പാണ്ഡ്യ ഷോ; ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 197 റൺസ് വിജയലക്ഷ്യം
text_fieldsനോർത്ത് സൗണ്ട് (ആന്റിഗ്വ): വെടിക്കെട്ട് ബാറ്റിങ്ങുമായി ഹാർദിക് പാണ്ഡ്യ മുന്നിൽ നിന്ന് നയിച്ചപ്പോൾ ബംഗ്ലാദേശിനെതിരായ സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു.
27 പന്തിൽ നാല് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ പുറത്താകാതെ 50 റൺസെടുത്ത പാണ്ഡ്യയാണ് ടോപ് സ്കോറർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപണർമാരായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും മികച്ച തുടക്കമാണ് നൽകിയത്.
11 പന്തിൽ 23 റൺസെടുത്ത രോഹിത് ശർമ ഷാക്കിബുൽ ഹസന് വിക്കറ്റ് നൽകിയെങ്കിലും സ്റ്റിയറിങ് കോഹ്ലിയെ ഏൽപിച്ചാണ് മടങ്ങിയത്. 28 പന്തിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ 37 റൺസെടുത്ത കോഹ്ലിയെ തൻസിം ഹസൻ മടക്കി. ട്വന്റി 20 സ്പെഷ്യലിസ്റ്റ് സൂര്യകുമാർ യാദവിനെ(6) നിലയുറപ്പിക്കും മുൻപെ തൻസിം തന്നെ വീഴ്ത്തി. 24 പന്തിൽ 36 റൺസെടുത്ത ഋഷഭ് പന്ത് ടീമിനെ നൂറു കടത്തിയാണ് മടങ്ങിയത്.
ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും കരുതലോടെ നീങ്ങിയതോടെ സ്കോർ 150 ഉം കടന്ന് മുന്നേറി. 34 റൺസെടുത്ത ദുബെ റിഷാദ് ഹൊസൈന് വിക്കറ്റ് നൽകി മടങ്ങുമ്പോൾ 17.2 ഓവറിൽ ടീം സ്കോർ അഞ്ചിന് 161. അതിവേഗം അർധസെഞ്ച്വറിയിലേക്ക് പാഞ്ഞ ഹാർദിക് 196 റൺസെന്ന ഈ ലോകകപ്പിലെ ഇന്ത്യയുടെ ഉയർന്ന സ്കോറിലേക്ക് എത്തിച്ചു. ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസൈൻ, തൻസിം ഹസൻ സാകിബ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.