ലോകകപ്പിൽ ഒരു മത്സരത്തിൽ 10-ലേറെ സിക്സറടിച്ച താരങ്ങൾ ഇവരാണ്..; ലാസ്റ്റ് എൻട്രി പാക് താരം
text_fieldsന്യൂസിലൻഡിനെതിരെ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ഫഖർ സമാൻ നേടിയ വെടിക്കെട്ട് സെഞ്ച്വറിയാണ് പാകിസ്താന് മിന്നും വിജയം സമ്മാനിച്ചത്. കിവികളുടെ 401 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ഡക്‍വർത്ത് ലൂയിസ് നിയമപ്രകാരം 21 റൺസിന്റെ വിജയമാണ് നേടിയത്. 81 പന്തുകളിൽ 126 റൺസായിരുന്നു ഫഘർ സമാൻ നേടിയത്. എട്ട് ബൗണ്ടറികളും 11 സിക്സറുകളുമാണ് താരം അടിച്ചുകൂട്ടിയത്.
ഈ പ്രകടനത്തോടെ തന്റെ പേരിൽ പുതിയൊരു റെക്കോർഡും താരം കുറിച്ചു. ഏകദിന ലോകകപ്പ് ചരിത്രത്തിൽ തന്നെ ഒരു മത്സരത്തിൽ പത്തോ അതിൽ കൂടുതലോ സിക്സറുകൾ അടിച്ച നാലാമത്തെ താരമാണ് ഇനി മുതൽ ഫഖർ സമാൻ.
ഇംഗ്ലണ്ടിന്റെ ഇയാൻ മോർഗൻ ആണ് ലോകകപ്പിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ചത്. 2019 ലോകകപ്പിൽ അഫ്ഗാനിസ്താനെതിരെ താരം 17 സിക്സറുകളാണ് പറത്തിയത്. അതായത്, സിക്സറടിച്ച് മാത്രം താരം നേടിയത് 102 റൺസ്.
രണ്ടാം സ്ഥാനത്ത് ക്രിസ് ഗെയിലാണ്. 2015 ലോകകപ്പിൽ സിംബാബ്‍വെക്കെതിരെ താരം ഇരട്ട സെഞ്ച്വറിയടിച്ചിരുന്നു (215). അന്ന് ഗെയിലിന്റെ ബാറ്റിൽ നിന്ന് പിറന്നത് 16 സിക്സും 10 ബൗണ്ടറികളുമാണ്. ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിലാണ് 11 സിക്സറുകളുമായി മൂന്നാം സ്ഥാനത്ത്.
അതേസമയം, തകർപ്പൻ ഫോം തുടരുന്ന രചിൻ രവീന്ദ്രയുടെ സെഞ്ച്വറിയുടെയും ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ വെടിക്കെട്ട് അർധസെഞ്ച്വറിയുടെയും മികവിലായിരുന്നു പാകിസ്താനെതിരെ ന്യൂസിലാൻഡ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 401 റൺസായിരുന്നു കിവികളുടെ സമ്പാദ്യം. ബാറ്റിങ്ങിൽ കാണിച്ച മികവ് ബൗളിങ്ങിൽ ആവർത്തിക്കാൻ കഴിയാതെ വന്നതോടെ തുടർച്ചയായ നാലാം തോൽവിയാണ് ന്യൂസിലൻഡ് വഴങ്ങിയത്. അതോടെ സെമി പ്രതീക്ഷയും തുലാസിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.