്റെ പ്രശ്നം'; ഇന്ത്യൻ താരത്തെ പ്രകീർത്തിച്ച് മുൻ പാക് പേസർ
text_fieldsകറാച്ചി: ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പർ ഫോറിൽ ഇന്ത്യയും പാകിസ്‍താനും ഏറ്റുമുട്ടാനിരിക്കേ, ഇരുടീമിനെയും താരതമ്യം ചെയ്ത് മുൻ പാക് പേസർ. പരിക്കു കാരണം രവീന്ദ്ര ജദേജ ടീമിൽനിന്ന് പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായെങ്കിലും പാകിസ്താനെതിരെ ഇന്ത്യക്ക് മുൻതൂക്കമുണ്ടെന്ന് നിരീക്ഷിക്കുകയാണ് മുൻ പേസ് ബൗളറായ ആക്വിബ് ജാവേദ്.
ഇന്ത്യൻ ടീമിൽ പോരാളിയായ ഒരു കളിക്കാരന്റെ സാന്നിധ്യമാണ് അതിന് വഴിയൊരുക്കുന്നതെന്നാണ് ആക്വിബിന്റെ പക്ഷം. അത്തരമൊരു കളിക്കാരൻ തങ്ങളുടെ അണിയിൽ ഇല്ലെന്നതാണ് പാകിസ്താൻ നേരിടുന്ന വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തകർപ്പൻ ഫോമിലുള്ള ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ആക്വിബ് ചൂണ്ടിക്കാട്ടുന്ന ആ സവിശേഷ താരം. തങ്ങളുടെ ട്വന്റി20 ടീമിൽ അത്തരമൊരു കളിക്കാരൻ ഇല്ലെന്നത് പാകിസ്താന്റെ പോരായ്മയാണെന്നും അദ്ദേഹം പറയുന്നു.
'ഇന്ത്യയുടെ പ്രധാന മുൻതൂക്കം അവർക്ക് ഹാർദിക് പാണ്ഡ്യ ഉണ്ടെന്നുള്ളതാണ്. പാകിസ്താന് അതുപോലൊരു ഓൾറൗണ്ടർ ഇല്ല. ഞങ്ങളുടെ കാലത്ത് പാക് ടീമിൽ അബ്ദുറസാഖിന്റേതു പോലെ ഏറെ സ്വാധീനം ചെലുത്തുന്ന സാന്നിധ്യമാണ് ഇന്ത്യൻ ടീമിൽ പാണ്ഡ്യയുടേത്.' -ജിയോ സൂപ്പർ ചാനലിൽ നടന്ന ചർച്ചക്കിടെ ആക്വിബ് വിലയിരുത്തി.
'ട്വന്റി20യിൽ വളർച്ച പ്രാപിക്കണമെങ്കിൽ പാണ്ഡ്യയെപ്പോലൊരു ഓൾറൗണ്ടറെ പാകിസ്താൻ എത്രയും പെട്ടെന്ന് കണ്ടെത്തണം. ഇന്ത്യക്ക് ജദേജയും പാണ്ഡ്യയും ഉള്ളതുപോലെ എത്ര ഓൾറൗണ്ടർമാർ ഉണ്ടെന്നതാണ് ട്വന്റി20യിൽ നിർണായകമാവുക. ഇന്ത്യയുടെ മുൻതൂക്കം അതാണ്. പാകിസ്താന്റെ പോരായ്മയും' -ആക്വിബ് ചൂണ്ടിക്കാട്ടി. പേസ് ബൗളിങ്ങിൽ പാകിസ്താന് കരുത്തുണ്ടെന്ന് വിലയിരുത്തിയ അദ്ദേഹം ബാറ്റിങ് ലൈനപ്പിലാണ് പ്രശ്നങ്ങളുള്ളതെന്നും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.