‘കളിക്കാർ രാജ്യത്തെക്കാളും വലുതല്ല’; ബി.സി.സി.ഐയുടേത് ശരിയായ നടപടിയെന്ന് കപിൽദേവ്
text_fieldsന്യൂഡൽഹി: ആഭ്യന്തര ലീഗിൽ കളിക്കാതെ മാറിനിന്നതിന് ബി.സി.സി.ഐ ദേശീയ കരാറിൽനിന്ന് മാറ്റിനിർത്തുന്ന നടപടി ശരിയായ തീരുമാനമെന്ന് കപിൽ ദേവ്. രഞ്ജി കളിക്കാത്തതിനെതുടർന്ന് ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരെ പുതിയ വർഷത്തെ പട്ടികയിൽനിന്ന് മാറ്റിനിർത്തിയതിനെ തുടർന്നായിരുന്നു പ്രതികരണം.
‘ശരിയാണ്, ചില താരങ്ങൾക്ക് പ്രയാസമുണ്ടാകും. അത് ഉണ്ടാകട്ടെ. കാരണം, രാജ്യത്തെക്കാളും ആരും വലുതല്ല. ആഭ്യന്തര ക്രിക്കറ്റിന്റെ നിലവാരം സംരക്ഷിക്കാൻ സ്വീകരിച്ച നടപടിക്ക് ബി.സി.സി.ഐയെ ഞാൻ അഭിനന്ദിക്കുന്നു. രാജ്യാന്തര ക്രിക്കറ്റിൽ ഇടമുറപ്പിക്കുന്നതോടെ പ്രമുഖരിൽ പലരും ആഭ്യന്തര ക്രിക്കറ്റ് ഒഴിവാക്കുന്നത് എന്നെ വിഷമിപ്പിച്ചു- എന്നായിരുന്നു കപിലിന്റെ വാക്കുകൾ.
പുതുതായി ദേശീയ കരാർ പ്രഖ്യാപിച്ച ബി.സി.സി.ഐ ആഭ്യന്തര ക്രിക്കറ്റിലും ശ്രദ്ധിക്കണമെന്ന് താരങ്ങൾക്ക് പ്രത്യേക നിർദേശം നൽകിയിരുന്നു. കഴിഞ്ഞ സീസണിൽ 25കാരനായ ഇഷാൻ കിഷൻ ഝാർഖണ്ഡിനായി രഞ്ജിട്രോഫിയിൽ പാഡുകെട്ടിയിരുന്നില്ല. ഡിസംബറിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുശേഷം ദേശീയ ടീമിനൊപ്പം കളിക്കാതിരുന്നിട്ടും വിട്ടുനിന്നു.
പകരം അടുത്ത മാസം ആരംഭിക്കുന്ന ഐ.പി.എല്ലിനായി തയാറെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ശ്രേയസ് അയ്യർ മുംബൈ- ബറോഡ ക്വാർട്ടർ ഫൈനലിൽനിന്ന് വിട്ടുനിന്നതാണ് നടപടിക്ക് കാരണമായത്. എന്നാൽ, ഇന്ന് തുടങ്ങുന്ന സെമിയിൽ തമിഴ്നാടിനെതിരെ താരം ഇറങ്ങും. അതേസമയം, മുൻതാരങ്ങൾക്ക് ലഭിക്കുന്ന പ്രതിമാസ പെൻഷൻ ഉയർത്തിയതും കപിൽ അഭിനന്ദിച്ചു.
മുൻ ഫസ്റ്റ് ക്ലാസ് താരങ്ങൾക്ക് 15,000 ആയിരുന്നത് 30,000വും മുൻ ടെസ്റ്റ് താരങ്ങൾക്ക് 37,500 എന്നത് 60,000ഉം ആയി ഉയർത്തിയിരുന്നു. വനിത താരങ്ങൾക്കും ഉയർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.