ബംഗ്ലാദേശിനെ അഞ്ചു വിക്കറ്റിന് കീഴടക്കി പാകിസ്താനും സെമിയിൽ
text_fieldsഅഡലെയ്ഡ്: ട്വന്‍റി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ കീഴടക്കി പാകിസ്താൻ സെമിയിൽ. അഞ്ചു വിക്കറ്റിനാണ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.
ബംഗ്ലാദേശ് കുറിച്ച 128 റൺസ് വിജയ ലക്ഷ്യം 11 പന്തുകൾ ബാക്കി നിൽക്കെ പാകിസ്താൻ മറികടന്നു. സ്കോർ ബോർഡ് - ബംഗ്ലാദേശ് എട്ടു വിക്കറ്റിന് 127. പാകിസ്താൻ അഞ്ചു വിക്കറ്റിന് 128. രാവിലെ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക നെതർലൻഡ്സിനോട് അട്ടിമറി തോൽവി വഴങ്ങി ലോകകപ്പിൽനിന്ന് പുറത്തായതോടെയാണ് പാകിസ്താനും ബംഗ്ലാദേശിനും സെമി സാധ്യത തെളിഞ്ഞത്. സിംബാബ്വെക്കെതിരായ മത്സരത്തിന് കാത്തുനിൽക്കാതെ തന്നെ ഇന്ത്യ സെമി ഉറപ്പിച്ചിരുന്നു.
ജയിക്കുന്നവർക്ക് സെമിയിൽ കടക്കാമായിരുന്നു. പാകിസ്താനുവേണ്ടി ഓപ്പണർമാരായ മുഹമ്മദ് റിസ്വാനും ബാബർ അസമും മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 57 റൺസാണ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. റിസ്വാൻ 32 പന്തിൽ 32 റൺസെടുത്തു. ബാബർ 33 പന്തിൽ 25 റൺസുമായി മടങ്ങി.
നാല് റൺസെടുത്ത മുഹമ്മദ് നവാസ് റണ്ണൗട്ടായി. തുടർന്ന് മുഹമ്മദ് ഹാരിസും ഷാൻ മസൂദും ചേർന്ന് ടീമിനെ വിജയ റണ്ണിനടുത്തെത്തിച്ചു. ടീം 121ൽ എത്തിനിൽക്കെ 31 റൺസുമായി ഹാരിസ് മടങ്ങി. ഇഫ്തിക്കാർ ഒരു റൺസുമായി വേഗം മടങ്ങി. പിന്നാലെ ഷദാബ് ഖാനെയും കൂട്ടുപിടിച്ച് മസൂദ് ടീമിനെ വിജയത്തിലെത്തിച്ചു. താരം 14 പന്തിൽ 24 റൺസെടുത്തു. ബംഗ്ലാദേശിനായി നാസും അഹ്മദ്, ശാകിബുൽ ഹസൻ, ഹുസൈൻ, മുസ്തഫിസുർ അഹ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബ്ലംഗ്ലാദേശിനെ പാക് ബൗളർമാർ 127 റൺസിൽ വരിഞ്ഞുമുറുക്കുകയായിരുന്നു. ഓപണർ നജ്മുൽ ഹുസൈൻ ഷാന്തോയാണ് ടോപ് സ്കോറർ. താരം 48 പന്തിൽ 54 റൺസെടുത്തു. ലിറ്റൺ ദാസ് 10 റൺസുമായി മടങ്ങി. സൗമ്യ സർക്കാർ 20 റൺസെടുത്തു. നേരിട്ട ആദ്യ പന്തിൽ തന്നെ നായകൻ ശാകിബുൽ ഹസൻ വിക്കറ്റിനു മുന്നിൽ കുരുങ്ങി. അഫീഫ് ഹുസൈൻ 24 പന്തിൽ 20 റൺസെടുത്ത് പുറത്തായി. പിന്നീടെത്തിയ ആർക്കും രണ്ടക്കം കടക്കാനായില്ല.
ടൂർണമെന്റിൽ മോശം ഫോമിലായിരുന്ന ഷഹിൻഷാ അഫ്രീദി നാല് ഓവറിൽ 22 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തു. ഷദാബ് ഖാന് രണ്ടും ഹാരിസ് റഊഫിനും ഇഫ്തികാർ അഹ്മദിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.