'ജയ് ഷാ ഐ.സി.സി ചെയർമാനാകുന്നത് പാകിസ്താൻ എന്തുകൊണ്ട് എതിർത്തില്ല..!'; പിന്നിൽ ചില ധാരണകളുണ്ടെന്ന് മുൻ പാക് ക്യാപ്റ്റൻ
text_fieldsലാഹോർ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ചെയർമാനായി ജയ് ഷാ വരുന്നത് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് എതിർക്കാത്തതിന് കാരണം വെളിപ്പെടുത്തി മുൻ പാക് ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. ജയ് ഷായുടെ വരവ് പാകിസ്താന് ഗുണം ചെയ്യുമെന്നാണ് പാക് താരത്തിന്റെ കണക്കുകൂട്ടൽ. അടുത്ത വർഷം പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കാൻ ജയ് ഷായുടെ ഇടപെടലും പിന്തുണയും ഉണ്ടാകുമെന്നാണ് റാഷിദ് ലത്തീഫ് നൽകുന്ന വിശദീകരണം.
2008 ന് ശേഷം, രാഷ്ട്രീയ സംഘർഷങ്ങളും കളിക്കാരുടെ സുരക്ഷയും കാരണം ഒരു ഉഭയകക്ഷി പരമ്പരക്കും ഇന്ത്യ പാകിസ്താനിലേക്ക് പോയിട്ടില്ല. വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കും ഇന്ത്യൻ ടീം പാകിസ്താനിൽ പോകില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് പാക് മുൻതാരത്തിന്റെ വെളിപ്പെടുത്തൽ.
" പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ജയ് ഷായുടെ നിയമനത്തെ എതിർത്തിട്ടില്ല. അത് ഒരു ധാരണയാണെന്ന് ഞാൻ കരുതുന്നു. ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം വന്നാൽ അതിന് പിന്നിൽ തീർച്ചയായും ജയ് ഷായുടെ ശ്രമവും അവരുടെ സർക്കാരിൽ നിന്നുള്ള പിന്തുണയും ആയിരിക്കും. ബി.സി.സി.ഐയുടെ അനുമതി പാതിവഴിയിൽ നിൽക്കുകയാണ്. ഇന്ത്യ പാകിസ്താനിൽ വരും."- റഷീദ് ലത്തീഫ് പറഞ്ഞു.
ഇന്ത്യയുടെ സർക്കാറിൽ വലിയ സ്വാധീനമുള്ള ജയ് ഷായുടെ ഇടപെടലിൽ വലിയ പ്രതീക്ഷയിലാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡെന്നാണ് മുൻ പാക് ക്യാപ്റ്റന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
എതിരില്ലാതെയാണ് ജയ് ഷാ ഐ.സി.സി ചെയർമാനാകുന്നത്. ന്യൂസിലന്‍ഡുകാരനായ ഗ്രെഗ് ബാര്‍ക്ലേ ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്ത് തുടരില്ലെന്ന് വ്യക്തമാക്കിയതിനെ തുടർന്നാണ് ജയ് ഷാക്ക് നറുക്ക് വീഴുന്നത്.
ഐ.സി.സി ചെയർമാനാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് 35കാരനായ ഷാ. ഐ.സി.സിയുടെ തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ജയ് ഷാ. എന്‍. ശ്രീനിവാസന്‍ (2014-2015), ശശാങ്ക് മനോഹര്‍ (2015-2020) എന്നിവർ ഐ.സി.സി ചെയർമാൻ പദവി വഹിച്ചിരുന്നു. ജഗ്മോഹന്‍ ഡാല്‍മിയ (1997-2000), ശരദ് പവാര്‍ (2010-2012) എന്നിവർ പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ഡിസംബർ ഒന്നിന് ഷാ ചുമതല ഏറ്റെടുക്കും. ഷാക്കു പകരം റോഷൻ ജെയ്റ്റിലി അടുത്ത ബി.സി.സി.ഐ സെക്രട്ടറിയാകുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.