റിസ്വാൻ സെമി കളിക്കാനെത്തിയത് രണ്ടുദിവസം ഐ.സി.യുവിൽ കിടന്ന്; മടങ്ങിയത് ടീമിന്‍റെ ടോപ്സ്കോററായി
text_fieldsദുബൈ: ആസ്ട്രേലിയയോട് തോറ്റ് സെമിയിൽ പുറത്തായെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് പാകിസ്താൻ ട്വന്‍റി20 ലോകകപ്പിൽ നിന്ന് മടങ്ങുന്നത്. പാകിസ്താന്റെ മുന്നേറ്റത്തിൽ സുപ്രധാന പങ്കുവഹിച്ച ഓപണർ മുഹമ്മദ് റിസ്വാനെ കുറിച്ച് മുൻ താരം ശുഐബ് അക്തർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ഒരുപോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.
സെമിഫൈനലിന് തൊട്ടുമുമ്പ് രണ്ടുദിവസം ഐ.സി.യുവിൽ കിടന്ന താരമാണ് പാകിസ്താനായി മികവുറ്റ രീതിയിൽ ബാറ്റേന്തിയതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോയെന്നാണ് അക്തർ േചാദിക്കുന്നത്. റിസ്വാൻ ഐ.സി.യുവിൽ കിടക്കുന്ന ചിത്രവും അക്തർ പങ്കുവെച്ചിട്ടുണ്ട്.
പനി ബാധിച്ചാണ് റിസ്വാൻ രണ്ടുദിവസം ദുബൈയിൽ ഐ.സി.യുവിൽ ചികിത്സയിൽ കഴിയേണ്ടി വന്നത്. നെഞ്ചിൽ അണുബാധയേറ്റതിനെ തുടർന്ന് താരം ചികിത്സ തേടുകയായിരുന്നു.
'ഈ വ്യക്തി ഇന്ന് തന്‍റെ രാജ്യത്തിന് വേണ്ടി കളിച്ച് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതായി നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു. വളരേയേറെ ബഹുമാനം റിസ്വാൻ...ഹീറോ...'-അക്തർ ട്വീറ്റ് ചെയ്തു.
അസുഖബാധിതനായ റിസ്വാൻ കളിക്കുന്ന കാര്യം സംശയത്തിലായിരുന്നു. പാകിസ്താൻ ബാറ്റിങ് കോച്ച് മാത്യു ഹെയ്ഡൻ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ കളിക്കളത്തിൽ മടങ്ങിയെത്തിയ 29 കാരൻ 52 പന്തിൽ 67 റൺസ് അടിച്ച് ടീമിന്‍റെ ടോപ് സ്കോററായി. ടൂർണമെന്‍റിൽ 281 റൺസ് സ്കോർ ചെയ്ത വിക്കറ്റ്കീപ്പർ ബാറ്റർ ബാബർ അസമിന് (303 റൺസ്) പിറകിൽ പാകിസ്താന്റെ ഏറ്റവും മികച്ച റൺവേട്ടക്കാരനായി.
റിസ്വാന്റെ മികവിൽ പാകിസ്താൻ 177 റൺസ് പടുത്തുയർത്തി. എന്നാൽ മാർകസ് സ്റ്റോയ്നിസിന്റെയും (31 പന്തിൽ 40 നോട്ടൗട്ട്) മാത്യു വെയ്ഡ് (17പന്തിൽ 41 നോട്ടൗട്ട്) പോരാട്ടവീര്യത്തിന്‍റെ മികവിൽ ഓസീസ് പാക് വെല്ലുവിളി മറികടന്നു. അഞ്ചുവിക്കറ്റിന് പാകിസ്താനെ തോൽപിച്ച് ആസ്ട്രേലിയ ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.