ഏഷ്യ കപ്പിൽ പങ്കെടുത്തില്ലെങ്കിൽ ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിൽ പാകിസ്താനും കളിക്കില്ല!
text_fieldsഅടുത്ത വർഷം ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിൽനിന്ന് പാകിസ്താൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്. 2023ൽ പാകിസ്താനിൽ നടക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്‍റിനായി ഇന്ത്യൻ ടീം പോകില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറി ജെയ് ഷാ പറഞ്ഞിരുന്നു.
മുംബൈയില്‍ നടന്ന ബി.സി.സി.ഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി കൂടിയായ ജെയ് ഷാ ഇക്കാര്യം അറിയിച്ചത്. ഏഷ്യ കപ്പിൽ പങ്കെടുക്കാന്‍ ടീം ഇന്ത്യയെ അയക്കാന്‍ ബി.സി.സി.ഐ തയാറാകുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.
ഷായുടെ പ്രസ്താവനക്കുള്ള മറുപടിയായി പാക് ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്ന ഓപ്ഷനുകളിലൊന്ന് 2023ൽ ഇന്ത്യയിൽ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിൽനിന്ന് പിന്മാറുകയെന്നതാണെന്ന് പി.സി.ബി ചെയർമാൻ റമീസ് രാജയോട് അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു.
വിഷയത്തിൽ ശക്തമായ തീരുമാനമെടുക്കാനാണ് പാക് ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൾട്ടി-ടീം ഇവന്റുകളിൽനിന്ന് പാകിസ്താൻ പിന്മാറുന്നത് ഐ.സി.സിക്കും എ.സി.സിക്കും വാണിജ്യ ബാധ്യതയും നഷ്ടങ്ങളും വരുത്തുമെന്ന വിലയിരുത്തലിലാണ് പാകിസ്താൻ. എന്നാൽ, വിഷയത്തിൽ ഇതുവരെ പാക് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2008ലെ ഏഷ്യ കപ്പിനുശേഷം ഇന്ത്യ പാക് മണ്ണിൽ ഇതുവരെ ക്രിക്കറ്റ് കളിച്ചിട്ടില്ല. രാഷ്ട്രീയ കാരണങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായതോടെയാണ് ഇന്ത്യ പാകിസ്താനുമായുള്ള പരമ്പരകൾ നിർത്തിവെച്ചത്. 2012ലാണ് പാകിസ്താൻ അവസാനമായി ഇന്ത്യയിൽ കളിക്കാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.