ദക്ഷിണാഫ്രിക്കയെ അവരുടെ മണ്ണിൽ തൂത്തുവാരി പാകിസ്താൻ; പിറന്നത് പുതു ചരിത്രം!
text_fieldsഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തൂത്തുവാരി പാകിസ്താൻ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മൂന്നും വിജയിച്ചാണ് പാകിസ്താൻ ചരിത്രം കുറിച്ചത്. ഒരു ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ അവരുടെ മണ്ണിൽ വൈറ്റ് വാഷ് ചെയ്യുന്ന ആദ്യ ടീമാണ് പാകിസ്താൻ. ഡി.എൽ.എസ് നിയമപ്രകാരം 36 റൺസിനാണ് പാകിസ്താൻ മൂന്നാം മത്സരത്തിൽ വിജയിക്കുന്നത്.
മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 309 റൺസെടുത്തു. മറുപടി ബാറ്റ് ചെയ്യാനിറിങ്ങിയ ദക്ഷിണാഫ്രിക്ക 42 ഓവറിൽ 271 റൺസ് നേടി എല്ലാവരും പുറത്തായി. അഞ്ചാമനായെത്തിയ ഹെയ്ൻ റിച്ച് ക്ലാസൻ 81 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. 43 പന്തിൽ 12 ഫോറും രണ്ട് സിക്സറുമടിച്ചാണ് ക്ലാസൻ 81 റൺസ് സ്വന്തമാക്കിയത്. കോർബിൻ ബോസ്ക്ക് 40റൺസ് നേടി. പാകിസ്താനായി പുതുമുഖ താരം സുഫിയാൻ മുഖീം നാല് വിക്കറ്റ് നേടി. ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ സെഞ്ച്വറി നേടിയ യുവതാരം ഓപ്പണിങ് ബാറ്റർ സയ്യിം അയ്യൂബാണ് പാകിസ്താനെ മികച്ച ടോട്ടലിലെത്തിച്ചത്. 94 പന്ത് നേരിട്ട ഓപ്പണിങ് ബാറ്ററായ അയ്യൂബ് 13 ഫോറും രണ്ട് സിക്സറുമടക്കം 101 റൺസ് നേടി. ക്യപ്റ്റൻ മുഹമ്മദ് റിസ്വാൻ 53 റൺസും മുൻ നായകൻ ബാബർ അസം 52 റൺസും നേടി മികച്ച പിന്തുണ നൽകി. ഫിനിഷിങ് ലൈനിൽ 33 പന്തിൽ 48 റൺസ് നേടിയ സൽമാൻ അലി അഖയും 28 റൺസ് നേടിയ തയ്യബ് താഹിറും പാകിസ്താനെ മികച്ച സ്കോറിലെത്തിക്കാൻ സഹായിച്ചു.
ദക്ഷിണാഫ്രിക്കക്കായി കഗീസോ റബാഡ മൂന്ന് വിക്കറ്റ് നേടിയപ്പോൾ മാർക്കോ യാൻസൻ, ബിയോൺ ഫോർടുയിൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്‍റി-20 പരമ്പരയിൽ 2-0ത്തിന് ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.