പെരിന്തൽമണ്ണയിൽ പവർ ഹിറ്റ്; ഐ.പി.എൽ തിരക്കിലേക്ക് സഞ്ജു
text_fieldsമലപ്പുറം: ഐ.പി.എൽ മത്സരങ്ങൾക്ക് മുന്നോടിയായി അടവുകൾ മിനുക്കിയെടുക്കാൻ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണും കൂട്ടരും പെരിന്തൽമണ്ണയിലെ അങ്കത്തട്ടിലിറങ്ങി. രണ്ടു ദിവസത്തെ പരിശീലനത്തിനാണ് സഞ്ജുവും സംഘവും പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാജസ്ഥാൻ ടീമിന്റെ ഡയറക്ടർ സുബിൻ ബറൂച്ചയും 12 പേരടങ്ങുന്ന നെറ്റ് ബൗളർമാരുമെത്തിയിരുന്നു. ഇതിനു പിന്നാലെ സഞ്ജുവും കേരള ക്രിക്കറ്റ് താരങ്ങളും പെരിന്തൽമണ്ണയിലെത്തി. ശനിയാഴ്ച ആദ്യ പരിശീലനത്തിനിറങ്ങി.
രാജസ്ഥാൻ റോയൽസിന്റെ ഒഫിഷ്യൽസും നെറ്റ് ബൗളർമാരും കേരള രഞ്ജി താരങ്ങളും ശനിയാഴ്ചയും ഞായറാഴ്ചയും നെറ്റ് പ്രാക്ടീസ് സെഷനിൽ പങ്കെടുത്തു. ചൂടുള്ള കാലാവസ്ഥയിലും ആദ്യദിനം നാലു മണിക്കൂറും രണ്ടാം ദിനം മൂന്നു മണിക്കൂറും പരിശീലനത്തിനായി സഞ്ജു സമയം കണ്ടെത്തി. കേരള താരങ്ങളുടെ കൂടെ രാജസ്ഥാൻ നെറ്റ് ബൗളർമാർ ഏറെനേരം സമയം ചെലവഴിച്ചു.
കേരള താരങ്ങളായ രോഹൻ കുന്നുമ്മൽ, അബ്ദുൽ ബാസിത്, സൽമാൻ നിസാർ, ആനന്ദ് കൃഷ്ണ, കൃഷ്ണ പ്രസാദ്, എം.ഡി. നിധീഷ്, എൻ.പി. ബേസിൽ, വിഷ്ണുരാജ്, ടി.കെ. മിഥുൻ, എം. അജ്നാൻ എന്നിവരും സഞ്ജുവിനൊപ്പം പരിശീലനത്തിന് ഇറങ്ങിയിരുന്നു. സഞ്ജുവിന്റെ കളി കാണാൻ നിരവധി ആരാധകർ സ്റ്റേഡിയത്തിലെത്തി.
ജോളി റോവേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ സഞ്ജുവിന്റെ കൂറ്റൻ കട്ടൗട്ടും സ്റ്റേഡിയത്തിൽ സ്ഥാപിച്ചിരുന്നു. മികച്ച നെറ്റ് പ്രാക്ടീസ് സൗകര്യങ്ങൾ ഉള്ളതിനാലാണ് പെരിന്തൽമണ്ണ സ്റ്റേഡിയം തെരഞ്ഞെടുത്തത്. മുമ്പും സഞ്ജു ഈ സ്റ്റേഡിയത്തിൽ കളിക്കാനെത്തിയിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കിയ സഞ്ജുവും സംഘവും ഞായറാഴ്ച വൈകീട്ട് മടങ്ങി. മാർച്ച് 22നാണ് ഐ.പി.എൽ സീസൺ ആരംഭിക്കുന്നത്. 24നാണ് ലഖ്നോ സൂപ്പർ ജയന്റ്സുമായി രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം. കഴിഞ്ഞ ഐ.പി.എല്ലിൽ രാജസ്ഥാൻ ടീം അഞ്ചാം സ്ഥാനത്തായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.