പാകിസ്താന്റേത് ലോകകപ്പിലെ ഏറ്റവും വലിയ റൺചേസ്; മെൻഡിസിന്റെ വെടിക്കെട്ടിൽ വീണത് സംഗക്കാരയുടെ റെക്കോഡ്
text_fieldsഹൈദരാബാദ്: ചൊവ്വാഴ്ച ശ്രീലങ്കക്കെതിരായ മത്സരത്തിൽ പാകിസ്താൻ സ്വന്തമാക്കിയത് ലോകകപ്പിലെ റൺചേസ് റെക്കോഡ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കായി കുശാൽ മെൻഡിസ് 77 പന്തിൽ 122 റൺസും സദീര സമരവിക്രമ 108 റൺസും നേടിയപ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 344 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് വേണ്ടി മുഹമ്മദ് റിസ്‍വാൻ 121 പന്തിൽ പുറത്താകാതെ 131 റൺസും അബ്ദുല്ല ഷഫീഖ് 103 പന്തിൽ 113 റൺസും നേടി തിരിച്ചടിച്ചപ്പോൾ അപ്രാപ്യമെന്ന് കരുതിയ വിജയം പിടിച്ചെടുക്കുകയായിരുന്നു.
പാകിസ്താന്റെ വിജയത്തോടെ 2011ൽ അയർലൻഡ് സ്വന്തമാക്കിയ റൺചേസ് റെക്കോഡാണ് പഴങ്കഥായയത്. ഇംഗ്ലണ്ടിനെതിരെ 328 റൺസ് അടിച്ചായിരുന്നു അന്നവർ വിജയത്തിലെത്തിയത്. 1992ൽ സിംബാബ്വെക്കെതിരെ 313 റൺസടിച്ച് ശ്രീലങ്ക നേടിയ വിജയമായിരുന്നു അതുവരെയുള്ള റെക്കോഡ്. 2019ലെ ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ ബംഗ്ലാദേശ് 322 റൺസടിച്ച് വിജയിച്ചതാണ് റൺചേസിങ്ങിൽ മൂന്നാമത്.
ലോകകപ്പിൽ ഒരു ശ്രീലങ്കക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയായിരുന്നു കുശാൽ മെൻഡിസ് പാകിസ്താനെതിരെ നേടിയത്. 65 പന്തിലായിരുന്നു താരം ശതകം പൂർത്തിയാക്കിയത്. മെൻഡിസിന്റെ മൂന്നാമത്തെ സെഞ്ച്വറിയും ഏറ്റവും ഉയർന്ന സ്കോറുമായി ഇത്. രണ്ടുതവണയാണ് പാകിസ്താൻ ഫീൽഡർമാർ താരത്തെ വിട്ടുകളഞ്ഞത്. 2015ൽ ഇംഗ്ലണ്ടിനെതിരെ 70 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ കുമാർ സംഗക്കാരയുടെ റെക്കോഡാണ് മെൻഡിസിന്റെ വെടിക്കെട്ടിൽ തകർന്നുവീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.