‘ദൈവമേ, ഇനി എന്തൊക്കെ കാണേണ്ടിവരും...’; ബി.സി.സി.ഐയും കൈവിട്ടതോടെ വൈകാരികമായി പ്രതികരിച്ച് പൃഥ്വി ഷാ
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും പ്രതീക്ഷ നൽകിയ താരങ്ങളിലൊരാളായിരുന്നു പൃഥ്വി ഷാ. രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും അരങ്ങേറ്റത്തിൽ സെഞ്ച്വറി.
2018ല്‍ ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീം നായകനായിരുന്നു. പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിലും സെഞ്ച്വറി നേടി. 2018ലെ ഐ.പി.എൽ താരലേലത്തിൽ 1.2 കോടി രൂപക്കാണ് യുവതാരത്തെ ഡൽഹി കാപിറ്റൽസ് സ്വന്തമാക്കിയത്. ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറിനും വിരാട് കോഹ്ലിക്കും രോഹിത് ശർമക്കുമൊക്കെ പറ്റിയ പിൻഗാമിയായാണ് താരം വാഴ്ത്തപ്പെട്ടത്.
എന്നാൽ, കരിയറിൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്താതെ വന്നതോടെ ടീം ഇന്ത്യയും ഐ.പി.എല്ലിൽ ഡൽഹിയും താരത്തെ കൈവിട്ടു. ഇത്തവണ ഐ.പി.എൽ മെഗാ താരലേലത്തിൽ 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ആരും വാങ്ങിയിരുന്നില്ല. ഇതിനു പിന്നാലെയാണ് വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്നും താരത്തെ ഒഴിവാക്കിയത്. ഇതിനോട് ഏറെ വൈകാരികമായാണ് പൃഥ്വി ഷാ പ്രതികരിച്ചത്. ദൈവമേ ഇനി എന്തൊക്കെ കാണേണ്ടിവരുമെന്ന് ഷാ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അടുത്തിടെ സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടിയ മുംബൈ ടീമിലുണ്ടായിരുന്നെങ്കിലും താരത്തിന് തിളങ്ങാനായിരുന്നില്ല. ഫൈനലിൽ 10 റൺസാണ് താരം നേടിയത്. വിജയ് ഹസാരെ ട്രോഫിയിലും തഴഞ്ഞതോടെ താരത്തിന്‍റെ കരിയർ ചോദ്യചിഹ്നമാവുകയാണ്.
‘ദൈവമേ പറയൂ, ഇനി എന്തൊക്കെ കാണേണ്ടിവരും. 65 ഇന്നിങ്‌സില്‍നിന്ന് 3399 റണ്‍സ്, 55.7 ശരാശരിയും 126 സ്‌ട്രൈക്ക്‌റേറ്റും. ഞാന്‍ അത്ര മികച്ചതല്ലെങ്കിലും നിങ്ങളിലുള്ള വിശ്വാസം തുടരും. ആളുകള്‍ എന്നിലിപ്പോഴും വിശ്വാസമര്‍പ്പിക്കുന്നുണ്ട്. ഞാന്‍ ഉറപ്പായും തിരിച്ചുവരും’ -ഷാ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഡിസംബര്‍ 21നാണ് വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഗ്രൂപ്പ് സിയിലാണ് മുംബൈ. അരുണാചല്‍ പ്രദേശ്, ഹൈദരാബാദ്, കര്‍ണാടക, നാഗാലാന്‍ഡ്, പഞ്ചാബ്, പുതുച്ചേരി, സൗരാഷ്ട്ര എന്നിവരാണ് ഗ്രൂപ്പിലെ മറ്റുടീമുകള്‍. ഐ.പി.എല്ലിൽനിന്ന് ലഭിച്ച കോടികളും അലസതയും അച്ചടക്കമില്ലായ്മയും മടിയുമാണ് ഷായുടെ കരിയറിനെ ഇല്ലാതാക്കിയതെന്നാണ് വിമർശകരുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.