സ്വന്തം ബയോപിക് കണ്ട് വികാരഭരിതനായി ക്രിക്കറ്റർ പ്രവീൺ താംബെ; സിനിമ കണ്ടത് കെ.കെ.ആർ ടീമിനൊപ്പം
text_fieldsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും പ്രായം കൂടിയ താരമായി പേരെടുത്ത പ്രവീൺ താംബെ ക്രിക്കറ്റ് സർക്കിളിൽ സുപരിചിതനാണ്. 41ാം വയസിൽ പ്രഫഷനൽ ക്രിക്കറ്റിലെത്തി ഒരുപിടി മികച്ച പ്രകടനങ്ങളുമായി പേരെടുത്ത താരത്തിന്റെ ജീവിതകഥ പലർക്കും പ്രചോദനമാണ്. ഇന്നിപ്പോൾ അത് സിനിമയുമായി.
കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീം അംഗങ്ങൾക്കൊപ്പം 'കോൻ പ്രവീൺ താംബെ' കണ്ട ലെഗ്സ്പിന്നർക്ക് വികാരം അടക്കിപ്പിടിക്കാനായില്ല. സിനിമ കണ്ട ശേഷം സംസാരിക്കാനായി എഴുന്നേറ്റ പ്രവീൺ പൊട്ടിക്കരഞ്ഞു. കെ.കെ.ആർ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇൗ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
'നിങ്ങളുടെ സ്വപ്നങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുത്. സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നു. സത്യമായിട്ടും, സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നു'-താംബെ വികാരനിർഭരനായി പറഞ്ഞു. '41ാം വയസിലാണ് ഞാൻ അരങ്ങേറ്റം കുറിച്ചതെന്ന് പലർക്കും അറിയാം. പക്ഷേ അതിന് മുമ്പ് ഞാൻ എന്താണ് ചെയ്തതെന്ന് അറിയില്ല. അതിനാൽ ആളുകൾ സിനിമ കാണുകയും അറിയുകയും ചെയ്യും. ഒരിക്കലും വിട്ടുകൊടുക്കരുതെന്ന പാഠം അവർ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു'-താംബെ കൂട്ടിച്ചേർത്തു.
'സിനിമ കാണാൻ ഞങ്ങൾ വളരെ ആവേശഭരിതരായി കാത്തിരിക്കുകയായിരുന്നു. ഇന്ന് കാണാൻ സാധിച്ചു. അത് വികാരഭരിതമായിരുന്നു, പാട്ടുകളും മനോഹരമായിരുന്നു, അവസാനം അദ്ദേഹത്തിന്റെ സംസാരം കേട്ട് ഞാനും ചെറുതായി കരഞ്ഞു'-കെ.കെ.ആർ നായകൻ ശ്രേയസ് അയ്യർ പറഞ്ഞു.
ജയപ്രസാദ് ദേശായ് സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ കോൻ പ്രവീൺ താംബെ ഒ.ടി.ടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് റിലീസ് ചെയ്തത്. ശ്രേയസ് താൽപഡെയാണ് താംബെയായി അഭിനയിച്ചിരിക്കുന്നത്. പരംബ്രത ചാറ്റർജി, ആശിഷ് വിദ്യാർഥി, അഞ്ജലി പാട്ടീൽ എന്നിവരാണ് മറ്റ് താരങ്ങൾ.
2013ൽ രാജസ്ഥാനാണ് താബെയെ ആദ്യമായി ടീമിലെടുത്തത്. അതിന് മുമ്പ് അദ്ദേഹം പ്രഫഷനൽ ക്രിക്കറ്റ് കളിച്ചിട്ടില്ല. ആ സീസണിൽ രാജസ്ഥാൻ ജഴ്സിയണിഞ്ഞതോടെ ഐ.പി.എല്ലിൽ അരങ്ങേറിയ ഏറ്റവും പ്രായം കൂടിയ താരമായി അദ്ദേഹം മാറി. 2014 സീസണിൽ കൊൽക്കത്തക്കെതിരെ ഹാട്രിക് നേടി മിന്നിത്തിളങ്ങി.
2020 ഐ.പി.എല്ലിന് മുന്നോടിയായി നടന്ന താരലേലത്തിൽ കെ.കെ.ആർ താംബെയെ ലേലത്തിൽ എടുത്തു. അനുമതിയില്ലാതെ ടി10 ലീഗിൽ കളിച്ചുവെന്ന കാരണത്താൽ താംബെയുടെ കരാർ ബി.സി.സി.ഐ റദ്ദാക്കി. ഐ.പി.എൽ ലേലത്തിൽ വിറ്റുപോകുന്ന പ്രായം കൂടി കളിക്കാരനും താംബെ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.