പ്രമുഖർക്കെതിരെ കടുത്ത ആരോപണങ്ങൾ; ചീഫ് സെലക്ടർ ചേതൻ ശർമയെ പുറത്താക്കാൻ സമ്മർദം
text_fieldsഇന്ത്യൻ ടീമിനെ പ്രതിസന്ധിയുടെ മുനയിൽ നിർത്തുന്ന വെളിപ്പെടുത്തലുകളുമായി സ്റ്റിങ് ഓപറേഷനിൽ കുടുങ്ങിയ ചീഫ് സെലക്ടർ ചേതൻ ശർമയെ പദവിയിൽനിന്ന് മാറ്റിനിർത്താൻ സമ്മർദം ശക്തമായി. പ്രമുഖരെയെല്ലാം കുറ്റക്കാരാക്കുകയും ഫിറ്റ്നസില്ലാതെ മരുന്ന് കുത്തിവെച്ച് കളിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്ത ചേതൻ ശർമക്കൊപ്പം നിൽക്കാൻ ബി.സി.സി.ഐക്ക് ആകില്ലെന്നാണ് സൂചന. മുൻ ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി, ക്യാപ്റ്റൻ രോഹിത് ശർമ, മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി, സ്റ്റാർ പേസർ ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ തുടങ്ങി പല താരങ്ങളെയും ടി.വി ചാനൽ നടത്തിയ സ്റ്റിങ് ഓപറേഷനിൽ കുറ്റപ്പെടുത്തുന്നുണ്ട്.
സെലക്ഷൻ കമ്മിറ്റിയുടെ തലപ്പത്ത് ഇനിയും ചേതൻ ശർമയെ നിർത്താൻ കളിക്കാർ തന്നെ സമ്മതിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. പ്രമുഖരെല്ലാം ഒന്നിച്ച് സെലക്ഷൻ കമ്മിറ്റിയിൽ തലമാറ്റം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. കഴിഞ്ഞ വർഷം നവംബറിൽ പുറത്താക്കപ്പെട്ട ശർമ അധികം വൈകാതെ ജനുവരിയിൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. തെറ്റായ തീരുമാനങ്ങൾ മൂലം ഇന്ത്യൻ ടീം സമീപകാലത്ത് തുടരുന്ന മോശം പ്രകടനമായിരുന്നു അന്ന് പുറത്താകലിലെത്തിച്ചത്. എന്നാൽ, ടീമിലെ അംഗങ്ങൾ മാറിയെങ്കിലും ചേതൻ ശർമ തിരിച്ചെത്തി.
മാധ്യമ സ്ഥാപനത്തിൽനിന്നാണെന്ന് വെളിപ്പെടുത്താതെ നടത്തിയ അഭിമുഖമാണെങ്കിലും ഒരിക്കലും പുറത്തെത്തരുതാത്ത വിവരങ്ങൾ പുറത്തുപറഞ്ഞതിന് ചേതൻ ശർമ വിശദീകരണം നൽകേണ്ടിവരും.
കളിയെക്കാൻ താനാണ് വലുതെന്ന് വിശ്വസിക്കുന്നയാളാണ് കോഹ്‍ലിയെന്നായിരുന്നു ചേതൻ ശർമയുടെ ഒരു ആരോപണം. കോഹ്‍ലിയെ നായകസ്ഥാനത്തുനിന്ന് ഇറക്കുന്നതിൽ അന്നത്തെ ബി.സി.സി.ഐ അധ്യക്ഷന് പങ്കില്ലെന്നുമ താനുൾപ്പെടെ സെലക്ടർമാർ ഒന്നിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വേണ്ടത്ര ഫിറ്റ്നസ് ഇല്ലാത്ത താരങ്ങൾ 100 ശതമാനം ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് വരുത്താൻ ഇഞ്ചക്ഷൻ ഉപയോഗിക്കുന്നതായും പരിശോധനയിൽ പിടിക്കപ്പെടാത്ത ഉത്തേജകങ്ങളാണ് ഇതിന് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. താരങ്ങളുടെ ഡോക്ടർമാരാണ് ഇതിന് മുന്നിൽനിന്നത്. ടീം മാനേജ്മെന്റിന് ഇതേ കുറിച്ച് അറിയില്ലായിരുന്നു.
2022ലെ ആസ്ട്രേലിയൻ പരമ്പരയിൽ ജസ്പ്രീത് ബുംറ തന്റെ പരിക്ക് മറച്ചുവെച്ചാണ് എത്തിയത്. ട്വൻറി20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കാനായിരുന്നു ഇത് ചെയ്തത്. അതോടെ, ഇപ്പോഴും തിരിച്ചെത്താനാകാത്ത വിധം പരിക്ക് കൂടി.
ഹാർദിക് പാണ്ഡ്യ തന്നെ കാണാൻ ഇടക്ക് വീട്ടിൽ വരാറുണ്ടെന്നും വീട്ടിലെ സോഫയിൽ കിടന്നുറങ്ങിയെന്നും വരെ ആരോപണത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.