കത്തിക്കയറി ഫിൽ സാൾട്ട്; ലഖ്നോക്കെതിരെ കൊൽക്കത്തക്ക് അനായാസ ജയം
text_fieldsകൊൽക്കത്ത: ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എട്ട് വിക്കറ്റിന്റെ അനായാസ ജയം. 162 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തക്കായി ഓപണർ ഫിൽ സാൾട്ട് കത്തിക്കയറിയതോടെ 15.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ആതിഥേയർ ജയം പിടിക്കുകയായിരുന്നു.
ഫിൽ സാൾട്ട് 47 പന്തിൽ മൂന്ന് സിക്സും 14 ഫോറുമടക്കം 89 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ക്യാപ്റ്റൻ ശ്രേയസ് അയ്യർ 38 പന്തിൽ അത്രയും റൺസുമായി കൂട്ടുനിന്നു. സുനിൽ നരെയ്ൻ (6), അങ്ക്രിഷ് രഘുവൻഷി (7) എന്നിവരാണ് പുറത്തായ ബാറ്റർമാർ. മുഹ്സിൻ ഖാനാണ് ലഖ്നോക്കായി ഇരു വിക്കറ്റും വീഴ്ത്തിയത്.
നേരത്തെ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ലഖ്നോ 161 റൺസിലെത്തിയത്. കണിശതയോടെ പന്തെറിഞ്ഞ കൊൽക്കത്ത ബൗളർമാർ ആരെയും കൂറ്റനടികൾക്ക് അനുവദിച്ചിരുന്നില്ല. കൊൽക്കത്തക്കായി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തിയ മത്സരത്തിൽ അവസാന ഘട്ടത്തിൽ 32 പന്തിൽ നാല് സിക്സും രണ്ട് ഫോറുമടക്കം 45 റൺസെടുത്ത നിക്കൊളാസ് പൂരനാണ് ലഖ്നോ സ്കോർ 150 കടത്തിയത്.
ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ടോസ് നേടിയ കൊൽക്കത്ത സന്ദർശകരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 10 റൺസെടുത്ത ഓപണർ ക്വിന്റൺ ഡി കോക്കിന്റെ വിക്കറ്റാണ് ലഖ്നോക്ക് ആദ്യം നഷ്ടമായത്. തുടർന്നെത്തിയ ദീപക് ഹൂഡ എട്ട് റൺസുമായി മടങ്ങിയതോടെ ലഖ്നോ പ്രതിസന്ധിയിലായി. മൂന്നാം വിക്കറ്റിൽ കെ.എൽ രാഹുലും ആയുഷ് ബദോനിയും ചേർന്നാണ് വൻ തകർച്ചയിൽനിന്ന് ടീമിനെ കരകയറ്റിയത്. സ്കോർ 78ൽ എത്തിനിൽക്കെ 27 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 39 റൺസെടുത്ത രാഹുലിനെ ആന്ദ്രെ റസ്സലിന്റെ പന്തിൽ റൺദീപ് സിങ് പിടികൂടി. തുടർന്ന് മാർകസ് സ്റ്റോയിനിസും (അഞ്ച് പന്തിൽ 10), ആയുഷ് ബദോനിയും (27 പന്തിൽ 29) അടുത്തടുത്ത് മടങ്ങിയതോടെ ലഖ്നോ 150 കടക്കില്ലെന്ന് തോന്നിച്ചു.
എന്നാൽ, ആറാമനായെത്തിയ നിക്കൊളാണ് പൂരൻ ടീമിനെ തരക്കേടില്ലാത്ത സ്കോറിൽ എത്തിക്കുകയായിരുന്നു. അവസാന ഓവറിൽ സ്റ്റാർക്കിന്റെ പന്തിൽ ഫിൽ സാൾട്ടിന് പിടികൊടുത്ത് പൂരനും മടങ്ങി. പിന്നാലെയെത്തിയ അർഷദ് ഖാനെ (5) അവസാന പന്തിൽ സ്റ്റാർക്ക് ബൗൾഡാക്കിയതോടെ ലഖ്നോ ഇന്നിങ്സിനും വിരാമമായി. അവസാന ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടമായ ലഖ്നോക്ക് ആറ് റൺസ് മാത്രമാണ് നേടാനായത്. ക്രുണാൽ പാണ്ഡ്യ (എട്ട് പന്തിൽ ഏഴ്) പുറത്താവാതെ നിന്നു. കൊൽക്കത്തക്കായി മിച്ചൽ സ്റ്റാർക്കിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിന് പുറമെ വൈഭവ് അറോറ, സുനിൽ നരൈൻ, വരുൺ ചക്രവർത്തി, ആന്ദ്രെ റസ്സൽ എന്നിവർ ഓരോ വിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.