പിങ്ക് അലർട്ട്: ഇന്ത്യ-ആസ്ട്രേലിയ രണ്ടാം ടെസ്റ്റ് നാളെ മുതൽ
text_fieldsഅഡലെയ്ഡ്: ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുന്ന ബോർഡർ - വാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് വെള്ളിയാഴ്ച അഡലെയ്ഡ് ഓവലിൽ തുടക്കമാവും. ഇന്ത്യൻ സമയം രാവിലെ 9.30നാണ് കളി ആരംഭിക്കുന്നതെങ്കിലും ആസ്ട്രേലിയയിൽ ഇത് പകൽ-രാത്രി മത്സരമാണ്. പിങ്ക് ബാൾ ടെസ്റ്റാണിതെന്ന പ്രത്യേകതയുമുണ്ട്.
പിങ്ക് ബാൾ ടെസ്റ്റ്
സാധാരണ ടെസ്റ്റ് മത്സരങ്ങളിൽ ചുവന്ന പന്തുകളാണ് ഉപയോഗിക്കാറ്. പരിമിത ഓവർ മത്സരങ്ങൾക്ക് വെളുത്തതും. അപൂർവമായി നടക്കുന്ന പകൽ-രാത്രി ടെസ്റ്റിനാണ് പിങ്ക് ബാൾ ഉപയോഗിക്കുക. പിങ്ക് ബാൾ ടെസ്റ്റ് എല്ലാ ദിവസവും ഉച്ചക്ക് തുടങ്ങി രാത്രി അവസാനിക്കും.
സാധാരണ ടെസ്റ്റിൽ ഉച്ചഭക്ഷണത്തിനും വൈകീട്ടത്തെ ചായക്കും ഇടവേള നൽകും. പിങ്ക് ബാൾ ടെസ്റ്റിൽ വൈകീട്ടത്തെ ചായക്കും രാത്രി ഭക്ഷണത്തിനും കളി നിർത്തും. അഞ്ച് ദിവസം നീളുന്ന മത്സരങ്ങൾ കാണാൻ ആരാധകർ കുറഞ്ഞു വന്നപ്പോഴാണ് പകൽ-രാത്രിയെന്ന ആശയം ഉരിത്തിരിഞ്ഞത്. പകൽ ആളുകൾക്ക് ജോലിക്ക് പോയി രാത്രി കളി കാണാൻ സമയം ലഭിക്കും.
ശാസ്ത്രീയ വശങ്ങൾ
ടെസ്റ്റ് ക്രിക്കറ്റിൽ താരങ്ങൾ വെള്ള വസ്ത്രം ധരിച്ചാണ് കളിക്കുക. പന്ത് നന്നായി കാണാനാണ് ചുവപ്പ് നിറത്തുള്ളത് ഉപയോഗിക്കുന്നത്. ഏകദിനവും ട്വന്റി20യും പോലെ വെള്ളപ്പന്ത് കൊണ്ട് ടെസ്റ്റ് കളിച്ചാലുണ്ടയേക്കാവുന്ന കാഴ്ച പ്രശ്നങ്ങളും ഒഴിവാക്കാം. ചുവന്ന പന്തുകൾ കൂടുതൽ സ്വിങ് നൽകും. ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമാണത്. പകൽ-രാത്രി ടെസ്റ്റുകൾക്ക് ചുവന്ന പന്തുകൾ ഉപയോഗിച്ചാൽ കാഴ്ച പ്രശ്നമുണ്ടായേക്കും.
പ്രത്യേകിച്ച് പന്ത് പഴകുമ്പോൾ. ഫ്ലഡ് ലൈറ്റിന് കീഴിൽ ചുവന്ന പന്തുകൾ കാണാൻ ബാറ്റർമാർക്ക് ബുദ്ധിമുട്ടാണ്. ഇത് തടയാനാണ് പിങ്ക് പന്തുകൾ ഉപയോഗിക്കുന്നത്. ഫ്ലഡ് ലൈറ്റിൽ വ്യക്തമായി കാണുന്ന തരത്തിലാണ് ഇവയുടെ നിറവും ഡിസൈനും. തിളക്കവും നീണ്ടുനിൽക്കും. ഇക്കാരണത്താൽ പകലും രാത്രിയും ബാറ്റർമാർക്കും ഫീൽഡർമാർക്കും ബുദ്ധിമുട്ടുണ്ടാവില്ല.
നിർമാണം
പിങ്ക് പന്തുകൾ കറുത്ത നൂലുകൊണ്ടും ചുവന്നവ വെളുത്ത നൂലുകൊണ്ടുമാണ് നിർമിക്കുന്നത്. പിങ്കിന് ഒരു അധിക പാളിയുള്ളതിനാലാണ് തിളക്കം ഏറെസമയം നീണ്ടുനിൽക്കുന്നത്. പന്തുകൾ വേഗം പഴകുന്നതിൽ നിന്നും സംരക്ഷിക്കുന്നത് നിർമാണത്തിലെ പ്രത്യേകതയാണ്. ചുവന്ന പന്തുകളെക്കാൾ സ്വിങ് പിങ്ക് ബാളുകൾക്ക് ലഭിക്കും. പിങ്ക് ബാൾ ടെസ്റ്റുകളിലെ ആദ്യ ഓവറുകൾ ബാറ്റർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഇതുകൊണ്ടാണ്.
എസ്ജി, ഡ്യൂക്സ്, കൂക്കബുറ തുടങ്ങിയ കമ്പനികളാണ് പ്രധാന ക്രിക്കറ്റ് ബാൾ നിർമാതാക്കൾ. ഇന്ത്യയിൽ കൂടുതലായും ഉപയോഗിക്കുന്നത് എസ്ജി പന്തുകളാണ്. ഇംഗ്ലണ്ടിലും വെസ്റ്റിൻഡീസിലും ഡ്യൂക്സ് പന്തുകളും. ആസ്ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യക്കാർക്ക് പ്രിയം കൂക്കബുറ പന്തുകളാണ്. നിർമാണ രീതിക്കനുസരിച്ച് ചലനവും വേഗവും തിളക്കവുമൊക്കെ വ്യത്യാസപ്പെട്ടിരിക്കും.
ചരിത്രം
2009ൽ ഇംഗ്ലണ്ടും ആസ്ട്രേലിയയും തമ്മിൽ നടന്ന വനിത ഏകദിന മത്സരത്തിലാണ് ആദ്യം പിങ്ക് ബാൾ ഉപയോഗിച്ചത്. പിന്നീട് വെസ്റ്റിൻഡീസിലും ഇംഗ്ലണ്ടിലും പാകിസ്താനിലുമെല്ലാം ആഭ്യന്തര മത്സരങ്ങളിൽ ഇത് സജീവമായി. ഏകദിന ക്രിക്കറ്റിന് പുറമെ ട്വന്റി20 ഫോർമാറ്റിനും ജനപ്രീതി ലഭിച്ചതോടെ ടെസ്റ്റ് മത്സരങ്ങൾക്ക് കാണികൾ കുറഞ്ഞുവന്നു.
പകൽ-രാത്രി ടെസ്റ്റുകൾ എന്ന ആശയം രൂപപ്പെട്ടതോടെ ആദ്യ ഘട്ടം മഞ്ഞ, ഓറഞ്ച്, പിങ്ക് പന്തുകളൊക്കെ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്നു. പിന്നീട് പിങ്കിൽ കേന്ദ്രീകരിച്ചു. 2015 നവംബറിൽ അഡലെയ്ഡിൽ നടന്ന ആസ്ട്രേലിയ-ന്യൂസിലൻഡ് മത്സരമാണ് ആദ്യ പിങ്ക് ബാൾ ടെസ്റ്റ്. മൂന്നാംനാൾ ആസ്ട്രേലിയ മൂന്ന് വിക്കറ്റിന് ജയിച്ചു.
ഇന്ത്യ ഇതുവരെ
ക്രിക്കറ്റ് ചരിത്രത്തിൽ 22 പിങ്ക് ബാൾ ടെസ്റ്റുകളാണ് നടന്നത്. ഒന്നുപോലും സമനിലയിലായില്ല. ആസ്ട്രേലിയ 12 എണ്ണം കളിച്ച് 11ലും ജയിച്ചു. ഇംഗ്ലണ്ട് ഏഴും വെസ്റ്റിൻഡീസ് അഞ്ചും ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ന്യൂസിലൻഡ് ടീമുകൾ നാല് വീതവും ദക്ഷിണാഫ്രിക്ക രണ്ടും പിങ്ക് ബാൾ ടെസ്റ്റുകൾക്ക് ഇറങ്ങി. നാലിൽ മൂന്നും ജയിച്ച ഇന്ത്യയുടെ ആദ്യ മത്സരം 2019ൽ ബംഗ്ലാദേശിനെതിരെയായിരുന്നു.
കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ആതിഥേയർ ഇന്നിങ്സിനും 46 റൺസിനും വിജയിച്ചു. ഇന്ത്യയുടെ ആദ്യ എവേ പിങ്ക് ബാൾ ടെസ്റ്റ് ആസ്ട്രേലിയക്കെതിരെ 2020 -21 ബോർഡർ ഗവാസ്കർ പരമ്പരയിൽ അഡലെയ്ഡിൽ നടന്നു. രണ്ടാം ഇന്നിങ്സിൽ വെറും 36 റൺസിന് പുറത്തായ ഇന്ത്യക്കെതിരെ ഓസീസ് എട്ട് വിക്കറ്റിന് ജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.