സെൽഫി തർക്കം: പൃഥ്വി ഷായെ ആക്രമിച്ച കേസിൽ സപ്ന ഗില്ലിനെയും മറ്റ് മൂന്ന് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
text_fieldsമുംബൈ: സെൽഫിയെടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായെ ആക്രമിച്ച കേസിൽ ഭോജ്പുരി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സപ്ന ഗില്ലിനെയും മറ്റ് മൂന്ന് പേരെയും മുംബൈ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഫെബ്രുവരി 20 ന് പ്രാഥമിക പൊലീസ് റിമാൻഡ് അവസാനിച്ചതിന് ശേഷം സപ്ന ഗില്ലിനെയും മറ്റ് പ്രതികളെയും മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ബേസ്ബാൾ ബാറ്റും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും കണ്ടെടുക്കണമെന്ന് പറഞ്ഞാണ് പൊലീസ് റിമാൻഡ് നീട്ടാൻ ആവശ്യപ്പെട്ടത്. എന്നാൽ, ഹരജി തള്ളിയ കോടതി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
സപ്നയുടെ സുഹൃത്തായ ശോഭിത് ഠാക്കൂറിനെ ശനിയാഴ്ചയായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. സപ്നയും ഇയാളും ചേർന്നാണ് പൃഥ്വിഷായുടെ കാർ ബേസ് ബാൾ ബാറ്റുകൊണ്ട് അടിച്ചുതകർത്തതെന്നാണ് ആരോപണം. ക്രിക്കറ്റ് താരത്തെ ആക്രമിച്ച കേസിൽ എട്ടു പേർക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച അറസ്റ്റിലായ സപ്ന ഗില്ലിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
ബുധനാഴ്ച രാത്രി മുംബൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയിലെ മാൻഷൻ ക്ലബിലുള്ള സഹാറാ പഞ്ചനക്ഷത്ര ഹോട്ടലിൽ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു പൃഥ്വി ഷാ. ഈ സമയത്താണ് ഇവിടെയെത്തിയ സപ്‌ന ഗില്ലും സുഹൃത്ത് ശോഭിതും സെൽഫി ആവശ്യപ്പെട്ടത്. പൃഥ്വി ഷാ ഒരു ഫോട്ടോയ്ക്ക് നിന്നുകൊടുക്കുകയും ചെയ്തു. എന്നാൽ, ഇതിനുശേഷവും സംഘം വീണ്ടും സെൽഫി ആവശ്യപ്പെട്ടു. ഇതിന് പൃഥ്വി ഷാ കൂട്ടാക്കിയില്ലെന്നാണ് റിപ്പോർട്ട്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ വന്നതാണെന്നും തങ്ങളെ വിടണമെന്നും താരം അപേക്ഷിച്ചതായും പരാതിയിൽ പറയുന്നുണ്ട്.
ഇത് അക്രമികളെ പ്രകോപിപ്പിച്ചു. താരം പരാതി പറഞ്ഞതോടെ ഹോട്ടൽ ജീവനക്കാർ ഇവരെ പുറത്താക്കി. തുടർന്ന് സംഘം പുറത്ത് കാത്തുനിൽക്കുകയായിരുന്നു. പൃഥ്വി ഷാ സഞ്ചരിച്ച സുഹൃത്തിന്റെ ബി.എം.ഡബ്ല്യു കാർ സംഘം തടഞ്ഞുനിർത്തി ആക്രമിച്ചു. ബേസ്‌ബോൾ ബാറ്റ് കൊണ്ട് കാറിന്റെ ചില്ല് തകർക്കുകയും ചെയ്തു. പിന്നീട് പൃഥ്വി ഷായും സപ്‌നയും തമ്മിൽ ഉന്തും തള്ളും കൈയേറ്റവും നടക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.