ലോകകപ്പിൽ പങ്കെടുക്കണോ?; സർക്കാറിനോട് അനുമതി തേടി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്
text_fieldsലാഹോർ: ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകാൻ ഔദ്യോഗിക അനുമതിതേടി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) പാകിസ്താൻ പ്രധാനമന്ത്രി ശെഹ്ബാസ് ശെരീഫിനും ആഭ്യന്തര, വിദേശകാര്യ മന്ത്രാലയത്തിനും കത്തെഴുതി. മറ്റ് രാജ്യങ്ങൾ സന്ദർശിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയബന്ധങ്ങൾ വഷളായതിനാൽ ഇന്ത്യയിൽ പര്യടനം നടത്താൻ സർക്കാർ അനുമതി ആവശ്യമാണ്. പാകിസ്താൻ ടീമിന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ടോയെന്നും അങ്ങനെയുണ്ടെങ്കിൽ പാകിസ്താൻ കളിക്കുന്ന അഞ്ച് വേദികളെക്കുറിച്ച് ആശങ്കയുണ്ടോയെന്ന് കത്തിൽ ചോദിക്കുന്നു. പാകിസ്താൻ സർക്കാർ സുരക്ഷ പ്രതിനിധി സംഘത്തെ അയക്കാൻ ആഗ്രഹിക്കുന്നുണ്ടോയെന്നും പി.സി.ബി കത്തിൽ സൂചിപ്പിച്ചു.
ഇന്ത്യ സന്ദർശിക്കാനും കളിക്കുന്ന വേദികൾക്ക് അംഗീകാരം നൽകാനുമുള്ള അവകാശം പാകിസ്താൻ സർക്കാറിനാണെന്ന് പി.സി.ബി അധികൃതർ പറഞ്ഞു. 2016ലെ പുരുഷ ട്വന്റി20 ലോകകപ്പിനുശേഷം പാകിസ്താൻ ഇന്ത്യയിൽ പര്യടനം നടത്തിയിട്ടില്ല. രണ്ട് ടീമുകളും പത്തു വർഷത്തിലേറെയായി പരമ്പരയിലും പരസ്പരം കളിച്ചിട്ടില്ല. ടൂർണമെന്റുകളിൽ മാത്രമാണ് ഏറ്റുമുട്ടുന്നത്.
ലോകകപ്പിൽ ടീമിന്റെ പങ്കാളിത്തം വിലയിരുത്തുകയാണെന്നും യഥാസമയം പി.സി.ബിയെ നിലപാട് അറിയിക്കുമെന്നും പാകിസ്താൻ വിദേശകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. അടുത്തിടെ വിദേശകാര്യ മന്ത്രി ബിലാവൽ ഭുട്ടോ സർദാരി 12 വർഷത്തിനിടെ സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജനൽ കോ-ഓപറേഷൻ ഉച്ചകോടിക്കായി ഇന്ത്യ സന്ദർശിച്ചിരുന്നു. ജൂലൈ നാലിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് കോർപറേഷൻ യോഗത്തിൽ പ്രധാനമന്ത്രി ശെഹ്ബാസ് ശെരീഫും പങ്കെടുക്കും.
പാകിസ്താനിൽ സർക്കാറിന്റെ കാലാവധി ആഗസ്റ്റിൽ അവസാനിക്കുന്നതിനാൽ, അടുത്ത സർക്കാർ ചുമതലയേൽക്കുന്നത് വരെ ടീം ഇന്ത്യയിലേക്ക് പോകുമോ എന്ന കാര്യത്തിൽ തീരുമാനം മാറ്റിവെക്കാൻ സാധ്യതയുണ്ട്. ഈ ഘട്ടത്തിൽ നിലവിലെ സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കില്ല.
2016ൽ നവാസ് ഷെരീഫിന്റെ സർക്കാർ സുരക്ഷ നിരീക്ഷണത്തിനായി ഒരു പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് അയച്ചശേഷമാണ് ടീമിന് അവസാന നിമിഷം അനുമതി നൽകിയത്. സുരക്ഷപ്രശ്നം കാരണം ഇന്ത്യ-പാകിസ്താൻ മത്സരം ധർമ്മശാലയിൽ നിന്ന് കൊൽക്കത്തയിലേക്ക് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.