ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിലെ നഷ്ടം 738 കോടി; കടുത്ത നടപടികളുമായി പി.സി.ബി; ബാധ്യത താരങ്ങളുടെ തലയിലേക്ക്!
text_fieldsഇസ്ലാമാബാദ്: നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ രാജ്യത്ത് വിരുന്നെത്തിയ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയെ വലിയ പ്രതീക്ഷയോടെയാണ് പാകിസ്താനും രാജ്യത്തെ ക്രിക്കറ്റ് ബോർഡും വരവേറ്റത്. സ്റ്റേഡിയങ്ങളുടെ നവീകരണം ഉൾപ്പെടെ ടൂർണമെന്‍റിന് ഒരുങ്ങാനായി 869 കോടി രൂപയാണ് പി.സി.ബി ചെലവഴിച്ചത്. എന്നാൽ, ഇന്ത്യ പാകിസ്താനിലേക്ക് വരില്ലെന്ന് അറിയിച്ചതോടെ തന്നെ ടൂർണമെന്‍റിന്‍റെ പകിട്ട് നഷ്ടപ്പെട്ടു.
രാഷ്ട്രീയ കാരണങ്ങളാൽ ഹൈബ്രിഡ് മോഡലിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബൈയിലാണ് നടത്തിയത്. ഫൈനൽ ഉൾപ്പെടെയുള്ള വേദികളും നഷ്ടമായതോടെ മുതൽമുടക്കിന്‍റെ 15 ശതമാനം മാത്രമാണ് വരുമാന ഇനത്തിലും മറ്റുമായി പി.സി.ബിക്ക് ലഭിച്ചത്. ടൂർണമെന്‍റ് നടത്തിപ്പ് വഴി 738.22 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പുറത്തുവരുന്ന വിവരം.
റാവൽപിണ്ടി, ലാഹോർ, കറാച്ചി സ്റ്റേഡിയങ്ങളുടെ നവീകരണത്തിന് 58 മില്യൺ ഡോളറാണ് പി.സി.ബി മുടക്കിയത്. അവരുടെ ബജറ്റിനേക്കാൾ 50 ശതമാനം അധിക തുകയാണിത്. കൂടാതെ, ടൂർണമെന്‍റിനുള്ള മറ്റു തയാറെടുപ്പുകൾക്കായി 40 മില്യൺ ഡോളറും ചെലവഴിച്ചു. എന്നാൽ, ഹോസ്റ്റ് ഫീ ഇനത്തിലും ടിക്കറ്റ് വിൽപന, സ്പോൺസർഷിപ്പ് വഴിയുമായി 52 കോടി രൂപ മാത്രമാണ് പി.സി.ബിക്ക് ലഭിച്ചത്. ആതിഥേയ രാജ്യമായ പാകിസ്താന് നാട്ടിൽ ഒരു മത്സരം മാത്രമാണ് കളിക്കാനായത്, ന്യൂസിലൻഡിനെതിരെ. ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടന്നത് ദുബൈയിലാണ്.
ബംഗ്ലാദേശിനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു. പാകിസ്താനിൽ നിശ്ചയിച്ചിരുന്ന മറ്റു ടീമുകളുടെ രണ്ടു മത്സരങ്ങളും മഴമൂലം ഒഴിവാക്കിയിരുന്നു. ഗ്രൂപ്പ് റൗണ്ടിൽ തന്നെ പാകിസ്താൻ പുറത്തായതും ബോർഡിന് വൻതിരിച്ചടിയായി. ഇതോടെ വലിയ സാമ്പത്തിക ബാധ്യത താരങ്ങളുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കമാണ് പി.സി.ബി നടത്തുന്നത്. ഇതിന്‍റെ ഭാഗമായി രാജ്യത്തെ ട്വന്‍റി20 ചാമ്പ്യൻഷിപ്പിലെ മാച്ച് ഫീയിൽ 90 ശതമാനത്തിന്‍റെ കുറവാണ് വരുത്തിയിരിക്കുന്നത്.
റിസർവ് താരങ്ങളുടെ വരുമാനം 87.5 ശതമാനമായും കുറച്ചു. നേരത്തെ താരങ്ങൾക്ക് താമസം ഒരുക്കിയിരുന്നത് പഞ്ചനക്ഷത്ര ഹോട്ടലുകളിലാണെങ്കിലും ഇനി മുതൽ അതുണ്ടാകില്ല. ബജറ്റ് ഹോട്ടലുകളിലാകും താരങ്ങൾക്ക് താമസം. ഔദ്യോഗിക പ്രഖ്യാപനം ഇല്ലാതെ തന്നെ പി.സി.ബി താരങ്ങളുടെ മാച്ച് ഫീ 40,000 രൂപയിൽനിന്ന് 10,000 രൂപയാക്കി വെട്ടിക്കുറച്ചതായി ദേശീയപത്രം ഡോൺ റിപ്പോർട്ട് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.