ഹാരിസ് റൗഫിനു മൂന്നു വിക്കറ്റ്; നെതർലൻഡ്സിനെതിരെ പാകിസ്താന് 81 റൺസ് ജയം
text_fieldsഹൈദരാബാദ്: ലോകകപ്പ് പോരാട്ടം ജയത്തോടെ തുടങ്ങി പാകിസ്താൻ. ദുർബലരായ നെതർലൻഡ്സിനെ 81 റൺസിനാണ് ബാബറും സംഘവും പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 49 ഓവറിൽ 286 റൺസിന് ഓൾ ഔട്ടായിരുന്നു.
മറുപടി ബാറ്റിങ്ങിൽ ആദ്യമൊന്ന് വിറപ്പിച്ചെങ്കിലും നെതർലൻഡ്സിന്‍റെ ഇന്നിങ്സ് 41 ഓവറിൽ 205 റൺസിന് അവസാനിച്ചു. നെതർലൻഡ്സിനായി ഓപ്പണർ വിക്രംജിത്ത് സിങ്ങും (67 പന്തിൽ 52) ബാസ് ദെ ലീഡെയും (68 പന്തിൽ 67) അർധ സെഞ്ച്വറി നേടി. ലോഗൻ വാൻ ബീക് 28 റൺസെടുത്ത് പുറത്താകാതെ നിന്നു. മറ്റു ബാറ്റർമാർക്കൊന്നും പേരുകേട്ട പാക് ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
ഒരുഘട്ടത്തിൽ 23.5 ഓവറിൽ മൂന്നു വിക്കറ്റിന് 120 റൺസെടുത്ത് നെതർലൻഡ്സ് ഭേദപ്പെട്ട നിലയിലായിരുന്നു. മാക്സ് ഒ ദൗഡ് (12 പന്തിൽ അഞ്ച്), കോളിൻ അക്കർമാൻ (21 പന്തിൽ 17), തേജ നിദമാനുരു (ഒമ്പത് പന്തിൽ അഞ്ച്), സ്കോട്ട് എഡ്വാർഡസ് (പൂജ്യം), സാഖിബ് സുൽഫീക്കർ (18 പന്തിൽ 10), റൊയലോഫ് വാൻ ഡെർ മെർവെ (ഏഴു പന്തിൽ നാല്), ആര്യൻ ദത്ത് (രണ്ടു പന്തിൽ ഒന്ന്), പോൾ വാൻ മീകെരേൻ (12 പന്തിൽ ഏഴ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
പാകിസ്താനുവേണ്ടി ഹാരിസ് റൗഫ് മൂന്നും ഹസൻ അലി രണ്ടും വീതം വിക്കറ്റ് വീഴ്ത്തി. ഷഹീൻ അഫ്രീദി, ഇഫ്ത്തിഖാർ അഹ്മദ്, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ, മുഹമ്മദ് റിസ്‍വാന്‍റെയും സൗദ് ഷക്കീലിന്‍റെയും അർധ സെഞ്ച്വറി പ്രകടനമാണ് പാകിസ്താനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ടീം 38 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ ഫഖർ സമാൻ (15 പന്തിൽ 12 റൺസ്), ഇമാമുൽ ഹഖ് (19 പന്തിൽ 15), നായകൻ ബാബർ അസം (18 പന്തിൽ അഞ്ച്) എന്നിവർ വേഗത്തിൽ മടങ്ങിയതോടെ പാകിസ്താൻ പ്രതിരോധത്തിലായി. എന്നാൽ, നാലാം വിക്കറ്റിൽ റിസ്‍വാനും ഷക്കീലും ചേർന്ന സെഞ്ച്വറി കൂട്ടുകെട്ടാണ് ടീം സ്കോർ 150 കടത്തിയത്. റിസ്‍വാൻ 75 പന്തിൽ 68 റൺസെടുത്തും ഷക്കീൽ 52 പന്തിൽ 68 റൺസെടുത്തുമാണ് പുറത്തായത്. ഇഫ്ത്തിഖാർ അഹ്മദിനും (11 പന്തിൽ ഒമ്പത്) ക്രീസിൽ നിലയുറപ്പിക്കാനായില്ല.
പിന്നാലെ മുഹമ്മദ് നവാസും (43 പന്തിൽ 39) ഷദാബ് ഖാനും (34 പന്തിൽ 32) ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഹസൻ അലി (പൂജ്യം), ഹാരിസ് റൗഫ് (14 പന്തിൽ 16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 13 റൺസുമായി ഷഹീൻ അഫ്രീദി പുറത്താകാതെ നിന്നു.
നെതർലൻഡ്സിനായി ബാസ് ദെ ലീഡെ നാലു വിക്കറ്റ് നേടി. കോളിൻ അക്കർമാൻ രണ്ടു വിക്കറ്റും ആര്യൻ ദത്ത്, ലോഗൻ വാൻ ബീക്, പോൾ വാൻ മീകെരേൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നേടിയ നെതർലൻഡ്സ് പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.