കളിക്കാർ പെട്രോളിലല്ല ഓടുന്നത്; ഐ.സി.സിക്കും ക്രിക്കറ്റ് ബോർഡുകൾക്കും മുന്നറിയിപ്പുമായി ശാസ്ത്രി
text_fieldsദുബൈ: ക്രിക്കറ്റ് ബോർഡുകളും ഐ.സി.സിയും കളിക്കാരുടെ മാനസികാരോഗ്യത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന വിമർശനവുമായി ഇന്ത്യൻ ടീം പരിശീലകൻ രവിശാസ്ത്രി. കഴിഞ്ഞ ആറ് മാസമായി ബയോ ബബിളിൽ തുടരുന്ന ഇന്ത്യൻ താരങ്ങൾ കടുത്ത മാനസിക-ശാരീരിക ക്ഷീണം അനുഭവിക്കുന്നുണ്ടെന്നും ശാസ്ത്രി പറഞ്ഞു. ട്വന്‍റി 20 ലോകകപ്പിൽ സെമിയിലെത്താതെ ഇന്ത്യ പുറത്തായതിന് പിന്നാലെയാണ് രവിശാസ്ത്രിയുടെ പ്രതികരണം.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മോശം പ്രകടത്തിന് ബയോ ബബിളും കാരണമായിട്ടുണ്ടെന്ന് ശാസ്ത്രി പറഞ്ഞു. ഞാൻ ഒഴികഴിവ് പറയുകയല്ല. പക്ഷേ കഴിഞ്ഞ ആറ് മാസമായി ഞങ്ങൾ ബയോബബിളിലാണ്. ഐ.പി.എല്ലിനും ലോകകപ്പിനും ഇടയിൽ ദീർഘമായൊരു ഇടവേള ഞങ്ങൾ ആഗ്രഹിച്ചിരുന്നു. എല്ലാവരും മനുഷ്യരാണ്. പെട്രോളിലല്ല കളിക്കാർ ഓടുന്നതെന്നും ശാസ്ത്രി പറഞ്ഞു. ട്വന്‍റി 20 ലോകകപ്പിലെ നമീബിയക്കെതിരായ അവസാന മത്സരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ പരിശീലകൻ.
കളിക്കാരുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ ഐ.സി.സിയും ബോർഡുകളും എന്താണ് ചെയ്യുന്നതെന്ന് അറിയാൻ താൽപര്യമുണ്ട്. കാരണം ഭാവിയിൽ ഇത്തരം ബയോ ബബിളിൽ കളിക്കേണ്ട സീരിസുകളിൽ നിന്ന് കളിക്കാർ പിൻവാങ്ങിയേക്കാം. അതുകൊണ്ട് ഇക്കാര്യത്തിൽ പുനർവിചിന്തനം വേണമെന്ന് ശാസ്ത്രി ആവശ്യപ്പെട്ടു. ഇപ്പോഴുള്ള ഇന്ത്യൻ സംഘം ഒരു വിജയ ടീമാണെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയിൽ നടക്കുന്ന ട്വന്‍റി 20 ലോകകപ്പിൽ സെമി കാണാതെ ഇന്ത്യ പുറത്തായിരുന്നു. ആദ്യ മത്സരത്തിൽ പാകിസ്താനോടും രണ്ടാമത്തെ കളിയിൽ ന്യൂസിലാൻഡിനോടും തോറ്റതോടെയാണ് ഇന്ത്യക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.