പാണ്ഡ്യ വരുന്നുണ്ട്...; ജിമ്മിലെ വിഡിയോ പങ്കുവെച്ച് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ
text_fieldsമുംബൈ: ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ് പുറത്തായ ഇന്ത്യന്‍ താരം ഹാർദിക് പാണ്ഡ്യ തിരിച്ചുവരുന്നു. ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്ന വിഡിയോ ഹാർദിക് തന്നെ പുറത്തുവിട്ടതോടെ ആരാധകർ ആവേശത്തിലാണ്. ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന പാണ്ഡ്യയെ നാടകീയമായി സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസ് രോഹിത് ശർമക്ക് പകരം താരത്തെ നായകനായി നിയമിക്കുകയും ചെയ്തിരുന്നു. പരിക്കിനെത്തുടര്‍ന്ന് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമായ ആൾറൗണ്ടർക്ക് ഏപ്രില്‍-മേയ് മാസങ്ങളില്‍ നടക്കുന്ന ഐ.പി.എൽ നഷ്ടമാകുമെന്ന വാർത്ത പുറത്തുവന്നതോടെ ആരാധകർ നിരാശയിലായിരുന്നു. ഇതിനിടെയാണ് ഹാർദിക് ജിമ്മിലെത്തി വ്യായാമം ചെയ്യുന്ന വിഡിയോ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യക്കായി വൈറ്റ്ബാള്‍ ക്രിക്കറ്റില്‍ മാത്രമാണ് നിലവില്‍ ഹാർദിക് കളിക്കുന്നത്. അടുത്തയാഴ്ച തുടങ്ങുന്ന അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര കഴിഞ്ഞാല്‍ ഐ.പി.എല്ലിന് മുമ്പ് ഇന്ത്യക്ക് ഏകദിന, ട്വന്റി 20 പരമ്പരകളൊന്നും കളിക്കാനില്ല. ജനുവരി അവസാനം തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. സമയമേറെയുള്ളതിനാൽ മുംബൈ നായകനായി ഹാർദിക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
ഗുജറാത്ത് ടൈറ്റൻസിനായി 31 മത്സരങ്ങളിൽ ഇറങ്ങിയ പാണ്ഡ്യ 37.86 റൺസ് ശരാശരിയിൽ 833 റൺസ് നേടിയിരുന്നു. 11 വിക്കറ്റും താരം സ്വന്തമാക്കി. നേരത്തെ മുംബൈ ഇന്ത്യൻസിനായി ഇറങ്ങിയ ആൾറൗണ്ടർ 92 മത്സരങ്ങളിൽ 1476 റൺസും 42 വിക്കറ്റും നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.