പാകിസ്താൻ ക്രിക്കറ്റിലെ കറുത്തദിനം...! ന്യൂസിലൻഡിനോടും പരമ്പര തോറ്റതോടെ പൊട്ടിത്തെറിച്ച് ആരാധകർ
text_fieldsതുടർച്ചയായ മൂന്നാം ട്വന്‍റി20യിലും പാകിസ്താൻ തോറ്റതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെ തന്നെ ന്യൂസിലൻഡ് സ്വന്തമാക്കി. അന്താരാഷ്ട്ര മത്സരങ്ങളിൽ പാക് ടീമിന്‍റെ തുടർച്ചയായ ഏഴാം തോൽവിയാണിത്.
ഏകദിന ലോകകപ്പിൽ ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്ന് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ബാബർ അസമിനെ മാറ്റിയിരുന്നു. പിന്നാലെ ഷാൻ മസൂദിന്‍റെ നേതൃത്വത്തിൽ ആസ്ട്രേലിയയിൽ മൂന്നു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കളിക്കാൻ പോയ പാകിസ്താൻ സമ്പൂർണ തോൽവി ഏറ്റുവാങ്ങി. ട്വന്‍റി20യിൽ നായകനായി അരങ്ങേറ്റം കുറിച്ച ഷഹീൻ അഫ്രീദിക്കും ടീമിനെ രക്ഷിക്കാനായില്ല. കളിച്ച മൂന്നു മത്സരങ്ങളും തോറ്റു.
ടീമിന്‍റെ തുടർച്ചയായ തോൽവികളിൽ ആരാധകരും നിരാശരാണ്. സമൂഹമാധ്യമങ്ങളിലാണ് അവർ ഇതിന്‍റെ രോഷവും സങ്കടവുമെല്ലാം പ്രകടിപ്പിക്കുന്നത്. ‘പാകിസ്താൻ ക്രിക്കറ്റിലെ കറുത്തദിനം’ എന്നാണ് ഒരു ആരാധകൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. മൂന്നാം ട്വന്‍റി20യിലെ സ്കോർ ബോർഡിന്‍റെ ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒന്നാം ട്വന്‍റി20യിൽ 46 റൺസിനും രണ്ടാം ട്വന്‍റി20യിൽ 21 റൺസിനും മൂന്നാം ട്വന്‍റി20യിൽ 45 റൺസിനുമാണ് പാകിസ്താൻ തോറ്റത്. ഹാരിസ് റൗഫിനെ കളിയാക്കുന്ന പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. മൂന്നു ദശകത്തിനിടെ പാകിസ്താൻ ക്രിക്കറ്റ് കണ്ടെത്തിയ ഏറ്റവും മോശം ബൗളറാണ് ഹാരിസെന്ന് ഒരു ആരാധകൻ കുറിച്ചു.
മൂന്നാം മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ കീവീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഫിൻ അലന്‍റെ തീപ്പൊരി സെഞ്ച്വറിയുടെ ബലത്തിൽ (62 പന്തിൽ 137 റൺസ്) 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ 224 റൺസെടുത്തു. ഹാരിസ് റൗഫ് രണ്ടു വിക്കറ്റെടുത്തെങ്കിലും നാലു ഓവറിൽ 60 റൺസാണ് വിട്ടുകൊടുത്തത്.
മറുപടി ബാറ്റിങ്ങിൽ പാകിസ്താന് നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ബാബർ 58 റൺസെടുത്ത് ടീമിന്‍റെ ടോപ് സ്കോററായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.