ഫസ്റ്റ് ക്ലാസ് യാത്ര, സ്വീറ്റ് റൂം, 1000 ഡോളർ... ബി.സി.സി.ഐ ഭാരവാഹികൾക്ക് പ്രതിദിന അലവൻസ് എത്ര?
text_fieldsPerks of BCCI’s honorary job: First-class travel, suite room and USD 1,000 per day on foreign tripsരാജ്യത്ത് പണമൊഴുകുന്ന ക്രിക്കറ്റിലെ പരമോന്നത സമിതിയായ ബി.സി.സി.ഐയുടെ തലപ്പത്തുള്ളവർക്ക് വിദേശ യാത്രകൾക്കും മറ്റും എന്തു ലഭിക്കും? ഇതുവരെയും നൽകിവന്ന തുകയിലും ആനുകൂല്യങ്ങളിലും കാര്യമായ വർധന വരുത്തി കഴിഞ്ഞ ദിവസം ചേർന്ന ബി.സി.സി.ഐ ഉന്നതാധികാര സമിതിക്കു മുമ്പാകെ സമർപിച്ച റിപ്പോർട്ടിലാണ് കണക്കുകളുള്ളത്. ഏഴു വർഷത്തിനു ശേഷമാണ് വർധന.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, ജോയിൻറ് സെക്രട്ടറി എന്നിവരുൾപ്പെടെ ഭാരവാഹികൾക്ക് രാജ്യത്തിനകത്ത് യോഗങ്ങളിൽ പങ്കെടുക്കാൻ ബിസിനസ് ക്ലാസ് യാത്രക്കൊപ്പം അലവൻസായി പ്രതിദിനം 40,000 രൂപ ലഭിക്കും. ‘ജോലിയുടെ ഭാഗമായ യാത്ര’ക്ക് ഒരു ദിവസം 30,000 രൂപ വീതം നൽകും. രാജ്യത്തിനകത്താണെങ്കിലും പുറത്താണെങ്കിലും മുൻനിര ഹോട്ടലിൽ താമസത്തിനായി സ്വീറ്റ് റൂം തന്നെ ബുക്കു ചെയ്യാം. വിദേശ യാത്രയിലാണെങ്കിൽ ഫസ്റ്റ് ക്ലാസ് യാത്രക്കൊപ്പം 1,000 ഡോളറും (ഏകദേശം 82,000 രൂപ) ലഭിക്കും. നേരത്തെ 750 ഡോളറായിരുന്നതാണ് 1,000 ആക്കിയത്. ഐ.പി.എൽ ചെയർമാനും ഇതേ പട്ടികയിൽ വരും.
ബി.സി.സി.ഐ ഉന്നതാധികാര സമിതി അംഗങ്ങൾ (ഇന്ത്യൻ ക്രിക്കറ്റേഴ്സ് അസോസിയേഷനിലെ രണ്ട് അംഗങ്ങൾ അടക്കം)ക്ക് മൂന്നു മാസത്തിലൊരിക്കൽ നടക്കുന്ന യോഗങ്ങൾക്ക് പ്രതിദിനം 40,000 രൂപ നൽകും. വിദേശത്താണെങ്കിൽ പ്രതിദിനം 500 ഡോളറും.
സംസ്ഥാനങ്ങളിലെ അംഗങ്ങൾക്ക് ആഭ്യന്തര യാത്രക്ക് പ്രതിദിനം 30,000 രൂപയും വിദേശത്താകുമ്പോൾ 400 ഡോളറും ലഭിക്കും. ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങൾക്ക് ദേശീയ പുരുഷ- വനിത ടീമുകളെ തെരഞ്ഞെടുക്കുന്ന യോഗങ്ങൾക്ക് 3.5 ലക്ഷം രൂപ നൽകും. ഇവർക്കും വിദേശയാത്ര വേണ്ടിവന്നാൽ 400 ഡോളർ പ്രതിദിനമുണ്ടാകും.
ബി.സി.സി.ഐ പദവികൾ ഓണററി പദവികളാണെന്നത് ശ്രദ്ധേയമാണ്. മികച്ച ശമ്പളത്തിന് നിയമിതരായ സി.ഇ.ഒ ഉൾപ്പെടെ ആളുകൾക്കുമുണ്ട് സമാന ആനുകൂല്യങ്ങൾ. വിദേശ യാത്രക്ക് 650 ഡോളർ വീതവും രാജ്യത്തിനകത്ത് 15,000 രൂപയുമാകും ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.