'അതും പോയി'; ന്യൂസിലൻഡ് ടീമിന്‍റെ സുരക്ഷ ജീവനക്കാർക്ക് ബിരിയാണി നൽകിയ വകയിൽ പാക് ക്രിക്കറ്റ് ബോർഡിന് ചെലവ് 27 ലക്ഷം!
text_fieldsഇസ്ലാമാബാദ്: ടോസിനായി നാണയമെറിയാൻ മിനിറ്റുകൾ ബാക്കി നിൽക്കെ അത്യന്തം നാടകീയമായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീം പര്യടനത്തിൽ നിന്ന് പിന്മാറിയതിെൻറ സങ്കടവും പ്രതിഷേധവും പാകിസ്താന് ഇനിയും അടങ്ങിയിട്ടില്ല. 18 വർഷത്തെ ദീർഘമായ ഇടവേളക്കു ശേഷം സ്വന്തം നാട്ടിലെത്തിയ ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിന് കനത്ത സുരക്ഷയായിരുന്നു പാക് അധികൃതർ ഒരുക്കിയിരുന്നത്. സുരക്ഷാജീവനക്കാർക്ക് ബിരിയാണി നൽകിയ വകയിൽ മാത്രം 27 ലക്ഷം രൂപയാണ് പാക് ക്രിക്കറ്റ് ബോർഡ് നൽകേണ്ടത് എന്നാണ് പുതിയ റിപ്പോർട്ട്.
അഞ്ച് എസ്.പിമാരെയും അഞ്ഞൂറോളം പൊലീസ് ഓഫീസർമാരെയും നിരവധി സൈനികരെയും പാകിസ്താൻ സുരക്ഷക്കായി അണിനിരത്തിയിരുന്നു. ഇവരെല്ലാവരും ദിവസം രണ്ടുനേരം വെച്ച് ബിരിയാണി കഴിച്ചതിന്‍റെ ബിൽ തുകയാണ് പാക് ക്രിക്കറ്റ് ബോർഡിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വൻറി20 മത്സരങ്ങളും അടങ്ങുന്ന ലിമിറ്റഡ് ഓവർ പരമ്പരക്കായാണ് ന്യൂസിലൻഡ് ടീം പാകിസ്താനിലെത്തിയത്. റാവൽപിണ്ടിയിലെ ആദ്യ ഏകദിന മത്സരം ആരംഭിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു സുരക്ഷ കാരണങ്ങൾ പറഞ്ഞ് ന്യൂസിലൻഡ് ടീം പരമ്പരയിൽനിന്നു പിന്മാറിയത്. ന്യൂസിലൻഡ് സർക്കാർ നൽകിയ മുന്നറിയിപ്പനുസരിച്ചാണ് പിന്മാറുന്നതെന്നും എത്രയും വേഗം തങ്ങളുടെ ടീം പാകിസ്താൻ വിടുമെന്നുമാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് വിശദീകരിക്കുന്നത്. ന്യൂസിലൻഡ് ടീമിന് ഭീഷണി സന്ദേശം ഉൾകൊള്ളിച്ചുള്ള ഇമെയിൽ അയച്ചത് ഇന്ത്യയിൽ നിന്നാണെന്നാണ് പാകിസ്താന്റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.