കളിക്കാരുടെ സുരക്ഷയാണ് പ്രധാനം; ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകുന്നതിൽ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കും -അനുരാഗ് ഠാക്കൂർ
text_fieldsലഹോർ: ഏഷ്യാകപ്പിനായി ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകണോ എന്ന കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കുമെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂർ. പാകിസ്താനിൽ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ടീമിനെ അയച്ചില്ലെങ്കിൽ ഇന്ത്യയിൽ അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽനിന്ന് പിന്മാറുമെന്ന പാകിസ്താന്റെ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ അങ്ങനെയൊന്നും അവഗണിക്കാനാകില്ലെന്നും ലോകകപ്പിനായി എല്ലാ പ്രമുഖ ടീമുകളും ഇന്ത്യയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
''പാകിസ്താനിലേക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കോവിഡ് 19 വരുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? എന്തും സംഭവിക്കാമെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. പക്ഷേ, ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോകാനുള്ള സാധ്യത കുറവാണ്. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കും. ആത്യന്തികമായി കളിക്കാരുടെ സുരക്ഷയാണ് പ്രധാനം''– ഠാക്കൂർ പറഞ്ഞു.
''ഏകദിന ലോകകപ്പ് അടുത്ത വർഷം ഇന്ത്യയിൽ നടക്കുകയും ലോകത്തിലെ പ്രധാന ടീമുകളെല്ലാം അതിൽ പങ്കെടുക്കുകയും ചെയ്യും. ഒരു കായികയിനത്തിലും ഇന്ത്യയെ അവഗണിക്കാൻ കഴിയില്ല. കായികമേഖലക്ക് ഇന്ത്യ നൽകിയ സംഭാവനകൾ വളരെ വലുതാണ്, പ്രത്യേകിച്ച് ക്രിക്കറ്റിൽ. ഇന്ത്യയില്ലാതെ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാനാകുമോ?'' –അദ്ദേഹം ചോദിച്ചു.
പാകിസ്താനിൽ നടത്താൻ നിശ്ചയിച്ച ടൂർണമെന്റിന് ഇന്ത്യൻ ടീമിനെ അയക്കില്ലെന്ന ബി.സി.സി.ഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുമായ ജയ്ഷായുടെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇതോടെ ഏഷ്യാ കപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ട തർക്കവും ആശങ്കയും പരിഹരിക്കാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എ.സി.സി) അടിയന്തര യോഗം വിളിക്കണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
ഏഷ്യാ കപ്പ് പാകിസ്താനിൽ നിന്ന് മറ്റൊരു നിഷ്പക്ഷ രാജ്യത്തേക്ക് മാറ്റണമെന്നും ഷാ ആവശ്യപ്പെട്ടിരുന്നു. പ്രശ്നം രമ്യമായി പരിഹരിച്ചില്ലെങ്കിൽ, ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽനിന്ന് പിൻമാറുമെന്നായിരുന്നു പാക് ക്രിക്കറ്റ് ബോർഡിന്റെ ഭീഷണി. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) വിവാദത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.