പെർത്തിൽ കൊടുത്തതിന് അഡലെയ്ഡിൽ തിരിച്ചുകിട്ടി! ഇന്ത്യക്ക് പത്ത് വിക്കറ്റ് തോൽവി; പരമ്പരയിൽ ഒപ്പത്തിനൊപ്പം
text_fieldsഅഡലെയ്ഡ്: ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കിയെന്നതിൽ രോഹിത്തിനും സംഘത്തിനും ആശ്വസിക്കാം! പെർത്തിൽ കൊടുത്തതിന് അഡലെയ്ഡിൽ ആസ്ട്രേലിയ പരിശസഹിതം തിരിച്ചുകൊടുത്തു. രണ്ടാം ടെസ്റ്റിൽ പത്ത് വിക്കറ്റിനാണ് ഇന്ത്യയുടെ തോൽവി.
രണ്ടാം ഇന്നിങ്സിൽ 175 റൺസിന് ഇന്ത്യയെ പുറത്താക്കിയ ഓസീസിന് ജയിക്കാൻ 19 റൺസ് മതിയായിരുന്നു. ഓപ്പണർമാരായ നഥാൻ മക്സ്വീനെയും (12 പന്തിൽ 10) ഉസ്മാൻ ഖ്വാജയും (എട്ടു പന്തിൽ ഒമ്പത്) അനായാസം ആതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരുടീമുകളും ഒപ്പമെത്തി. ആദ്യ ടെസ്റ്റിൽ ഇന്ത്യ 295 റൺസിന് ജയിച്ചിരുന്നു.
ഓസീസ് നായകൻ പാറ്റ് കമ്മിൻസിന്‍റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിങ്ങിന്‍റെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിലും അൽപമെങ്കിലും പൊരുതിന്നെത് നിതീഷ് കുമാർ റെഡ്ഡിയാണ്. 47 പന്തിൽ 42 റൺസെടുത്താണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്സിലും നിതീഷ് കുമാർ (42 റൺസ്) തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ.
മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 128 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്കോർ ബോർഡ് തുറക്കുന്നതിനു മുമ്പേ ഋഷഭ് പന്തിന്‍റെ വിക്കറ്റ് നഷ്ടമായി. 31 പന്തിൽ 28 റൺസെടുത്ത പന്തിനെ മിച്ചൽ സ്റ്റാർക്ക് സ്മിത്തിന്‍റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് നിതീഷ് കുമാർ പൊരുതിനിന്നെങ്കിലും 14 പന്തിൽ ഏഴു റൺസെടുത്ത ആർ. അശ്വിൻ കമ്മിൻസിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി. ഹർഷിത് റാണയും (പൂജ്യം) വന്നപോലെ മടങ്ങി. കമ്മിൻസിന്‍റെ പന്തിൽ ഖ്വാജക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. ഇതിനിടെ വമ്പനടികൾക്ക് ശ്രമിച്ച നിതീഷ് കുമാറിനെയും കമ്മിൻസ് മക്സ്വീനെയുടെ കൈകളിലെത്തിച്ചു.
എട്ടു പന്തിൽ ഏഴു റൺസെടുത്ത മുഹമ്മദ് സിറാജിനെ ബോളണ്ടും മടക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്സ് 175 റൺസിൽ അവസാനിച്ചു. 180 റൺസെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയായി ഓസീസിനെ ട്രാവിസ് ഹെഡ്ഡിന്റെ (140) തകർപ്പൻ സെഞ്ച്വറി 337ൽ എത്തിച്ചിരുന്നു. പേസർമാരായ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും നാല് വിക്കറ്റ് പ്രകടനമാണ് ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് ലീഡ് 157ൽ ഒതുക്കിയത് മിച്ചം.
ആദ്യ ദിനം ഒരു വിക്കറ്റിന് 86 റൺസിലാണ് ഓസീസ് കളി നിർത്തിയത്. പിറ്റേന്ന് ഇവരെ 337ൽ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ തിരിച്ചടിക്കാമെന്ന പ്രതീക്ഷയിൽ ബാറ്റിങ്ങിന് ഇറങ്ങി. എന്നാൽ, നാലാം ഓവറിൽ ഓപണർ കെ.എൽ. രാഹുലിനെ (7) ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് വിക്കറ്റിന് പിറകിലുണ്ടായിരുന്ന അലക്സ് കാരിയുടെ കൈകളിലേക്കയക്കുമ്പോൾ സ്കോർ ബോർഡിൽ 12. ഒന്നാം ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ വീണ ഓപണർ യശസ്വി ജയ്സ്വാൾ 28 റൺസ് സംഭാവന ചെയ്ത് മറ്റൊരു പേസറായ സ്കോട്ട് ബോളണ്ടിന് വിക്കറ്റ് സമ്മാനിച്ചു. കാരിക്ക് രണ്ടാം ക്യാച്ച്. 42ൽ രണ്ടാം ഓപണറെയും നഷ്ടമായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല ശുഭ്മൻ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും ചുമലുകളിലായി.
ഒരിക്കൽക്കൂടി പരാജിതനായ കോഹ്‌ലി (11) കാരിയുടെ ഗ്ലൗസിൽത്തന്നെ അവസാനിച്ചു. ബോളണ്ടിനായിരുന്നു വിക്കറ്റ്. 66ൽ കോഹ്‌ലിയും കരക്ക് കയറിയതോടെ ഋഷഭ് പന്തെത്തി. മറുതലക്കൽ പ്രതീക്ഷ നൽകിയ ഗിൽ വ്യക്തിഗത സ്കോർ 28ൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ബൗൾഡായി. നാലിന് 86. ക്യാപ്റ്റൻ രോഹിതും പന്തും ചേർന്ന് സ്കോർ 100 കടത്തി. 105ൽ എത്തിയപ്പോൾ രോഹിത്തിന്റെ (5) കുറ്റി കമ്മിൻസ് തെറിപ്പിച്ചു. ഇവിടെ വെച്ചാണ് പന്തും റെഡ്ഡിയും സംഗമിച്ചത്.
ഒന്നാം ഇന്നിങ്സിൽ ഏകദിന ശൈലിയിൽ ബാറ്റു വീശിയ ട്രാവിസ് ഹെഡ്ഡിന്‍റെ സെഞ്ച്വറിയാണ് ആതിഥേയർക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റൺസെടുത്തു പുറത്തായി. നാലു സിക്സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അർധ സെഞ്ച്വറി നേടിയ മാർനസ് ലബുഷെയ്നും (126 പന്തിൽ 64) ഓസീസിനായി തിളങ്ങി. നേഥൻ മക്സ്വീനി (109 പന്തിൽ 39), മിച്ചൽ സ്റ്റാർക്ക് (15 പന്തിൽ 18), അലക്സ് കാരി (32 പന്തിൽ 15) എന്നിവരാണ് ഓസീസിന്‍റെ മറ്റു പ്രധാന സ്കോറർമാര്‍. ഇന്ത്യക്കായി നിതീഷ് കുമാർ റെഡ്ഡിക്കും ആർ. അശ്വിനും ഓരോ വിക്കറ്റുകൾ വീതം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.