‘ആന്‍റണീ, ആ കുട്ടി അഞ്ചാറ് ഹെലികോപ്റ്ററൊക്കെ പറയുന്നുണ്ട്’; എമ്പുരാൻ ഷൂട്ടിങ്ങിൽ മോഹൻലാൽ പറഞ്ഞതിങ്ങനെയെന്ന് പൃഥ്വിരാജ്
text_fieldsമലയാളത്തിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാകും പൃഥ്വിരാജിന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ‘എമ്പുരാൻ’. 100 കോടി ചിത്രമായ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ആന്‍റണി പെരുമ്പാവൂരാണ്. തന്‍റെ കാഴ്ചപ്പാടിനൊത്ത് നിൽക്കുന്ന നിർമാതാവായിരുന്നു ആന്‍റണി പെരുമ്പാവൂരെന്ന് പറയുകയാണ് സംവിധായകൻ പൃഥ്വിരാജ്. ആന്‍റണി പെരുമ്പാവൂരിന് സിനിമിയുടെ കാര്യത്തിൽ വട്ടാണെന്നും എല്ലാത്തിനും ഒപ്പം നിന്നെന്നും പൃഥ്വിരാജ് പറഞ്ഞു. ഇതിന് പിന്നാലെ മോഹൻലാൽ പറഞ്ഞ കാര്യവും താരം തമാശരൂപേണ പറയുന്നുണ്ട്.
'വലിയ സ്വപ്‌നങ്ങൾ കാണുന്നവർ കുറച്ച് വട്ടുള്ള ആൾക്കാരാണെന്ന് തോന്നും. എന്റെയത്ര വട്ടുള്ള ആളുകൾ ആരുമില്ലെന്ന് ഞാൻ കുറച്ച് ആത്മവിശ്വാസത്തോടെ പറയുമായിരുന്നു. ശരിക്കും എന്നേക്കാൾ വട്ടുള്ള ഒരാളുണ്ട്, ആന്റണി പെരുമ്പാവൂർ. സിനിമയുടെ ആശയം പറയുന്നത് മുതൽ ഇത് ഏറ്റവും കൂടുതൽ മനസിലാവുന്ന ആൾ ആന്റണി പെരുമ്പാവൂർ ആയിരുന്നു. ദുബൈയിലെ ആശിർവാദിന്റെ ഓഫിസിൽ വച്ചാണ് ആന്റണിയേയും ലാലേട്ടനേയും ആദ്യമായി എമ്പുരാൻ സ്‌ക്രിപ്റ്റ് വായിച്ചുകേൾപ്പിക്കുന്നത്.
പിന്നീട് പ്രൊഡക്ഷൻ ആരംഭിച്ചത് മുതൽ ഓരോ കാര്യത്തിനും ആന്‍റണി ചേട്ടനെ സമീപിച്ചാലും പുള്ളി എല്ലാ പിന്തുണയുമായി നിൽക്കും. ഒരുവട്ടം ലാലേട്ടൻ പറഞ്ഞത് 'ആന്റണീ, ആ കുട്ടി അഞ്ചാറ് ഹെലികോപ്റ്റർ ഒക്കെ പറയുന്നുണ്ട് എന്നായിരുന്നു'. അന്നത്തെ നരേഷനിൽ മൂപ്പർക്ക് മനസ്സിലായതാണ് ഈ സിനിമ. അണ്ണാ ഇതെങ്ങോട്ടാണ് ഈ പോക്ക് എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കും. എന്റെ സിനിമ മനസിലാക്കി കൂടെ നിൽക്കുന്ന നിർമാതാവ് ഉണ്ടെന്നതാണ് ഏറ്റവും വലിയ ശക്തി. എന്നെ സഹിച്ചതിന് നന്ദി. ഈ പടം കഴിഞ്ഞിട്ട് അടുത്തൊരു വലിയ സിനിമ ചെയ്യണം,' പൃഥ്വിരാജ് പറഞ്ഞു.
മാർച്ച് 27നാണ് എമ്പുരാൻ റിലീസ് ചെയ്യുക. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.