എറിഞ്ഞൊതുക്കി, അടിച്ചിട്ടു! 22 വർഷത്തിന് ശേഷം ഓസീസ് മണ്ണിൽ പരമ്പര തിളക്കവുമായി പാക് പട
text_fieldsപുതിയ നായകന് കീഴിൽ ചരിത്രം തിരുത്തികുറിച്ചുകൊണ്ട് പാകിസ്താൻ ക്രിക്കറ്റ് ടീം. ആസ്ട്രേലിയക്കെതിര അവരുടെ നാട്ടിൽ നടന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര സ്വന്തമാക്കിയാണ് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന് കീഴിൽ പാകിസ്താൻ ക്രിക്കറ്റ് അവരുടെ ഏകദിന തിരിച്ചുവരവ് ആഘോഷിക്കുന്നത്. ബംഗ്ലാദേശിനെതിരെ സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര നഷ്ടമായതിന് ശേഷം ഇംഗ്ലണ്ടിനെ സ്വന്തം മണ്ണിൽ തകർത്ത പാകിസ്താൻ ഇപ്പോഴിതാ ഓസീസിനെ അവരുടെ മണ്ണിൽ തകർത്തിരിക്കുകയാണ്.
22 വർഷത്തിന് ശേഷമാണ് പാകിസ്താൻ ആസ്ട്രേലിയൻ മണ്ണിൽ ഏകദിന പരമ്പര നേടുന്നത്. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ എട്ട് വിക്കറ്റിന് വിജയിച്ചാണ് പാകിസ്താൻ പരമ്പര വിജയം ആഘോഷിച്ചത്. പാക് പേസ് അറ്റാക്കിന് മുമ്പിൽ ചോദ്യമില്ലാതെ നിന്ന കങ്കാരുപ്പടയുടെ ബാറ്റിങ്ങ് 140 റൺസിൽ ഒതുങ്ങിയപ്പോൾ വെറും 26.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്താൻ വിജയം കൈവരിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1നാണ് പാകിസ്താൻ നേടിയത്.
മൂന്ന് വിക്കറ്റുകള്‍ വീതം നേടിയ ഷഹീന്‍ ഷാ അഫ്രീദിയും നസീം ഷായുമാണ് ആതിഥേയരെ എറിഞ്ഞൊതുക്കിയത്. ഹാരിസ് റൗഫ് രണ്ടും മുഹമ്മദ് ഹസ്നൈന്‍ ഒരു വിക്കറ്റ് വീതവും വീഴ്ത്തി. ഓസീസ് നിരയില്‍ ഒരു ബാറ്റർക്ക് പോലും 30 റണ്‍സ് കടക്കാനായില്ല. 41 പന്തില്‍ 30 റണ്‍സെടുത്ത സീന്‍ അബ്ബോട്ടാണ് ഓസ്ട്രേലിയയുടെ ടോപ് സ്‌കോറര്‍. 30 പന്തില്‍ 22 റണ്‍സെടുത്ത ഓപണര്‍ മാറ്റ് ഷോര്‍ട്ടും ഭേദപ്പെട്ട സംഭാവന നല്‍കി. ആദം സാംപ (13), ആരോണ്‍ ഹാര്‍ഡി (12), സ്പെന്‍സര്‍ ജോണ്‍സണ്‍ (12*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ.
കുഞ്ഞന്‍ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ പാകിസ്താന്‍ അനായാസം വിജയത്തിലെത്തി. ഓപണര്‍മാരായ സയിം അയൂബ് 42 റണ്‍സും അബ്ദുള്ള ഷഫീഖ് 37 റണ്‍സും അടിച്ചെടുത്ത് പുറത്തായി. 28 റണ്‍സുമായി പുറത്താകാതെ നിന്ന ബാബര്‍ അസമും 30 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാനുമാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ലാന്‍സ് മോറിസ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മത്സരത്തിൽ രണ്ട വിക്കറ്റും പരമ്പരയിലുടനീളം മികച്ച ബൗളിങ്ങുമായി പത്ത് വിക്കറ്റം സ്വന്തമാക്കിയ ഹാരിസ് റൗഫാണ് മത്സരത്തിലെയും പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.