ട്വൻറി20 ലോകകപ്പിന് പ്ലാൻ ബി
text_fieldsദുബൈ: കോവിഡ് പിടിമുറുക്കുന്ന ഇന്ത്യയിൽനിന്ന് ട്വൻറി 20 ലോകകപ്പ് യു.എ.ഇയിലേക്ക് പറിച്ചുനടാൻ ഒരുങ്ങുന്നു. വേദി മാറ്റുന്ന കാര്യം പരിഗണനയിലുണ്ടെന്നും യു.എ.ഇക്കാണ് സാധ്യത കൂടുതലെന്നും ബി.സി.സി.ഐ ഗെയിം െഡവലപ്മെൻറ് ജനറൽ മാനേജർ ധീരജ് മൽഹോത്ര സ്ഥിരീകരിച്ചു. കഴിഞ്ഞ സീസൺ ഐ.പി.എൽ സുരക്ഷിതമായി നടത്തിയതാണ് യു.എ.ഇയെ പരിഗണിക്കാൻ മുഖ്യകാരണം. ഒക്ടോബർ- നവംബർ മാസങ്ങളിൽ ഇന്ത്യയിലെ എട്ട് വേദികളിലാണ് ലോകകപ്പ് നടക്കേണ്ടത്.
ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഐ.പി.എല്ലിൽ നിന്ന് താരങ്ങൾ കൊഴിഞ്ഞുപോകുന്ന സാഹചര്യത്തിൽ ലോകകപ്പ് സമയബന്ധിതമായി നടത്താൻ 'പ്ലാൻ ബി' ഉണ്ടെന്ന് ഐ.സി.സി അറിയിച്ചിരുന്നു. ഐ.സി.സിയുടെ ആസ്ഥാനമായ യു.എ.ഇ കേന്ദ്രീകരിച്ച് നടത്താനാണ് 'പ്ലാൻ ബി' എന്നാണ് സൂചന.
ഇക്കാര്യം പരിഗണനയിലുണ്ടെന്ന് ഐ.സി.സി വക്താവും അറിയിച്ചു. എന്നാൽ, ഇന്ത്യയിൽ തന്നെ നടത്താൻ പരമാവധി ശ്രമിക്കുമെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായില്ലെങ്കിൽ യു.എ.ഇയെ പരിഗണിക്കുമെന്നും മൽഹോത്ര കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് മാറ്റിവെച്ച ടൂർണമെൻറായതിനാൽ ഇക്കുറി സമയബന്ധിതമായി തന്നെ നടത്താനാണ് ഐ.സി.സിയുടെ തീരുമാനം. ബംഗളൂരു, ചെന്നൈ, ധരംശാല, ഹൈദരാബാദ്, ലഖ്നോ, മുംബൈ, ന്യൂഡൽഹി, അഹ്മദാബാദ് എന്നീ നഗരങ്ങളാണ് ലോകകപ്പ് വേദിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ നഗരങ്ങളെല്ലാം കോവിഡിെൻറ പിടിയിലാണ്. മേയ് 21 മുതൽ ഡൽഹിയിൽ നടക്കേണ്ട ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പ് ദുബൈയിലേക്ക് മാറ്റിയിട്ടുണ്ട്.
എന്തുകൊണ്ട് യു.എ.ഇ?
ബി.സി.സി.ഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും കഴിഞ്ഞ വർഷം ആതിഥേയത്വ കരാർ ഒപ്പുവെച്ചിരുന്നു. കഴിഞ്ഞ സീസൺ ഐ.പി.എൽ സുരക്ഷിതമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് കരാർ ഒപ്പുവെച്ചത്. ടൂർണമെൻറിന് മുമ്പ് ചെന്നൈ സൂപ്പർ കിങ്സ് സംഘത്തിലെ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതൊഴിച്ചാൽ ബാക്കിയെല്ലാം സുരക്ഷിതമായിരുന്നു. ബയോബബ്ളിനുള്ളിൽ താരങ്ങൾക്ക് ബീച്ചുകളിൽ ആസ്വദിക്കാനും കുടുംബങ്ങളോടൊത്ത് കഴിയാനും അവസരം നൽകി.
അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലാണ് വേദികൾ. മൂന്ന് നഗരങ്ങൾക്കിടയിലും മണിക്കൂറുകൾക്കുള്ളിൽ ഓടിയെത്താൻ കഴിയും. കോവിഡ് സാഹചര്യത്തിൽ യാത്രകൾ കുറക്കാൻ ഇത് ഉപകരിക്കും. ഐ.സി.സിയുടെ ആസ്ഥാനവും ദുബൈയിലാണ്. ഇവിടെയുള്ള സൗകര്യത്തിൽ ഒരേസമയം നിരവധി ടീമുകൾക്ക് പരിശീലനം നടത്താം.
യു.എ.ഇയിൽ കോവിഡ് ബാധിതരുടെ എണ്ണവും കുറവാണ്. മേയ് 16ന് നടക്കുന്ന പ്രസിഡൻറ് കപ്പ് ഫുട്ബാൾ ഫൈനലിൽ വാക്സിനെടുത്തവർക്ക് കളികാണാൻ അവസരം നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കാണികളെ ഉൾപ്പെടുത്തി ലോകകപ്പ് നടത്താനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.