''കർഷകരുടെ വെള്ളവും വൈദ്യുതിയും കട്ടാക്കിയപ്പോൾ മിണ്ടാതിരുന്നവരൊക്കെ ഇപ്പോൾ ഉണർന്നിരിക്കുന്നു'' -സചിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ
text_fieldsമുംബൈ: കാർഷിക സമരം അന്താരാഷ്ട്രതലത്തിൽ ചർച്ചയായതിനെ പ്രതിരോധിക്കാനായി കേന്ദ്രസർക്കാർ ഒരുക്കിയ 'ഇന്ത്യ എഗെയ്ൻസ്റ്റ് പ്രൊപ്പഗണ്ട' കാമ്പയിനിൽ അണിചേർന്ന ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറെ പരിഹസിച്ച് സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.
''കർഷകർക്കുള്ള വൈദ്യുതിയും വെള്ളവും ഇന്‍റർനെറ്റും ഒഴിവാക്കി അടച്ചിട്ടപ്പോൾ മിണ്ടാതിരുന്ന വമ്പൻ സെലിബ്രിറ്റികളെല്ലാം രിഹാനയും ഗ്രേറ്റ തുംബെർഗും പറഞ്ഞതിന് പിന്നാലെ പെട്ടെന്ന് നിശബ്ദത വെടിഞ്ഞിരിക്കുന്നു. നട്ടെല്ലില്ലാത്തവരും ഹൃദയമില്ലാത്തവരുമായ 'സർക്കാറി' സെലിബ്രിറ്റികൾ ' -സചിന്‍റെ ട്വീറ്റിന് മറുപടിയായി പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.
''ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ബാഹ്യശക്തികൾ കാഴ്ചക്കാരായിരിക്കാം. പക്ഷേ പങ്കെടുക്കുന്നവരല്ല. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. ഇന്ത്യക്കായി തീരുമാനിക്കണം. ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് ഒരുമിച്ചുനിൽക്കാം'' -സചിൻ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു.
പോപ് ഗായിക രിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് തുടങ്ങിയവരടക്കമുള്ള ആഗോള സെലിബ്രിറ്റികൾ കർഷക പ്രക്ഷോഭം സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തിയത് കേന്ദ്രസർക്കാറിന് പ്രതിഛായ നഷ്ടം ഉണ്ടാക്കിയിരുന്നു. ഇതിന് തടയിടാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് 'ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപ്പഗണ്ട' കാമ്പയിൻ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.