പിങ്ക് ടെസ്റ്റ്: ആദ്യ ദിനം ഇന്ത്യ സുരക്ഷിതമായ നിലയിൽ
text_fieldsഗോൾഡ് കോസ്റ്റ്: ചരിത്രത്തിലാദ്യമായി പിങ്ക് പന്ത് ടെസ്റ്റ് ചെയ്യാനിറങ്ങിയ ഇന്ത്യൻ വനിതകൾ ഓസീസിനെതിരായ ഏക ഡേ - നൈറ്റ് ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യദിനം അവിസ്മരണീയമാക്കി. ഒറ്റ വിക്കറ്റ് മാത്രം നഷ്ടമായ ഇന്ത്യൻ വനിതകൾ 132 റൺസെടുത്ത് സുരക്ഷിതമായ നിലയിലാണ്.
സെഞ്ച്വറിക്കരികിൽ നിൽക്കുന്ന ഓപണർ സ്മൃതി മന്ദാനയും ഒപ്പം നിൽക്കുന്ന പൂനം റൗത്തുമാണ് ആദ്യ ദിവസത്തെ കളി നിർത്തുമ്പോൾ ക്രീസിൽ. ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യൻ വനിതകളെ ബാറ്റിങ്ങിനയച്ചത് ഏറെ പ്രതീക്ഷിച്ചായിരുന്നു. എന്നാൽ ഷെഫാലി വർമ നങ്കൂരമിട്ടപ്പോൾ സ്മൃതി മന്ദാന ഏകദിന മൂഡിൽ തല്ലിത്തകർത്തു.
51 പന്തിൽ നിന്ന് മന്ദാന അർധ ശതകം കുറിച്ചു. അതിൽ 11 ഉം ബൗണ്ടറികൾ. പിന്നീട് മന്ദാനയും ജാഗ്രത കാട്ടിയപ്പോൾ സ്കോറിങ് മെല്ലെയായി.
സ്കോർ 93 ൽ എത്തിയപ്പോൾ സ്പിന്നർ സോഫി മോളിനെക്സിെൻറ പന്തിൽ തഹ്ലിയ മക്ഗ്രാത്തിന് പിടികൊടുത്ത് ഷെഫാലി പുറത്തായി. 64 പന്തിൽ 31 റൺസാണ് ഷെഫാലി കൂട്ടിച്ചേർത്തത്.
മറുവശത്ത് പൂനം റൗത്തും മന്ദാനക്കൊപ്പം ഉറച്ചുനിന്നപ്പോൾ ഓസീസിന് നിരാശപ്പെടേണ്ടിവന്നു. കളി നിർത്തുമ്പോൾ മന്ദാന 144 പന്തിൽ 80 റൺസുമായും പൂനം 57 പന്തിൽ 16 റൺസുമായും ക്രീസിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.