കോവിഡ് രോഗികൾക്ക് സൗജന്യ ഭക്ഷണവും മരുന്നും ചികിത്സയും; സഹായഹസ്തവുമായി പത്താൻ സഹോദരങ്ങളുണ്ട്
text_fieldsഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളെന്ന നിലയിൽ ആരാധകരേറെയുള്ള ഇർഫാൻ പത്താനും സഹോദരൻ യൂസുഫ് പത്താനും ദേശീയ ടീമിൽ നിന്നും വിരമിച്ചതിന് ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ് ആളുകളുടെ മനംകവരുന്നത്. കോവിഡ് മഹാമാരിയുടെ കാലത്തും പതിവുപോലെ രാജ്യത്തെ പാവങ്ങൾക്ക് മുമ്പിൽ തങ്ങളുടെ സഹായത്തിെൻറ കൈകൾ നീട്ടുകയാണ് പത്താൻ സഹോദരങ്ങൾ.
കോവിഡുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ നടത്തിയ ക്യാമ്പയിനിലൂടെ സമാഹരിച്ച മുഴുവൻ പണവും രോഗബാധിതർക്കായി നൽകാൻ ഒരുങ്ങുകയാണ് ഇരുവരും. പാവപ്പെട്ടവർക്ക് മരുന്ന് വാങ്ങാനും ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനുമാണ് മുൻഗണന. വെൻറിലേറ്റർ സൗകര്യവും ഓക്‌സിജന്‍ ദൗർലഭ്യവുമുള്ള ആശുപത്രികൾക്ക് അത്തരം സൗകര്യങ്ങൾ ഒരുക്കാനും പണം ചിലവിടുമെന്നാണ് ഇർഫാൻ പത്താൻ പറയുന്നത്.
കോവിഡ് ചികിത്സയിലായിരുന്നു ഇരുവരും രോഗമുക്തരായതിന് ശേഷം ഡൽഹിയിലെ വൈറസ് ബാധിതരായ ആളുകൾക്ക് സൗജന്യ ഭക്ഷണവും താമസ സൗകര്യവും ഒരുക്കിനൽകിയത് വാർത്തയായി മാറിയിരുന്നു. മഹാമാരിയെ തുടർന്ന ജോലി നഷ്ടമായ പാവങ്ങൾക്ക് രാജ്യത്തെ സ്ഥിതി മെച്ചപ്പെടുന്നത് വരെ ഭക്ഷണം നൽകാനായിരുന്നു പത്താൻ സഹോദരങ്ങൾ മുന്നോട്ടുവന്നത്. ഇൗ പ്രവർത്തനത്തിന് ഇരുവർക്കും സമൂഹ മാധ്യമങ്ങളിലടക്കം വലിയ കൈയ്യടിയായിരുന്നു ലഭിച്ചത്. ഡൽഹിയിൽ പ്രവർത്തിക്കുന്ന പത്താൻസ് ക്രിക്കറ്റ് അക്കാദമി മുഖേന രാജ്യ തലസ്ഥാനത്തെ 90,000 കുടുംബങ്ങൾക്കാണ് ഇരുവരും ഭക്ഷണ നൽകുന്നത്. തെരുവിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് താമസസൗകര്യവും ഒരുക്കിയിരുന്നു.
പത്താൻ സഹോദരങ്ങളുടെ പിതാവായ മഹ്മൂദ് ഖാൻ പത്താനും കോവിഡ് കാലത്ത് സഹായവുമായി വഡോദരയിൽ സജീവമാണ്. കഴിഞ്ഞ വർഷം കോവിഡിെൻറ ഒന്നാം തരംഗത്തിെൻറ സമയത്ത് വഡോദരയിലെ തീർത്തും ദരിദ്രമായ ഒരു ജില്ല മുഴുവൻ ഏറ്റെടുത്തുകൊണ്ട് പത്താൻ കുടുംബം ഞെട്ടിച്ചിരുന്നു. കേരളത്തിൽ പ്രളയമുണ്ടായ സമയത്തും ഇർഫാൻ പത്താനും യൂസുഫും സഹായ ഹസ്തങ്ങളുമായി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.