'ബാസ്ബോൾ' മരിച്ചു, പാകിസ്താൻ കൊന്നു!' ഏറെ നാളുകൾക്ക് ശേഷം സ്വന്തം മണ്ണിൽ പരമ്പര നേടി പാകിസ്താൻ
text_fieldsഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിലും വിജയിച്ച് പരമ്പര നേടി പാകിസ്താൻ. ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം തുടർച്ചയായി രണ്ട് മത്സരം വിജയിച്ചാണ് പാകിസ്താൻ പരമ്പര നേടിയത്. 36 റൺസിന്‍റെ വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ പാകിസ്താൻ മറികടക്കുകയായിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് ഷാൻ മസൂദും സംഘവും സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര നേടുന്നത്.
ഷാൻ മസൂദിന്‍റെ കീഴിൽ പാകിസ്താന്‍റെ ആദ്യ പരമ്പര നേട്ടം കൂടിയാണ് ഇത്. 2021ന് ശേഷം ആദ്യമായാണ് പാകിസ്താൻ സ്വന്തം തട്ടകത്തിൽ ഒരു പരമ്പര വിജയം സ്വന്തമാക്കുന്നത്. നേരത്തെ മൂന്നിന് 24 എന്ന നിലയിലാണ് മൂന്നാം ദിനം ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചത്. എന്നാൽ, 112 റൺസിന് ഇംഗ്ലണ്ട് ഓൾഔട്ടാകുകയായിരുന്നു. 33 റൺസ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ .
സ്പിൻ കുരുക്കിലാണ് പാകിസ്താൻ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. നുഅ്മാൻ അലി ആറും സാജിദ് ഖാൻ നാലും വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ 36 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്താൻ 3.1 ഓവറിൽ ലക്ഷ്യത്തിലെത്തി. ആറ് പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 23 റൺസെടുത്ത് പുറത്താകാതെ ഷാൻ മസൂദാണ് വിജയം വേഗത്തിലാക്കിയത്. എട്ട് റൺസെടുത്ത സയ്യീം അയ്യൂബ് പുറത്തായി. അഞ്ച് റൺസെടുത്ത അബ്ദുല്ല ഷെഫീക്കും മസൂദിനൊപ്പം പുറത്താകാതെ നിന്നു.
ഒന്നാമിന്നിങ്സിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 267 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 344 റൺസ് സ്വന്തമാക്കി. 134 റൺസ് നേടിയ സൗദ് ഷക്കീലാണ് പാകിസ്താന് ലീഡ് നേടിക്കൊടുത്തത്. ഇംഗ്ലണ്ടിനായി സ്പിന്നർ റഹ്മാൻ അഹമദ് നാലും ഷുഹൈബ് ബഷീർ മൂന്നും വിക്കറ്റ് വീഴ്ത്തി.
നേരത്തേ, ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ഇന്നിങ്സിനും 47 റൺസിനുമാണ് വിജയിച്ചത്. എന്നാൽ, രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ പാകിസ്താൻ 152 റൺസിന്‍റെ മികച്ച വിജയം നേടി പരമ്പര സമനിലയാക്കി. മൂന്നാം മത്സരത്തിലും ജയിച്ചതോടെ പാകിസ്താൻ പരമ്പര സ്വന്തമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.