പ്രധാനമന്ത്രി ‘ശാസിച്ചു’; ബംഗ്ല ക്യാപ്റ്റൻ തമീമിന് മനംമാറ്റം
text_fieldsധാക്ക: രാജ്യാന്തര ക്രിക്കറ്റിൽനിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി ബംഗ്ല ക്രിക്കറ്റിൽ ഞെട്ടലുണ്ടാക്കിയ ക്യാപ്റ്റൻ തമീം ഇഖ്ബാലിന് മനം മാറ്റമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി ശൈഖ് ഹസീന ഇടപെട്ടതിനെ തുടർന്നാണ് വെറ്ററൻ ഇടംകൈയൻ ബാറ്റർ കളി നിർത്താനുള്ള നീക്കം ഉപേക്ഷിക്കുന്നത്. പ്രധാനമന്ത്രി തന്നെ വീട്ടിലേക്ക് വിളിച്ച് ശാസിച്ചതായും വീണ്ടും കളിക്കാൻ ആവശ്യപ്പെട്ടതായും തമീം പഞ്ഞു.
പ്രധാനമന്ത്രിയെ പോലൊരാൾ ആവശ്യപ്പെടുമ്പോൾ ഇല്ലെന്നു പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാനിസ്താനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം തോറ്റതിനു പിറകെയായിരുന്നു വിരമിക്കൽ. ‘‘ഇത് എന്റെ കളിക്ക് അവസാനമാണ്. പരമാവധി ഞാൻ സമർപ്പിച്ചിട്ടുണ്ട്. ഈ നിമിഷം ഞാൻ കളിയിൽനിന്ന് വിരമിക്കുകയാണ്. അഫ്ഗാനിസ്താനെതിരെയായിരുന്നു എന്റെ അവസാന മത്സരം. ഇതാണ് ശരിയായ സമയമെന്ന് ഞാൻ മനസ്സിലാക്കുന്നു’’ എന്നായിരുന്നു പ്രഖ്യാപനം.
കളി നിർത്താനുള്ള തീരുമാനത്തിനു പിറകെ താരത്തിനെതിരെ രൂക്ഷ വിമർശനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് രംഗത്തുവന്നു. നൂറുശതമാനം ഫിറ്റ്നസ് ഇല്ലാതെ കളിച്ചുവെന്നായിരുന്നു ആരോപണം. പരമ്പരയിൽ ഇനിയുള്ള മത്സരങ്ങൾക്ക് ലിട്ടൺ ദാസാകും ക്യാപ്റ്റൻ. ഒന്നര മാസത്തെ ഇടവേളക്കു ശേഷമാകും തമീം വീണ്ടും ടീമിൽ തിരിച്ചെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.