സാം കറനെ ടീമിന്‍റെ നായകനാക്കിയത് ജിതേഷിനെ മറികടന്നോ? വിശദീകരണവുമായി പഞ്ചാബ് ടീം
text_fieldsമുള്ളൻപൂര്‍: ഐ.പി.എല്ലില്‍ ശനിയാഴ്ച രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെ നയിച്ചത് ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറനായിരുന്നു. ശിഖര്‍ ധവാന്‍ പരിക്കു മൂലം പിന്‍മാറിയതിനെ തുടർന്നാണ് കറൻ ടീമിന്‍റെ ക്യാപ്റ്റനായത്.
ഐ.പി.എല്ലിന് മുമ്പ് ചെന്നൈയില്‍ നടന്ന ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടിൽ ധവാന്‍റെ അഭാവത്തിൽ ജിതേഷ് ശര്‍മ ആയിരുന്നു പഞ്ചാബിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. പിന്നാലെ ജിതേഷ് ശര്‍മയെ പഞ്ചാബിന്‍റെ വൈസ് ക്യാപ്റ്റനാക്കിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാൽ, ടോസിടാനായി ഗ്രൗണ്ടിൽ സഞ്ജു സാംസണൊപ്പം സാം കറൻ നിൽക്കുന്നത് കണ്ടതോടെ ആരാധകർക്ക് ആശയക്കുഴപ്പമായി. ക്യാപ്റ്റനില്ലാത്തപ്പോള്‍ ടീമിനെ നയിക്കേണ്ടത് വൈസ് ക്യാപ്റ്റനാണെന്നതിനാല്‍ ജിതേഷ് ശര്‍മ ടീമിനെ നയിക്കുമെന്നായിരുന്നു ആരാധകർ കരുതിയത്.
പിന്നാലെ ജിതേഷിനെ മറികടന്നാണ് സാമിനെ ടീമിന്‍റെ നായകനാക്കിയതെന്ന് ഒരുവിഭാഗം കുറ്റപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായതോടെ മത്സരശേഷം പഞ്ചാബ് കിങ്സ് പരിശീലകന്‍ സഞ്ജയ് ബംഗാർ തന്നെ വിശദീകരണവുമായി രംഗത്തെത്തി. ജിതേഷിനെ ടീമിന്‍റെ വൈസ് ക്യാപ്റ്റനായി നിയോഗിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. ഐ.പി.എല്‍ ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തതുകൊണ്ടാണ് അങ്ങനെയൊരു തോന്നല്‍ ആരാധകര്‍ക്കുണ്ടായതെന്നും സാം കറന്‍ തന്നെയാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റനെന്നും ബംഗാര്‍ വ്യക്തമാക്കി.
ഇംണ്ടിൽനിന്ന് എത്താൻ സാം കറൻ വൈകിയതുകൊണ്ടാണ് ജിതേഷ് ശര്‍മ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ‘ജിതേഷിനെ പഞ്ചാബിന്‍റെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിട്ടില്ല. ടൂർണമെന്‍റിന്‍റെ തുടക്കത്തിൽ ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടിലും യോഗത്തിലും പങ്കെടുത്തതുകൊണ്ടാകാം ഇങ്ങനെയൊരു തോന്നലുണ്ടായത്. കഴിഞ്ഞ വർഷവും സാം ടീമിനെ നയിച്ചിട്ടുണ്ട്. യു.കെയിൽനിന്ന് എത്താൻ സാം വൈകിയതുകൊണ്ടാണ് ഉദ്ഘാടനത്തിന് അദ്ദേഹത്തെ ചെന്നൈയിലേക്ക് അയക്കാൻ കഴിയാതിരുന്നത്. ടീമിലെ ഒരംഗം നിർബന്ധമായും പങ്കെടുക്കേണ്ടതുകൊണ്ട് ജിതേഷിനെ അയക്കുകയായിരുന്നു. അദ്ദേഹമാണ് വൈസ് ക്യാപ്റ്റനെന്ന തോന്നൽ ആരാധകര്‍ക്കുണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ല. ധവാന്‍റെ അഭാവത്തിൽ സാമായിരിക്കും ടീമിനെ നയിക്കുക’ -സഞ്ജയ് ബംഗാർ വ്യക്തമാക്കി.
മത്സരത്തിൽ രാജസ്ഥാനോട് മൂന്നു വിക്കറ്റിന് പഞ്ചാബ് പരാജയപ്പെട്ടിരുന്നു. രാജസ്ഥാൻ കൈവിട്ടുപോയെന്ന് കരുതിയ മത്സരം ഷിമ്രോൺ ഹെറ്റ്മെയറുടെ ബാറ്റിങ് മികവിലാണ് രാജസ്ഥാൻ സീസണിലെ അഞ്ചാം ജയം സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.