ടെസ്റ്റ് കളിക്കാൻ വിസമ്മതിച്ചു; ഹാരിസ് റൗഫുമായുള്ള കരാർ റദ്ദാക്കി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്
text_fieldsആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽനിന്ന് പിന്മാറിയ പേസർ ഹാരിസ് റൗഫിനെതിരെ കടുത്ത നടപടിയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി). താരവുമായുള്ള കരാർ പി.സി.ബി റദ്ദാക്കി. ഈവർഷം ജൂൺ 30 വരെ വിദേശ ലീഗുകളിൽ കളിക്കുന്നതിന് താരത്തിന് നിരാക്ഷേപ പത്രം (എൻ.ഒ.സി) നൽകില്ലെന്നും ബോർഡ് വ്യക്തമാക്കി.
2023 ഡിസംബർ 18 മുതൽ 2024 ജനുവരി ഏഴു വരെ മൂന്നു ടെസ്റ്റുകളാണ് പാകിസ്താൻ ആസ്ട്രേലിയയിൽ കളിച്ചത്. ടെസ്റ്റ് പരമ്പരയിൽ കളിക്കാമെന്ന് ബോർഡിനെ ആദ്യം അറിയിച്ചിരുന്ന താരം, പിന്നീട് ടീമിൽനിന്ന് ഫിറ്റ്നസ് പ്രശ്നങ്ങളും സമ്മർദവും ചൂണ്ടിക്കാട്ടി അപ്രതീക്ഷിതമായി പിന്മാറുകയായിരുന്നു. പരമ്പരയിലെ മൂന്നു ടെസ്റ്റുകളും പാകിസ്താൻ തോറ്റിരുന്നു.
ടെസ്റ്റ് ടീമിൽനിന്ന് പിന്മാറിയ താരം ബിഗ് ബാഷ് ലീഗിൽ കളിക്കുകയും ചെയ്തു. പിന്നാലെയാണ് താരത്തിനെതിരെ അച്ചടക്ക നടപടിയെടുത്തത്. മതിയായ കാരണങ്ങള്‍ ബോധിപ്പിക്കുകയോ, മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യാതെ ഹാരിസ് റൗഫ് ടെസ്റ്റ് പരമ്പരയില്‍നിന്ന് വിട്ടു നിന്നതിനാലാണ് കരാര്‍ റദ്ദാക്കുന്നതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ബി കാറ്റഗറിയിൽ ഉൾപ്പെടുന്ന ഹാരിസിന് മാസം ശമ്പളമായി 4.6 മില്യൺ പാകിസ്താൻ രൂപയും മാച്ച് ഫീയും മറ്റു ആനുകൂല്യങ്ങളും ബോണസുമാണ് പി.സി.ബി നൽകുന്നത്.
കരാർ റദ്ദാക്കുന്നതോടെ ഈ ആനുകൂല്യങ്ങളൊന്നും താരത്തിന് ലഭിക്കില്ല. അച്ചടക്ക സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് താരത്തിനെതിരെ നടപടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.