146 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആർക്കുമില്ലാത്ത റെക്കോഡ് സ്വന്തം പേരിലാക്കി പാക് യുവതാരം
text_fields146 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആർക്കും അവകാശപ്പെടാനില്ലാത്ത റെക്കോർഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് പാകിസ്താൻ താരം സൗദ് ഷക്കീൽ. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ നേടിയ അർധ സെഞ്ച്വറിയാണ് താരത്തിന് അപൂർവ്വ നേട്ടം സമ്മാനിച്ചത്. 110 ബാളിൽ 57 റൺസായിരുന്നു താരം നേടിയത്.
ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം തുടർച്ചയായ ഏഴ് മത്സരങ്ങളിൽ അർധ സെഞ്ച്വറി നേടുന്ന ആദ്യ അന്താരാഷ്ട്ര ക്രിക്കറ്ററായി മാറിയിരിക്കുകയാണ് 27-കാരനായ സൗദ് ഷക്കീൽ. 2022ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഷക്കീൽ ആദ്യമായി പാകിസ്താന് വേണ്ടി ടെസ്റ്റ് കളിക്കുന്നത്. അരങ്ങേറ്റത്തിനൊപ്പം ഇതുവരെ കളിച്ച എല്ലാ ടെസ്റ്റുകളിലും ഷക്കീൽ ഫിഫ്റ്റിയെങ്കിലും നേടിയിട്ടുണ്ട്.
തന്റെ കരിയറിലെ 13 ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ (7 ടെസ്റ്റ്) 87.50 ശരാശരിയിൽ സൗദ് ഷക്കീൽ ഇതുവരെ 875 റൺസ് നേടിയിട്ടുണ്ട് -- ഒന്നാം ടെസ്റ്റിൽ 76, രണ്ടാം ടെസ്റ്റിൽ 63 & 94, മൂന്നാം ടെസ്റ്റിൽ 53, 4-ാം ടെസ്റ്റിൽ 55*, 5-ാം ടെസ്റ്റിൽ 125*, ആറാം ടെസ്റ്റിൽ 208*, ഏഴാം ടെസ്റ്റിൽ 57.
അതേസമയം, ആദ്യ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിലും ശ്രീലങ്കൻ നിര പരുങ്ങലിലാണ്. ആദ്യ ഇന്നിങ്സിൽ 166 റൺസിന് കൂടാരം കയറിയ ലങ്കക്ക് മുന്നിൽ 397 റൺസിന്റെ ലീഡാണ് പാകിസ്താൻ മുന്നോട്ടുവെച്ചത്. മൂന്നാം ദിനം അവസാനിച്ചപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 565 റൺസാണ് ആതിഥേയരുടെ സമ്പാദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.