‘ഇന്ത്യക്കെതിരെ കളിക്കുമ്പോൾ തെരുവ് കുട്ടികൾക്കെതിരെ കളിക്കുന്നത് പോലെ’; തന്റെ പേരിലുള്ള വ്യാജ പോസ്റ്റിനെതിരെ പാക് താരം
text_fieldsകറാച്ചി: തന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇന്ത്യാവിരുദ്ധ വ്യാജ പോസ്റ്റിനെതിരെ പാകിസ്താൻ ക്രിക്കറ്റ് താരം ഇഫ്തിഖാർ അഹ്മദ്. ‘ഇന്ത്യക്കെതിരെ കളിക്കുമ്പോഴെല്ലാം നമ്മൾ തെരുവ് കുട്ടികൾക്കെതിരെ കളിക്കുന്നതായി തോന്നും’ എന്നായിരുന്നു നവാസ് എന്നയാൾ ഇഫ്തിഖാർ അഹ്മദ് പറഞ്ഞെന്ന രീതിയിൽ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ്് ചെയ്തത്.
ഇതിനെതിരെ താരം ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ഒരു പ്രഫഷനൽ ക്രിക്കറ്ററും ഇത്തരമൊരു പ്രസ്താവന നടത്തില്ലെന്ന് പറഞ്ഞ 32കാരൻ, വിദ്വേഷം പ്രചരിപ്പിക്കുന്ന ഈ അക്കൗണ്ട് നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.
‘ഞാൻ ഒരിക്കലും നടത്തിയിട്ടില്ലാത്ത ഈ പ്രസ്താവനയെക്കുറിച്ച് ബോധവാനാണ്. ഒരു പ്രഫഷനൽ ക്രിക്കറ്ററും ഇത്തരമൊരു പ്രസ്താവന നടത്തില്ല. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക’ താരം കുറിച്ചു. വിദ്വേഷം പ്രചരിപ്പിക്കുകയും ബ്ലൂ ടിക്ക് ദുരുപയോഗിക്കുകയും ചെയ്യുന്നതിനാൽ ദയവായി ഈ അക്കൗണ്ട് നിരോധിക്കണമെന്നും ഇലോൺ മസ്കിനെ ടാഗ് ചെയ്ത് താരം ആവശ്യപ്പെട്ടു. പാകിസ്താന് വേണ്ടി നാല് ടെസ്റ്റും 12 ഏകദിനങ്ങളും 49 ട്വന്റി 20യും കളിച്ച താരമാണ് ഇഫ്തിഖാർ അഹ്മദ്.
ഏഷ്യാകപ്പ് നടക്കുന്നത് പാകിസ്താനിലാണെങ്കിൽ ഇന്ത്യൻ ടീം കളിക്കില്ലെന്ന് ബി.സി.സി.ഐ നിലപാടെടുത്തിരുന്നു. അങ്ങനെയെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ബഹിഷ്‍കരിക്കുമെന്ന് പാകിസ്താനും മുന്നറിയിപ്പ് നൽകി. മാസങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ ഏഷ്യകപ്പ് ശ്രീലങ്കയിലും പാകിസ്താനിലുമായി നടത്താൻ തീരുമാനിക്കുകയായിരുന്നു. ആകെയുള്ള 13 മത്സരങ്ങളിൽ ഒമ്പതെണ്ണം ശ്രീലങ്കയിൽ നടക്കുമ്പോൾ നാലെണ്ണത്തിനാണ് പാകിസ്താൻ വേദിയാവുക.
ലോകകപ്പിൽ കളിക്കില്ലെന്ന തീരുമാനത്തിൽനിന്ന് പാകിസ്താൻ പിന്നീട് പിന്മാറിയിരുന്നു. ഒക്ടോബർ 14ന് അഹ്മദാബാദിലാണ് ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം അരങ്ങേറുന്നത്. അതിന് മുമ്പായി ഏഷ്യ കപ്പിൽ ഇരു ടീമും മൂന്നുതവണ ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.