പന്തിന് സെഞ്ച്വറി, സുന്ദർ 60 നോട്ടൗട്ട്; ഇന്ത്യക്ക് ലീഡ്
text_fieldsഅഹ്മദാബാദ്: വെട്ടിത്തിരിയുന്ന പിച്ചിൽ ഇടർച്ചകാട്ടാതെ റണ്ണൊഴുക്കിയ പന്തിന്‍റെ മിടുക്കിൽ പിറന്നത് മനോഹര സെഞ്ച്വറി. പന്തും ബാറ്റുമായുള്ള മത്സരത്തിൽ മുൻനിര ബാറ്റ്സ്മാന്മാർ തോറ്റു പിന്മാറിയ ക്രീസിൽ ഋഷഭ് പന്ത് (101) ആക്രമണാത്മക ബാറ്റിങ്ങുമായി കളം നിറഞ്ഞപ്പോൾ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിലേറി നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ലീഡ്. ഒന്നാമിന്നിങ്സിൽ 205 റൺസിന് പുറത്തായ ഇംഗ്ലണ്ടിന് മറുപടിയായി ഇന്ത്യ രണ്ടാം ദിനം സ്റ്റംപെടുക്കവേ ഏഴു വിക്കറ്റ് നഷ്ടത്തിൽ 294 റൺസെടുത്തിട്ടുണ്ട്. മൂന്നു വിക്കറ്റ് കൈയിലിരിക്കേ ഇന്ത്യക്ക് 89 റൺസ് ലീഡുണ്ട്.
അഭേദ്യമായ അർധശതകവുമായി വാഷിങ്ടൺ സുന്ദറും (60 നോട്ടൗട്ട്) 11 റൺസെടുത്ത് അക്ഷർ പേട്ടലുമാണ് ക്രീസിൽ. 118 പന്തിൽ 13 ഫോറും രണ്ടു സിക്സുമടക്കമാണ് പന്ത് 101 റൺസെടുത്തത്. ടെസ്റ്റിൽ പന്തിന്‍റെ മൂന്നാം സെഞ്ച്വറിയാണിത്. ഏഴാം വിക്കറ്റിൽ പന്തും സുന്ദറും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയതാണ് മേൽക്കെ നേടാൻ ആതിഥേയരെ തുണച്ചത്. ആറിന് 146 റൺസെന്ന നിലയിൽ പരുങ്ങിയ ആതിഥേയർക്കുവേണ്ടി ഇരുവരും 113 റൺസ് കൂട്ടുകെട്ടുയർത്തി.
ഒരു വിക്കറ്റിന് 24 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യൻ നിരയിൽ രോഹിത് ശർമ 49 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ വിരാട് കോഹ്ലി എട്ടു പന്തു നേരിട്ട് ഒരു റൺ പോലും എടുക്കാതെ മടങ്ങി. ചേതേശ്വർ പുജാര 17ഉം അജിൻക്യ രഹാനെ 27ഉം റൺസെടുത്തു. ആർ. അശ്വിൻ 13 റൺസെടുത്ത് പുറത്തായി. ആൻഡേഴ്സൺ മൂന്നു വിക്കറ്റെടുത്തപ്പോൾ ബെൻ സ്റ്റോക്സും ജാക് ലീച്ചും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.