തകർത്തടിച്ച് പന്ത്; കരകയറി ഇന്ത്യ
text_fieldsബർമിങ്ഹാം: മുങ്ങിക്കൊണ്ടിരുന്ന കപ്പലിനെ അതിവേഗ ബാറ്റിങ്ങുമായി ഋഷഭ് പന്തും ജാഗ്രതയോടെയുള്ള പ്രകടനവുമായി 'സർ' രവീന്ദ്ര ജദേജയും കരകയറ്റിയപ്പോൾ ആശ്വാസ തീരമണഞ്ഞ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കണമെങ്കിൽ നിർണായകമായ അഞ്ചാം ടെസ്റ്റിൽ ചായക്കുശേഷം ഏഴിന് 323 എന്ന നിലയിലാണ് ഇന്ത്യ.
111 പന്തിൽ 146 റൺസുമായി അഞ്ചാം സെഞ്ച്വറി നേടിയ പന്തും 68 റൺസുമായി ക്രീസിലുള്ള ജദേജയുമാണ് ഇന്ത്യയെ നിലയില്ലാക്കയത്തിൽനിന്ന് കരകയറ്റിയത്. അഞ്ചിന് 98 എന്ന നിലയിലായിരുന്ന സന്ദർശകർക്കായി ആറാം വിക്കറ്റിൽ 'സർപന്തു'മാർ 237 പന്തിൽ റൺസ് 222 റൺസാണ് അടിച്ചെടുത്തത്. ഒടുവിൽ 150നരികെ പന്ത് വീണപ്പോഴാണ് ഇംഗ്ലണ്ട് ആശ്വസിച്ചത്.
ഏകദിനത്തിനും ട്വന്റി20ക്കും യോജിച്ച ബാറ്റിങ്ങാണെങ്കിലും അതേ ശൈലിയുമായി അതിലേറെ ടെസ്റ്റിൽ തിളങ്ങുന്ന പന്ത് ഇത്തവണയും പതിവുതെറ്റിച്ചില്ല. കേവലം 82 പന്തിൽ നിന്നാണ് പന്തിന്റെ 87. ഒരു സിക്സും 13 ഫോറും മകുടം ചാർത്തിയ ഇന്നിങ്സ്. മറുവശത്ത് ജദേജ ആക്രമണത്തിനൊപ്പം സൂക്ഷ്മതയും സമ്മേളിപ്പിച്ചപ്പോൾ 98 പന്തിൽ ആറു ബൗണ്ടറി പായിച്ചു.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത നായകൻ ബെൻ സ്റ്റോക്സിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു തുടക്കത്തിൽ ഇംഗ്ലണ്ടിന്റെ ബൗളിങ്. ജെയിംസ് ആൻഡേഴ്സണും മാത്യു പോട്സും നന്നായി പന്തെറിഞ്ഞപ്പോൾ ഇന്ത്യ പരുങ്ങി. ഓപണർമാരായ ശുഭ്മൻ ഗില്ലും (17) ചേതേശ്വർ പുജാരയും (13) തരക്കേടില്ലാത്ത തുടക്കം മുതലാക്കാനാവാതെ പുറത്തായപ്പോൾ റൺസിനുവേണ്ടി ദാഹിക്കുന്ന വിരാട് കോഹ്‍ലിക്കും (11) അധികം ആയുസ്സുണ്ടായില്ല. ഹനുമ വിഹാരിയും (20) പിടിച്ചുനിൽക്കാനാവാതെ മടങ്ങി. മികച്ച ടച്ചിൽ തുടങ്ങിയ ശ്രേയസ് അയ്യർക്കും (15) സ്കോറുയർത്താനായില്ല.
ഗില്ലിനെയും പുജാരയെയും സ്ലിപ്പിൽ സാക് ക്രോളിയുടെ കൈയിലെത്തിച്ച ആൻഡേഴ്സന്റെ പന്തിൽ തന്നെ ശ്രേയസിനെ മനോഹരമായ ക്യാച്ചിൽ വിക്കറ്റിനുപിറകിൽ സാം ബില്ലിങ്സ് മടക്കുകയായിരുന്നു. വിഹാരിയെ വിക്കറ്റിനുമുന്നിൽ കുടുക്കിയ പോട്സ് കോഹ്‍ലിയുടെ ബാറ്റ് വഴി കുറ്റിയും തെറിപ്പിച്ചു. ആറിൽ അഞ്ചു ബാറ്റർമാരും ബാറ്റുവെച്ച് കീഴടങ്ങിയ ഈ ഘട്ടത്തിലായിരുന്നു പന്ത്-ജദേജ കൂട്ടുകെട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.