നെപ്പോ കിഡ്...! അസം ഖാനെ കൊന്നു കൊലവിളിച്ച് പാക് ആരാധകർ
text_fieldsലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്‍റി20യിൽ മോശം പ്രകടനത്തിൽ പാക് വിക്കറ്റ് കീപ്പർ ബാറ്റർ അസം ഖാനെ കൊന്നു കൊലവിളിച്ച് ആരാധകർ. മത്സരത്തിൽ അഞ്ചു പന്തുകൾ നേരിട്ടിട്ടും റണ്ണൊന്നും എടുക്കാതെ പുറത്തായ താരം, കീപ്പിങ്ങിനിടെ രണ്ടു അനായാസ ക്യാച്ചുകളും വിട്ടുകളഞ്ഞിരുന്നു.
ട്വന്‍റി20 ലോകകപ്പ് സ്ക്വാഡിലുള്ള താരം, പരമ്പരയിൽ തീർത്തും നിരാശപ്പെടുത്തി. മുൻ പാക് താരം മോയിൻ ഖാന്റെ മകനാണ് അസം. മോശം പ്രകടനത്തിനിടയിലും താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത് വലിയ ആരാധക രോഷത്തിന് കാരണമായിട്ടുണ്ട്. മോയിൻ ഖാന്റെ മകനാണെന്ന പ്രിവിലേജിലാണ് അസം ലോകകപ്പ് ടീമിൽ കയറിപ്പറ്റിയതെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.
നാലു മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പര ഇംഗ്ലണ്ട് 2-0ത്തിന് സ്വന്തമാക്കി. രണ്ടു മത്സരങ്ങൾ മഴമൂലം ഉപേക്ഷിച്ചിരുന്നു. ഓവലിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ പാകിസ്താനെ ഏഴു വിക്കറ്റിനാണ് ഇംഗ്ലണ്ട് തകർത്തത്.
മാർക്ക് വുഡിന്റെ ഒരു കിടിലൻ പന്തിൽ സംപൂജ്യനായാണ് അസം പുറത്തായത്. ഫീൽഡിൽ നിരവധി സുവർണാവസരങ്ങളും താരം നഷ്ടപ്പെടുത്തി. വിക്കറ്റിന് പിന്നില്‍ ഫില്‍ സാള്‍ട്ടിനേയും വില്‍ ജാക്സിനേയും അനായാസം കൈപ്പിടിയിലൊതുക്കാമായിരുന്നിട്ടും താരത്തിനുനേരെ വന്ന പന്തുകൾ വിട്ടുകളഞ്ഞു. താരത്തെ ടീമിൽ എടുത്തത് സ്വജനപക്ഷപാതത്തിന്‍റെ മകുടോദാഹരണമാണെന്ന് ഒരു ആരാധകൻ എക്സിൽ കുറിച്ചു. നിരവധി താരങ്ങൾ അവസരം കിട്ടാതെ പുറത്തിരിക്കുമ്പോഴാണ് അസമിനെ പോലെയുള്ള താരങ്ങൾ ടീമിൽ ഇടംപിടിക്കുന്നതെന്നും ആരാധകർ പറയുന്നു.
‘രാജ്യത്തെ സ്വജനപക്ഷപാതത്തിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് അസം ഖാൻ. രാജ്യത്തെ എല്ലാ ഡിപ്പാർട്ട്മെന്റുകളിലും ഈ ദുഷ് പ്രവണത അടക്കി വാഴുന്നുണ്ട്. അയാളെ ടീമിലെടുക്കാനായി നിലകൊണ്ട മുഴുവൻ ആളുകളേയും കുറ്റം ചുമത്തി ശിക്ഷിക്കണം. ഇതൊരു ക്രിമിനൽ നടപടിയാണ്. ലളിതമായി കാണരുത്’ -ഒരു ആരാധകൻ എക്സിൽ കുറിച്ചു. അസം ഖാൻ അന്താരാഷ്ട്ര ക്രിക്കറ്റിന് നാണക്കേടാണെന്ന് മറ്റൊരു ആരാധകൻ കുറിച്ചു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 19.5 ഓവറിൽ 157 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 15.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഓപ്പണർമാരായ ഫിൽ സാൾട്ടിന്‍റെയും (24 പന്തിൽ 45) ജോസ് ബട്ലറുടെയും (21 പന്തിൽ 39) വെടിക്കെട്ട് തുടക്കമാണ് ആതിഥേയരുടെ വിജയം അനായാസമാക്കിയത്. ഇരുവരും 6.2 പന്തിൽ 82 റൺസാണ് അടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.