പന്തിന്റെയും സ്റ്റബ്സിന്റെയും പോരാട്ടം വിഫലം; ഡൽഹിക്കെതിരെ കൊൽക്കത്തക്ക് വമ്പൻ ജയം
text_fieldsവിശാഖപട്ടണം: ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 106 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത് 272 റൺസ് അടിച്ചുകൂട്ടിയ കൊൽക്കത്തക്കെതിരെ ക്യാപ്റ്റൻ ഋഷബ് പന്തിന്റെയും ട്രിസ്റ്റൻ സ്റ്റബ്സിന്റെയും അതിവേഗ അർധസെഞ്ച്വറികളുടെ ബലത്തിൽ ഡൽഹി പൊരുതിയെങ്കിലും 20 ഓവറിൽ 166 റൺസിൽ പോരാട്ടം അവസാനിച്ചു. പന്ത് 25 പന്തിൽ അഞ്ച് സിക്സും നാല് ഫോറുമടക്കം 55 റൺസടിച്ച് വരുൺ ചക്രവർത്തിയുടെ പന്തിൽ ശ്രേയസ് അയ്യർക്ക് പിടികൊടുത്ത് മടങ്ങിയപ്പോൾ 32 പന്തിൽ നാല് വീതം സിക്സും ഫോറുമടക്കം 54 റൺസെടുത്ത സ്റ്റബ്സ് വരുണിന്റെ തന്നെ പന്തിൽ മിച്ചൽ സ്റ്റാർക് പിടിച്ച് പുറത്താവുകയായിരുന്നു. മറ്റാർക്കും കാര്യമായ സംഭാവന നൽകാനായില്ല.
ഡേവിഡ് വാർണർ (18), പൃഥ്വി ഷാ (10) ഓപണിങ് സഖ്യം ആദ്യ വിക്കറ്റിൽ 1.5 ഓവറിൽ 21 റൺസ് ചേർത്തെങ്കിലും മൂന്നും നാലും സ്ഥാനക്കകാരായി എത്തിയ മിച്ചൽ മാർഷും അഭിഷേക് പോറെലും പൂജ്യരായി മടങ്ങി. തുടർന്നായിരുന്നു പന്തും സ്റ്റബ്സും ടീമിനെ കരകയറ്റിത്തുടങ്ങിയത്. എന്നാൽ, ഇരുവരും പുറത്തായ ശേഷം ആർക്കും പിടിച്ചുനിൽക്കാനായില്ല. അക്സർ പട്ടേൽ (0), സുമിത് കുമാർ (7), റാസിഖ് സലാം (1), ആന്റിച്ച് നോർജെ (4), ഇശാന്ത് ശർമ (പുറത്താകാതെ ഒന്ന്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സ്കോർ.
കൊൽക്കത്തക്കായി വൈഭവ് അറോറ, വരുൺ ചക്രവർത്തി എന്നിവർ മൂന്ന് വീതവും മിച്ചൽ സ്റ്റാർക്ക് രണ്ടും സുനിൽ നരൈൻ, ആന്ദ്രെ റസ്സൽ എന്നിവർ ഒന്ന് വീതവും വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കൊൽക്കത്തക്കാർ ഡൽഹി ബൗളർമാരെ നാലുപാടും അടിച്ചുപരത്തുന്ന കാഴ്ചക്കാണ് വിശാഖപട്ടണത്തെ ഡോ. വൈ.എസ് രാജശേഖര റെഡ്ഡി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 272 റൺസാണ് കെ.കെ.ആർ ബാറ്റർമാർ അടിച്ചുകൂട്ടിയത്. ഈ സീസണിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് അടിച്ചെടുത്ത 277 റൺസെന്ന റെക്കോഡ് മറികടക്കുമോയെന്ന് പോലും സംശയിച്ചെങ്കിലും ഇഷാന്ത് ശർമ എറിഞ്ഞ അവസാന ഓവർ കൊൽക്കത്തക്കാരുടെ പ്രതീക്ഷ തകർത്തു. എട്ട് റൺസ് മാത്രം ലഭിച്ച ഈ ഓവറിൽ റസ്സലും രമൺദീപ് സിങ്ങും പുറത്താവുകയും ചെയ്തു.
ആദ്യ വിക്കറ്റിൽ തന്നെ വെസ്റ്റിൻഡീസുകാരൻ സുനിൽ നരെയ്നും ഇംഗ്ലണ്ടുകാരൻ ഫിൽ സാൾട്ടും ചേർന്ന് 4.3 ഓവറിൽ 60 റൺസ് അടിച്ചുകൂട്ടി. 12 പന്തിൽ 18 റൺസെടുത്ത ഫിൽ സാൾട്ടിനെ ട്രിസ്റ്റൻ സ്റ്റബ്സിന്റെ കൈയിലെത്തിച്ച് ആന്റിച്ച് നോർജെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. എന്നാൽ, തുടർന്നെത്തിയ അംഗ്ക്രിഷ് രഘുവൻഷി സുനിൽ നരെയ്ന് ഒത്ത കൂട്ടായതോടെ ഡൽഹി ബൗളർമാർ കുഴങ്ങി. 39 പന്തുകളിൽ ഏഴ് സിക്സും അത്രയും ഫോറുമടക്കം 85 റൺസെടുത്ത സുനിൽ നരെയ്നെ മിച്ചൽ മാർഷിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷബ് പന്ത് പിടികൂടിയതോടെയാണ് വമ്പൻ കൂട്ടുകെട്ടിന് വിരാമമായത്. അപ്പോഴേക്കും സ്കോർ ബോർഡിൽ 12.3 ഓവറിൽ 164 റൺസായിരുന്നു. 48 പന്തിൽ 104 റൺസാണ് ഇരുവരും ചേർന്ന് കൊൽക്കത്തക്ക് സമ്മാനിച്ചത്. വൈകാതെ രഘുവൻഷിയും മടങ്ങി. 27 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 54 റൺസെടുത്ത താരത്തെ നോർജെയുടെ പന്തിൽ ഇഷാന്ത് ശർമ പിടികൂടുകയായിരുന്നു.
തുടർന്നെത്തിയ ആന്ദ്രെ റസ്സലും ശ്രേയസ് അയ്യരും അടിയുടെ മൂഡിൽ തന്നെയായിരുന്നു. എന്നാൽ, 11 പന്തിൽ 18 റൺസെടുത്ത ശ്രേയസ് ഖലീൽ അഹ്മദിന്റെ പന്തിൽ സ്റ്റബ്ബ്സ് പിടിച്ച് പുറത്തായി. ശേഷമെത്തിയ റിങ്കു സിങ്ങും ആഞ്ഞടിച്ചു. എട്ട് പന്തിൽ മൂന്ന് സിക്സും ഒരു ഫോറുമടക്കം 26 റൺസാണ് റിങ്കുവിന്റെ ബാറ്റിൽനിന്ന് പിറന്നത്. 19 പന്തിൽ മൂന്ന് സിക്സും നാല് ഫോറും സഹിതം 41 റൺസെടുത്ത റസ്സലിനെ അവസാന ഓവറിലെ ആദ്യ പന്തിൽ ഇഷാന്ത് ശർമ തകർപ്പൻ യോർക്കറിലൂടെ ബൗൾഡാക്കി. രമൺദീപ് സിങ് രണ്ട് റൺസുമായി മടങ്ങിയപ്പോൾ അഞ്ച് റൺസുമായി വെങ്കടേഷ് അയ്യരും ഒരു റൺസുമായി മിച്ചൽ സ്റ്റാർക്കും പുറത്താകാതെ നിന്നു. കൊൽക്കത്ത ബൗളർമാരിൽ പന്തെറിഞ്ഞ ഏഴുപേരും കണക്കിന് അടിവാങ്ങി. നാലോവറിൽ 59 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആന്റിച്ച് നോർജെയാണ് തമ്മിൽ ഭേദം. ഇഷാന്ത് ശർമ മൂന്നോവറിൽ 43 റൺസ് വഴങ്ങി രണ്ടും മിച്ചൽ മാർഷ് മൂന്നോവറിൽ 37 റൺസും ഖലീൽ അഹ്മദ് നാലോവറിൽ 43 റൺസും വഴങ്ങി ഓരോ വിക്കറ്റ് വീതവും എടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.